Connect with us

Gulf

ഖസര്‍ അല്‍ ഹുസ്ന്‍ മേളയില്‍ ജനത്തിരക്കേറുന്നു

Published

|

Last Updated

അബുദാബി: അബുദാബിയുടെ പൗരാണിക കഥപറയുന്ന ഖസര്‍ അല്‍ ഹുസ്ന്‍ പൈതൃകോത്സവത്തിന് ജനത്തിരക്കേറുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇമാറാത്തിന്റെ പൈതൃകമാണ് ഖസര്‍ അല്‍ ഹുസ്ന്‍ മേളയില്‍ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നത്.

അബുദാബി ഇലക്ട്ര റോഡില്‍ ഖാലിദിയ നഗരിയിലേക്ക് ദിവസവും ആയിരങ്ങളാണ് സന്ദര്‍ശനത്തിനായി എത്തുന്നത്. മരുപ്പച്ച മരുഭൂമി കടല്‍ എന്നിങ്ങനെ മൂന്നായി തരം തിരിച്ചാണ് പൂര്‍വികരുടെ ജീവിത രീതിയെ പരിചയപ്പെടുത്തുന്നത്. വെല്ലുവിളികള്‍ നിറഞ്ഞ ജീവിതമായിരുന്നു മുന്‍തലമുറയുടേത്. പൂര്‍വ പിതാമഹന്മാര്‍ നേരിട്ട വെല്ലുവിളികളും അവരുടെ കഠിനാധ്വാനങ്ങളും മേളയില്‍ തനത് ഭംഗിയോടെ ചിത്രീകരിച്ചിരിക്കുന്നു. മുന്‍കാലത്തെ മത്സ്യബന്ധന രീതി പരിചയപ്പെടുത്തുന്നതിന് പായക്കപ്പലുകളും മത്സ്യബന്ധന സാമഗ്രികളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. മത്സ്യബന്ധന കൊട്ടകളും വലകളും കോരികളും ഉത്സവ നഗരിയില്‍ തയ്യാറാക്കുന്നുണ്ട്. പായക്കപ്പലുകളും നഗരിയില്‍ വെച്ച് നിര്‍മിക്കുന്നുണ്ട്.
അറബികളുടെ എണ്ണക്ക് മുമ്പുള്ള പ്രധാന വരുമാനമാര്‍ഗമായ മുത്തുകളെ ചിപ്പിയില്‍ നിന്ന് വേര്‍തിരിച്ച് മുക്കുവന്മാര്‍ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നു.
മണല്‍ക്കാറ്റിന്റെ ഹുങ്കരമായ മരുഭൂമിയെ പരിചയപ്പെടുത്തുന്നതിന് കൃത്രിമമായി മരുഭൂമിയും ഒരുക്കിയിട്ടുണ്ട്. ഈന്തപ്പനകളില്‍ കയറുന്നവര്‍ക്ക് അതിന്റെ അവസരവും ഒരുക്കിയിട്ടുണ്ട്.
മൃഗത്തോല്‍കൊണ്ട് നിര്‍മിച്ച ജലസംഭരണികളും മരുപച്ചകളിലെ ജലസേചന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പഴയ തലമുറയുടെ ജീവിത രീതി അതേപോലെ വരച്ച് കാട്ടുകയാണ് പൈതൃകോത്സവം.
മരുഭൂമി ജീവിതത്തിന്റെ അഭിവാജ്യഘടകങ്ങളായ ഫാല്‍ക്കണുകളും സലുക്കി വേട്ടനായ്ക്കളും ഇവിടെയുണ്ട്. 1957ലെ അബുദാബി പോലീസ് സേനയാണ് മറ്റൊരു ആകര്‍ഷണം. കൂടാതെ പഴയകാല സ്‌കൂളുകള്‍ ഈത്തപ്പന ചീളുകള്‍ കൊണ്ട് നിര്‍മിച്ചിട്ടുണ്ട്.
ഈന്തപ്പനയോലകള്‍ കൊണ്ട് നിര്‍മിച്ച പായകളും തൊപ്പികളും കരകൗശല ഉല്‍പന്നങ്ങള്‍ക്കും പ്രത്യേകം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. വിവിധ തരം ഈന്തപ്പഴങ്ങളും അറബികളുടെ തനത് പാനീയമായ ഖഅ്‌വയും ഇവിടെ സൗജന്യമായി സന്ദര്‍ശകര്‍ക്ക് നല്‍കുന്നുണ്ട്. ഇമാറാത്തിന്റെ തനത് പാരമ്പര്യ ഭക്ഷണങ്ങള്‍ ഒരുക്കുന്നതിന് ഒരു പ്രത്യേക മേഖലതന്നെ ഒരുക്കിയിട്ടുണ്ട്. യു എ ഇയുടെ ചരിത്രം വിവരിക്കുന്ന ലൈറ്റ് ആന്‍ഡ് ഷോകളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.
അബുദാബിയുടെ ചരിത്രം വിവരിക്കുന്ന കോട്ടയുടെ ഇതുവരെ തുറക്കാത്ത ഭാഗങ്ങളും ഈ വര്‍ഷം പൊതുജനങ്ങള്‍ക്കായി തുറന്നിട്ടുണ്ട്. ഫാല്‍ക്കണുകളെ പരിപാലിക്കുന്നതിന് ഫാല്‍ക്കണ്‍ ഹോസ്പിറ്റലുകളും സന്ദര്‍ശകര്‍ക്കായി തുറന്നിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ ഖസര്‍ അല്‍ ഹുസ്ന്‍ പോലീസ് സ്റ്റേഷനിലെ പോലീസിന്റെ മാര്‍ച്ച് പാസ്റ്റും അറബികളുടെ തനത് കലാരൂപമായ അയ്‌ലയും സന്ദര്‍ശകര്‍ക്ക് വേണ്ടി തയ്യാറാക്കിയിട്ടുണ്ട്. മണ്‍മറഞ്ഞ കാലത്തിന്റെ ഏടുകളെ മനോഹരമായി സംവിധാനിച്ചിരിക്കുന്ന പ്രദര്‍ശന നഗരിയിലേക്കുള്ള പ്രവേശനത്തിന് പത്ത് ദിര്‍ഹമാണ് ഫീസ്. ആറുവയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പ്രവേശന ഫീസ് ആവശ്യമില്ല. വൈകുന്നേരം നാല് മുതല്‍ രാത്രി 11 വരെയാണ് പ്രവേശനം. സന്ദര്‍ശകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍ വിവിധ സര്‍വകലാശാലകളിലെ 250 വിദ്യാര്‍ഥികളെയും ഒരുക്കിയിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest