Connect with us

Malappuram

ഇരുട്ടിലമര്‍ന്ന് കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ്; കണ്ണടച്ച് നഗരസഭ

Published

|

Last Updated

കോട്ടക്കല്‍: മലാബാര്‍ കലാപ സ്മാരകവും ബസ്സ്റ്റാന്‍ഡും ഇരുട്ടില്‍. പകലണഞ്ഞാല്‍ കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡിന്റെയും സ്മാരക കവാടത്തിന്റെയും അവസ്ഥയാണിത്.
മുനിസിപ്പാലിറ്റിയുടെ ഉടമയിലുള്ളതാണ് ഇവ രണ്ടും. കാലങ്ങളായി തുടരുന്ന ഈ അവസ്ഥ മാറ്റാന്‍ നഗരസഭ മനസ്സുവെക്കാതിരിക്കുന്നതാണ് ഇതിന് കാരണം. ജില്ലയില്‍ തന്നെ ഏറെസ്ഥല സൗകര്യമുള്ളതാണ് കോട്ടക്കല്‍ ബസ്‌സ്റ്റാന്‍ഡ്. ദിനം പ്രതി നൂറുകണക്കിന് സ്വകാര്യ വാഹനങ്ങള്‍ ഇവിടെ കയറി ഇറങ്ങുന്നുണ്ട്. വൈകുന്നേരമായാല്‍ ജോലി കഴിഞ്ഞും മറ്റും ബസ് കാത്ത് നില്‍ക്കുന്നവരും ഏറെയുണ്ട്. പക്ഷേ കാലങ്ങളായി ഇരുട്ടു മൂടി കിടക്കുന്ന ബസ് സ്റ്റാന്‍ഡില്‍ ഒരു തെരുവ് വിളക്ക് പോലും കത്തിക്കാന്‍ നഗരസഭ ഒരുങ്ങിയിട്ടില്ല. മലബാര്‍ സ്മാരക കവാടത്തില്‍ നേരത്തെ സ്വകാര്യ സ്ഥാപനത്തിന് തെരുവു വിളക്ക് കത്തിക്കാന്‍ നല്‍കിയിരുന്നു. ഇതും കാലങ്ങളായി നിലച്ചു. പുനര്‍ നിര്‍മാണം മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയെങ്കിലും ഒരിടത്തുമെത്തിയിട്ടില്ല. രാത്രിയായാല്‍ പരിസരത്തെ കടകളില്‍ നിന്നുള്ള നുറുങ്ങുവെട്ടമാണ് സ്റ്റാന്‍ഡില്‍ ലഭിക്കുന്നത്. കടകള്‍ അടച്ചു തുടങ്ങുന്നതോടെ അവയും ഇല്ലാതാകും. ഇത് സാമൂഹിക വിരുദ്ധര്‍ക്ക് തുണയായിട്ടുണ്ട്. ഇരുട്ടു വീഴുന്നതോടെ സ്റ്റാന്‍ഡിലിറങ്ങുന്ന തെരുവ് നായകള്‍ യാത്രക്കാര്‍ക്ക് അതിലേറെ ഭീഷണിയുമാണ്. ഇരുട്ടായതിനാല്‍ തലങ്ങും വിലങ്ങും ഓടുന്ന ഇവയെ കാണാനും പ്രയാസമാണ്. കോട്ടക്കല്‍ പഞ്ചായത്തായിരുന്ന അവസരത്തിലാണ് മലബാര്‍ സ്മാരക കവാടം നിര്‍മിച്ചത്. ചെടികള്‍ വെച്ചു പിടച്ചിച്ച ഇവിടെ ഇരുട്ടിന്റെ മറപറ്റി മാലിന്യം തള്ളുന്നതോടെ മലബാര്‍ സമര നേനാനികളെ അവഹേളിക്കാന്‍ പോലും നഗരസഭ അവസരം ഒരുക്കുകയാണ്. മൂന്ന് വൈദ്യുതി തൂണുകളുണ്ട് സ്റ്റാന്‍ഡില്‍. ഇവയില്‍ നിറമുള്ള വിളക്കുകള്‍ സ്ഥാപിച്ചാല്‍ സ്റ്റാന്‍ഡിലെ ഇരുട്ടിന് കുറച്ചെങ്കിലും പരിഹാരമാകും. ഇതിനായി ശബ്ദമുയര്‍ത്താന്‍ ആരും രംഗത്ത് വരുന്നില്ലെന്നതാണ് നഗരസഭാധികൃതരുടെ അലംഭാവത്തിന് കാരണം.

---- facebook comment plugin here -----

Latest