Connect with us

Malappuram

വിജിലന്‍സ് അന്വേഷണത്തിന് കൗണ്‍സില്‍ ശിപാര്‍ശ

Published

|

Last Updated

മലപ്പുറം: നഗരസഭയില്‍ നടപ്പാക്കിയ കേരശ്രീ പദ്ധതിയെ ചൊല്ലിയുള്ള വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ നഗരസഭ കൗണ്‍സില്‍ ശിപാര്‍ശ. ചെമ്മങ്കടവ് ക്ലസ്റ്ററില്‍ കേരശ്രീ പദ്ധതിപ്രകാരമുള്ള ഫണ്ടും വളവും കര്‍ഷകര്‍ക്ക് നല്‍കാതെ വെട്ടിച്ചെന്ന പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്നാണിത്.
ഫണ്ട് വിനിയോഗത്തില്‍ നടന്ന അഴിമതിയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ കൗണ്‍സില്‍ ബഹളത്തില്‍ മുങ്ങിയിരുന്നു. ഇന്നലെ കൗണ്‍സില്‍ തുടങ്ങിയ ഉടന്‍ പ്രതിപക്ഷം വിഷയം വീണ്ടും ഉന്നയിച്ചു. ആരോപണ വിധേയനായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹാജരായതിനാല്‍ വിഷയത്തില്‍ തീരുമാനം വേണമെന്ന് പ്രതിപക്ഷനേതാവ് പാലോളി കുഞ്ഞിമുഹമ്മദ് ആവശ്യപ്പെട്ടു.
തന്റെ വാര്‍ഡില്‍ നടന്ന പരിപാടിയില്‍ കൗണ്‍സിലറെന്ന നിലയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നുവെന്നും വിവാദവുമായി യാതൊരു ബന്ധവുമില്ലെന്നും ഏതു അന്വേഷണത്തിനും തയ്യാറാണെന്നും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ സക്കീര്‍ ഹുസൈന്‍ പറഞ്ഞു. കൃഷി ഓഫീസുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും റിക്കാര്‍ഡുകള്‍ പരിശോധിച്ചതായും ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫ പറഞ്ഞു.
അതേസമയം അന്വേഷണത്തിന് ശിപാര്‍ശ ചെയ്തതോടൊപ്പം കൗണ്‍സിലറുടെ രാജി ആവശ്യം കൗണ്‍സില്‍ തള്ളി. ഇതില്‍ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തിയ പ്രതിപക്ഷം തിരിച്ചെത്തി കൗണ്‍സില്‍ ചര്‍ച്ചകളില്‍ തുടര്‍ന്നു.

Latest