Connect with us

Gulf

ലിബിയയിലെ കൂട്ടക്കൊല; ദായിഷിനെതിരെ വന്‍ സൈനിക നീക്കം

Published

|

Last Updated

ഇസ്‌ലാമിക് സ്റ്റേറ്റ് (ദായിഷ്) ഭീകരവാദികള്‍ ലിബിയയില്‍ 21 ഈജിപ്ഷ്യന്‍ ക്രിസ്ത്യാനികളെ വധിച്ചത് മധ്യപൗരസ്ത്യ ദേശത്ത് പ്രതിഷേധക്കൊടുങ്കാറ്റ് ഉയര്‍ത്തിയിരിക്കുന്നു. ദായിഷിന്റെ ക്രൂരതകള്‍ക്ക് അന്ത്യം വേണമെന്ന് മധ്യപൗരസ്ത്യദേശം ഒന്നടങ്കം ആവശ്യപ്പെടുകയാണ്. ദായിഷിനെതിരെ വന്‍ സൈനിക നീക്കത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ ഒരുങ്ങുകയാണ്. ഏറ്റവും ക്രൂരമായതാണ് സംഭവിച്ചതെന്ന് യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ കുറ്റപ്പെടുത്തി.

ഈജിപ്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ കഴുത്തറുത്ത് കൊലപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് ദായിഷ് പുറത്തുവിട്ടത്. ഡിസംബര്‍ അവസാനവും ജനുവരി ആദ്യവുമായി ലിബിയയിലെ സിര്‍ത്തില്‍ നിന്ന് ബന്ദിയാക്കപ്പെട്ടവരാണ് ദായിഷ് ക്രൂരതക്ക് ഇരയായത്. ലിബിയയില്‍ കേണല്‍ മുഅമ്മര്‍ ഗദ്ദാഫിക്കെതിരെ കലാപം നടന്ന സ്ഥലമാണ് സിര്‍ത്ത്.
ബന്ദിയാക്കപ്പെട്ടവരെ കടല്‍തീരത്തുകൂടി നടത്തിക്കൊണ്ടു പോകുന്നതും മുട്ടുകുത്തിയിരിക്കാന്‍ ആജ്ഞാപിക്കുന്നതും ഓരോരുത്തരെയും കഴുത്തറുക്കുന്നതും വീഡിയോയില്‍ കാണാം. കടല്‍ തിരയില്‍ രക്തം കലരുന്നതും വീഡിയോയിലുണ്ട്.
ഈജിപ്തില്‍ ഭരണാധികാരി അബ്ദുല്‍ ഫത്താഹ് അല്‍ സിസിയെ അനുകൂലിക്കുന്ന വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യന്‍ ന്യൂനപക്ഷക്കാരെയാണ് വധിച്ചിരിക്കുന്നത്. ഈജിപ്തുകാര്‍ മുഴുവന്‍ രക്തസാക്ഷികളായതായി കണക്കാക്കുന്നുവെന്നും ദായിഷ് ഭീകരവാദികളെ ഇന്‍മൂലനം ചെയ്യുമെന്നും ഈജിപ്തിലെ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
തൊട്ടുപിന്നാലെ ദായിഷ് ശക്തികേന്ദ്രങ്ങളില്‍ ഈജിപ്ത് വ്യോമാക്രമണം തുടങ്ങി. ലിബിയയുടെ കിഴക്കന്‍ പ്രദേശമായ ഡര്‍നയിലും വ്യോമാക്രമണം നടന്നു. ഈജിപ്തിനൊപ്പം ബഹ്‌റൈനും യു എ ഇയും ചേരുകയാണ്. ഇന്നലെ ജോര്‍ദാനിലെ സൈനിക താവളത്തില്‍ നിന്ന് പുറപ്പെട്ട യു എ ഇ എഫ് 16 വിമാനങ്ങള്‍ ദായിഷിന്റെ എണ്ണക്കിണറുകള്‍ ആക്രമിച്ചു. ഫെബ്രു 10,12 തിയതികളിലും വ്യോമാക്രമണം നടത്തിയിരുന്നു.
ഇറാഖ്, സിറിയ, ലിബിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ ദായിഷ് കേന്ദ്രങ്ങള്‍ക്കുനേരെ വ്യോമാക്രമണം ശക്തിപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ നാവിക സേനയുടെ അഞ്ചാം പടക്കപ്പലുള്ള രാജ്യമാണ് ബഹ്‌റൈന്‍.
അമേരിക്ക കുവൈത്തിലേക്ക് വന്‍തോതില്‍ പട്ടാളത്തെ ഇറക്കുകയും ചെയ്യുന്നു. കരയുദ്ധത്തിനുള്ള നീക്കമാണ് അമേരിക്ക നടത്തുന്നത്. ഏതാണ്ട് 5,000 ഓളം പട്ടാളക്കാര്‍ ദിവസങ്ങള്‍ക്കകം കുവൈത്തിലെത്തും.
യു എ ഇയുടെ എഫ് 16 വിമാനങ്ങള്‍ ഏതാനും ദിവസങ്ങളായി സിറിയയിലെയും ഇറാഖിലെയും ദായിഷ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നു. ജോര്‍ദാന്‍ പൈലറ്റ് സിറിയയില്‍ വധിക്കപ്പെട്ട ശേഷം വിവിധ രാജ്യങ്ങള്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. ദായിഷ് കേന്ദ്രങ്ങളില്‍ ജോര്‍ദാന്‍ നിരന്തരം മിസൈലുകള്‍ അയച്ചു. വരും ദിവസങ്ങളില്‍ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ട്. എല്ലായിടത്തും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.
ലിബിയയിലെ പല നഗരങ്ങളും ദായിഷിന്റെ നിയന്ത്രണത്തിലാണ്. കിഴക്കന്‍ നഗരമായ ഡര്‍നയില്‍ ഈയിടെ ലിബിയന്‍ സേന വ്യോമാക്രമണം നടത്തിയിരുന്നു. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ ഒരു ആഡംബര ഹോട്ടലിനുനേരെ ആക്രമണം നടത്തിയാണ് ദായിഷ് ഈ വര്‍ഷം ക്രൂരതക്ക് തുടക്കം കുറിച്ചത്. അഞ്ചു വിദേശികളടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ഇവിടെ നിന്ന് ചിലരെ ബന്ദികളാക്കികൊണ്ടുപോയി. വിദേശ നയതന്ത്ര പ്രതിനിധികള്‍ എത്താറുള്ള കോറിന്ത്യ ഹോട്ടലിനു നേരെയായിരുന്നു ആക്രമണം. ഹോട്ടലിന്റെ 24-ാം നിലയില്‍ ഖത്തര്‍ ഉദ്യോഗസ്ഥരാണ് താമസിക്കാറുണ്ടായിരുന്നത്. ലിബിയയിലെ സ്വയം പ്രഖ്യാപിത ഭരണകൂടത്തിന്റെ തലവന്‍ ഉമര്‍ അല്‍ ഹസി ഹോട്ടലില്‍ ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു.
ദായിഷിന്റെ കൂടെ ഫജര്‍ ലിബിയ ഭീകരവാദികളും ചേര്‍ന്നതായാണ് വിവരം. ഇവര്‍ സംയുക്തമായി ലിബിയയിലും ഈജിപ്തിലും വ്യാപകമായി ആക്രമണത്തിന് പദ്ധതിതയ്യാറാക്കിയിട്ടുണ്ടത്രെ.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്