Connect with us

International

യു എസില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ അതിക്രമം

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയിലെ സിയാറ്റിലില്‍ മെട്രോപൊളിറ്റന്‍ പ്രദേശത്തുള്ള ഹിന്ദു ക്ഷേത്രത്തിനു നേരെ അതിക്രമം. ശിവരാത്രി ആഘോഷത്തിന് തൊട്ടുമുമ്പായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. അജ്ഞാതര്‍ ക്ഷേത്രത്തിലെ ചുമരിലുണ്ടായിരുന്ന പെയിന്റിംഗുകള്‍ മായ്ച ശേഷം ഇവിടെ നിന്ന് പുറത്തുപോകുക എന്ന് സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് എഴുതിവെക്കുകയും ചെയ്തു. ചുവരില്‍ സ്വസ്തിക ചിഹ്നവും വരച്ചുവെച്ചിട്ടുണ്ട്.
വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ഇപ്പോള്‍ ആക്രമിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യാ സന്ദര്‍ശനത്തിനിടെ, ഇന്ത്യയില്‍ മതസഹിഷ്ണുത കുറഞ്ഞുവരികയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പുതിയ ബി ജെ പി സര്‍ക്കാറിനെ ഓര്‍മപ്പെടുത്തിയിരുന്നു. മതസൗഹാര്‍ദമുള്ള സമൂഹമാണ് ഇന്ത്യയുടെ വിജയം. എന്നാല്‍ അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ മഹാത്മാഗാന്ധിയെപ്പോലും നടുക്കുന്നതാണെന്നായിരുന്നു ഒബാമയുടെ അഭിപ്രായപ്രകടനം. ക്ഷേത്രത്തിനെതിരെ നടന്ന സംഭവം ഒബാമക്കെതിരെയും വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചു. പക്ഷേ, ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നത് സംബന്ധിച്ച തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
അടുത്തകാലത്തായി അമേരിക്കയില്‍ ഹിന്ദുവിരുദ്ധ മനോഭാവം വര്‍ധിച്ചുവരികയാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ആഗസ്റ്റില്‍, ജോര്‍ജിയയിലെ വിശ്വഭവന്‍ ഹിന്ദു മന്ദിറിനെതിരെയും ആക്രമണം നടന്നിരുന്നു. ഇവിടേക്കുള്ള ഫോണ്‍ വയറുകള്‍ മുറിച്ചുകളഞ്ഞ്, ക്ഷേത്രത്തിന് പുറത്ത് മോശം സന്ദേശം എഴുതിവെക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. വെര്‍ജിനിയയില്‍ കഴിഞ്ഞ ജൂലൈ- ഒക്‌ടോബര്‍ മാസങ്ങള്‍ക്കിടയില്‍ 17 തവണ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ അരങ്ങേറി.