Connect with us

Wayanad

നരഭോജിയായ കടുവക്കായി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തി

Published

|

Last Updated

ഗൂഡല്ലൂര്‍: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ നരഭോജിയായ കടുവക്കായുള്ള തിരച്ചില്‍ ഊര്‍ജിതപ്പെടുത്തി. ഇന്നലെ രാവിലെ പാട്ടവയലിനടുത്ത ബെണ്ണ വനത്തില്‍ കടുവയെ കണ്ടതായി പറയപ്പെടുന്നുണ്ട്. നരഭോജിയായ കടുവയുടെ കഴുത്തിന് താഴെ മുറിവുള്ളതായി പറയപ്പെടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയിലാണ് തിരച്ചില്‍ നടത്തുന്നത്. കടുവയുടെ കാല്‍പാദങ്ങളും പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. കടുവയുടെ സാന്നിധ്യം മനസിലാക്കാന്‍ വനത്തില്‍ പലഭാഗങ്ങളിലായി പതിനഞ്ച് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇരുനൂറിപ്പരം വനംവകുപ്പ് ജീവനക്കാരും, എസ് ടി എഫുമാണ് തിരച്ചില്‍ നടത്തുന്നത്. പലസംഘങ്ങളായാണ് തിരച്ചില്‍ നടത്തുന്നത്. നാല് കൂടുകളും വനത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. നരഭോജി കടുവയെ കണ്ടത്തിയാല്‍ വെടിവെച്ച് കൊല്ലാനാണ് തമിഴ്‌നാട് വനംവകുപ്പിന്റെ തീരുമാനം. ബിദര്‍ക്കാട്, പാട്ടവയല്‍ എന്നിവിടങ്ങളില്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തമ്പടിച്ചാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. ജില്ലാ കലക്ടര്‍ പി ശങ്കര്‍, തമിഴ്‌നാട് ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ അന്‍വറുദ്ധീന്‍, ഡി ആര്‍ ഒ ഭാസ്‌കരപാണ്ഡ്യന്‍, മുതുമല കടുവാസംരക്ഷണ കേന്ദ്രം ഫീല്‍ഡ് ഡയറക്ടര്‍ രഘുറാംസിംഗ്, ഡപ്യുട്ടി ഡയറക്ടര്‍ ചന്ദ്രന്‍, ആര്‍ ഡി ഒ വിജൈബാബു, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ തഹസില്‍ദാര്‍മാരായ രാമചന്ദ്രന്‍, ഹാരി, ഗൂഡല്ലൂര്‍ ഡി എഫ് ഒ തേജസ് വി, ഊട്ടി സൗത്ത് ഡി എഫ് ഒ ഭദ്രസ്വാമി, സത്യമംഗലം ഡി എഫ് ഒ രാജ്കുമാര്‍, ഹാസനൂര്‍ ഡി എഫ് ഒ പത്മ, ഈറോഡ് ഡി എഫ് ഒ നാഗരാജ് തുടങ്ങിയവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിദര്‍ക്കാട് നഗരത്തില്‍ പോലീസ് വന്‍സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡി വൈ എസ് പിമാരായ ജി ഗോപി, എസ് എം സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കടുവ താവളം മാറ്റി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. ഐ ജി ശങ്കര്‍, ഡി ഐ ജി മണിദിവാരി എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. കടുവാ ഭീതിനിലനില്‍ക്കുന്നതിനാല്‍ ബിദര്‍ക്കാട്, പാട്ടവയല്‍, ബെണ്ണ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ അവധി നല്‍കിയിരിക്കുകയാണ്. പ്രാദേശിക തലത്തില്‍ രണ്ട് ദിവസത്തേക്ക് മദ്‌റസക്കും അവധി നല്‍കിയിട്ടുണ്ട്. കൈവെട്ട ഓടോടംവയല്‍ സ്വദേശി മഹാലക്ഷ്മിയാണ് കടുവയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നത്. കൂടാതെ കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ ബിദര്‍ക്കാട് ചെറുകുന്ന് സ്വദേശി രാജന്റെ മകന്‍ രതീഷ് ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Latest