Connect with us

Gulf

തെര്‍മോകോള്‍ പാത്ര ഉപയോഗത്തിന് വിലക്കില്ലെന്ന് ദുബൈ നഗരസഭ

Published

|

Last Updated

ദുബൈ: ചൂടുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിക്കാന്‍ തെര്‍മോകോള്‍ നിര്‍മിത പാത്രങ്ങളും കപ്പുകളും ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഒരു റിപ്പോര്‍ട്ടും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്ന് ദുബൈ നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.
തെര്‍മോകോള്‍ നിര്‍മിത പാത്രങ്ങളില്‍ ചൂടുള്ള ഭക്ഷണ പദാര്‍ഥങ്ങളും പാനീയങ്ങളും വിളമ്പുന്നത് കാന്‍സറുണ്ടാക്കുന്നതിന് ഇടവരുത്തുന്നതാണെന്നും അതിനാല്‍ അത്തരം പാത്രങ്ങള്‍ അധികൃതര്‍ രാജ്യത്ത് നിരോധിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലും ചില പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരമൊരറിയിപ്പ് ദുബൈ നഗരസഭക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് നഗരസഭയുടെ ഔദ്യോഗിക വക്താവ് ഖാലിദ് അലി ബിന്‍ സായിദ് വ്യക്തമാക്കി.
ദുബൈയിലെ മാത്രമല്ല, രാജ്യത്തെ മൊത്തം ജനങ്ങളുടെ ആരോഗ്യത്തിന് ദുബൈ നഗരസഭ അങ്ങേയറ്റം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകളും പഠനങ്ങളും നഗരസഭ നിരന്തരം പിന്തുടരുന്നുണ്ട്. നിലവിലുള്ള അന്താരാഷ്ട്ര ആരോഗ്യ നിര്‍ദേശങ്ങളനുസരിച്ച് തെര്‍മോകോള്‍ നിര്‍മിത പാത്രങ്ങള്‍ സുരക്ഷിതമാണ്. ഇവ ആരോഗ്യത്തിന് അപകടകരമെന്ന് അന്താരാഷ്ട്ര തലത്തിലോ ഗള്‍ഫ് തലത്തിലോ പഠനങ്ങള്‍ വെളിപ്പെടുന്ന പക്ഷം നഗരസഭ നിയമാനുസൃതം അവ നിരോധിക്കുകയും ചെയ്യും, ഖാലിദ് അലി വ്യക്തമാക്കി.