Connect with us

Gulf

ചൊവ്വാ യാത്രക്ക് യു എ ഇയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഇന്ത്യക്കാരിയും

Published

|

Last Updated

ദുബൈ: ചൊവ്വയിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള പദ്ധതിയിലേക്ക് യു എ യില്‍ നിന്നു ഇന്ത്യക്കാരി ഉള്‍പെടെ രണ്ടു പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. യു എ യില്‍ നിന്നു അപേക്ഷിച്ച രണ്ടു ലക്ഷം പേരില്‍ നിന്നാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. റികിത സിംഗ് എന്ന ഇന്ത്യക്കാരിയും മികൊലാജ് സെയിലിന്‍സ്‌കി എന്ന പോളണ്ടുകാരനുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. 10 വര്‍ഷം നീളുന്ന പദ്ധതിയിലേക്ക് അവസാന റൗണ്ടില്‍ എത്തിയ 100 പേരില്‍ നിന്നാണ് ഇവര്‍ ഈ നേട്ടത്തിന് ഉടമകളായത്. ചൊവ്വയിലേക്ക് പറക്കാനായി തിരഞ്ഞെടുക്കപ്പെട്ടത് അല്‍ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് റികിത(29) പ്രതികരിച്ചു. രാവിലെ തിരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുകള്‍ വരുമെന്നതിനാല്‍ തലേന്ന് രാത്രി ഒരു പോള കണ്ണടക്കാന്‍ സാധിച്ചില്ല. ആദ്യ റൗണ്ടില്‍ എന്തിനാണ് ചൊവ്വയില്‍ പോകാന്‍ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു മിനുട്ട് നീളുന്ന വീഡിയോ പരിപാടിയും തിരഞ്ഞെടുപ്പിന്റെ ഭാഗമായിരുന്നു.

ആയിരക്കണക്കിന് ആളുകളെയാണ് പദ്ധതിയുടെ ഭാഗമായി വൈദ്യപരിശോധനക്ക് വിധേയമാക്കിയത്. ഒടുവില്‍ 650 പേരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കി. ഇതില്‍ ഉള്‍പെട്ടവരെ 15 മിനുട്ട് വീതമുള്ള അഭിമുഖം നടത്തി. ചൊവ്വയുടെയും ദൗത്യത്തിന് നേതൃത്വം നല്‍കുന്ന മാര്‍സ് വണ്‍ ഓര്‍ഗനൈസേഷന്റെയും ചരിത്രവുമായി ബന്ധപ്പെട്ട സാങ്കേതികമായ മൂന്നു ചോദ്യങ്ങളായിരുന്നു അഭിമുഖത്തിന്റെ കാതല്‍. പൊതുവായുള്ള ചോദ്യങ്ങളില്‍ എന്തിനായാണ് ചൊവ്വയില്‍ പോകുന്നതെന്നതായിരുന്നു പ്രധാനമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ മാസം 24നായിരുന്നു ചൊവ്വാ ദൗത്യത്തിനുള്ള അഭിമുഖം നടന്നത്. അന്നു മുതല്‍ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ഫലത്തിനായി. ചൊവ്വയിലേക്ക് പോകാനുള്ള എന്റെ തീരുമാനം വീട്ടുകാരെ അങ്കലാപ്പിലാക്കിയിരിക്കയാണ്. അവരെ സമാധാനിപ്പിക്കാന്‍ ഞാന്‍ ഇന്ത്യയിലേക്ക് പോയിരുന്നു. എന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് ഇതെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്ക് അത് ബോധ്യപ്പെട്ടെന്നാണ് തോന്നുന്നത്. 10 വര്‍ഷം നീളുന്നതാണ് യാത്ര. ഏറെ വെല്ലുവിളികള്‍ കാത്തിരിക്കുന്നുണ്ടെങ്കിലും വെല്ലുവിളികള്‍ ഏറ്റെടുക്കുകയെന്നതിനെ താന്‍ അതിനായി സ്‌നേഹിക്കുന്നതായും റികിത പറഞ്ഞു.
660 പേരില്‍ നിന്നു തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് സെയിലിനിസ്‌കി പ്രതികരിച്ചു. വലിയ അല്‍ഭുതമാണ് തിരഞ്ഞെടുക്കപ്പെട്ടപ്പോഴുണ്ടായത്. അടുത്ത റൗണ്ടില്‍ കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. താനുള്‍പെടെ 100 പേരെയാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി തിരഞ്ഞെടുത്തിരിക്കുന്നതെന്നും സെയിലിനിസ്‌കി വെളിപ്പെടുത്തി.

Latest