Connect with us

Malappuram

ശാരീരിക വൈകല്ല്യം നേരിടുന്നവര്‍ക്കായി സാന്ത്വന ഭവന്‍

Published

|

Last Updated

മലപ്പുറം: ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി സാന്ത്വനഭവന്‍ ഒരുങ്ങുന്നു. കൊണ്ടോട്ടി പൊന്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷബ്‌നാസ് ചാരിറ്റബിള്‍ ആന്റ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് കെട്ടിടം നിര്‍മിക്കുന്നത്. ശിലാസ്ഥാപനം ഈ മാസം 19ന് വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.
ഫണ്ട് ഉദ്ഘാടനം മന്ത്രി ആര്യാടന്‍മുഹമ്മദ് നിര്‍വഹിക്കും. കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ അധ്യക്ഷത വഹിക്കും.
60 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ പ്രത്യേക സൗകര്യങ്ങളോടെയുള്ള താമസ സൗകര്യം, തൊഴില്‍ പരിശീലന യൂണിറ്റുകള്‍, കമ്പ്യൂട്ടര്‍ സെന്റര്‍ ലൈബ്രററി, സമ്മേളനഹാള്‍ ഫിസിയോ തെറാപ്പി, കൗണ്‍സിലിംഗ് സെന്ററുകളും പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങളുമാണ് ലക്ഷ്യമിടുന്നത്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ള 110 ഓളം അംഗങ്ങളാണ് ട്രസ്റ്റിലുള്ളത്. വൈകല്യത്തെ അതിജീവിച്ച് സാഹിത്യരചനകളിലൂടെ ശ്രദ്ധേയയായ ശബ്‌ന പൊന്നാടാണ് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍.
വാര്‍ത്താ സമ്മേളനത്തില്‍ ശബ്‌ന, സ്വാഗതസംഘം കണ്‍വീനര്‍ സമദ് പൊന്നാട്, ട്രസ്റ്റ് അംഗങ്ങളായ മുഹമ്മദലി മുണ്ടക്കുളം, സുഹൈദ് പോത്തുട്ടിപ്പാറ, കുഞ്ഞുട്ടി പൊന്നാട് എന്നിവര്‍ പങ്കെടുത്തു.