Connect with us

Wayanad

കടുവ ആക്രമണം: ജനതാദള്‍ (എസ്) ഡി എഫ് ഒ ഓഫീസ് മാര്‍ച്ച് നടത്തി

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: ഒരാഴ്ചക്കിടെ വയനാട് വന്യജീവി സങ്കേതാതിര്‍ത്തിയില്‍ രണ്ട് പേരെ കടുവ കൊന്ന് തിന്നുകയും ഒരാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും വന്യജീവി സ്‌നേഹത്തിന്റെ പേരില്‍ മനുഷ്യനെ അവഗണിക്കുന്ന സമീപനം ബന്ധപ്പെട്ട അധികാരികള്‍ അവസാനിപ്പിക്കണമെന്നും ജനതാദള്‍ (എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ജോയി പറഞ്ഞു.
കുരങ്ങ് പനിയും ചെള്ള് പനിയും പടര്‍ന്ന് പിടിച്ചിട്ടും ട്രൈബല്‍ വകുപ്പും, വനംവകുപ്പും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ കോളനികള്‍ കയറിനിരങ്ങിയിട്ടും ആദിവാസികളുടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. ഒരു കടുവക്ക് പ്രതിവര്‍ഷം 4 കോടി രൂപ കടുവാ സംരക്ഷണത്തിന്റെ പേരില്‍ വിദേശ ഫണ്ട് വാങ്ങിക്കുന്ന അധികാരികള്‍ കടുവാക്രമണത്തില്‍ കൊല്ലപ്പെടുന്ന മനുഷ്യന് വെറും മൂന്ന് ലക്ഷം രൂപ മാത്രമാണ് കണക്കാക്കിയിരിക്കുന്നത്.
ഈ അനീതി അവസാനിപ്പിക്കണമെന്നും വനാതിര്‍ത്തിയില്‍ താമസിക്കുന്ന സാധാരണക്കാരുടെ ആവശ്യങ്ങളോട് നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ ട്രൈബല്‍ വകുപ്പ്, വനംവകുപ്പ് ഓഫീസുകളിലേക്ക് മിന്നല്‍ സമരം നടത്തുമെന്നും ജനതാദള്‍ (എസ്) ബത്തേരി വനം വന്യജീവി വകുപ്പ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കാടും നാടും വേര്‍തിരിച്ച് മതില്‍കെട്ട് നിര്‍മ്മിക്കുക, കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ ഉടനടി നഷ്ടപരിഹാരം നല്‍കുക, വന്യജീവ ജന്യരോഗങ്ങള്‍ ബാധിച്ച് മരണപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം 10 ലക്ഷമായി ഉയര്‍ത്തുക, രോഗം ബാധിച്ചവര്‍ക്ക് 50000 രൂപ വീതം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ജില്ലാ പ്രസിഡന്റ് എന്‍ കെ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
പി കെ കേശവന്‍, സാജു ഐക്കരക്കുന്നത്ത്, വി എം വര്‍ഗീസ്, എന്‍.യു. ഇമ്മാനുവേല്‍, ബെന്നി കുറുമ്പാലക്കാട്ട്, പി.വി. ഉണ്ണി, അന്നമ്മ പൗലോസ്, ടി.ആര്‍. മൊയ്തു, എ.ജെ. കുര്യന്‍, പി.ടി.സന്തോഷ്, ലെനിന്‍ സ്റ്റീഫന്‍, വി ആര്‍ ശിവരാമന്‍, സ്വപ്‌ന ആന്റണി, പി അബ്ദുല്‍ഗഫൂര്‍, ജോസഫ് മാത്യു, സി.പി. റഹീസ്, സൈമണ്‍ പൗലോസ്, സി.അയ്യപ്പന്‍, ഉനൈസ് കല്ലൂര്‍, സതീഷ് മണിച്ചിറ, കെ.എ. അശോകന്‍, കെ പി വാസു എന്നിര്‍ പ്രസംഗിച്ചു.

Latest