Connect with us

Kozhikode

താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിക്കും: മന്ത്രി

Published

|

Last Updated

താമരശ്ശേരി: കിഡ്‌നി രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്റര്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍. താലൂക്കാശുപത്രിയില്‍ ജനകീയ പങ്കാളിത്തത്തോടെ സ്ഥാപിച്ച കാരുണ്യ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ് എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എല്ലാ താലൂക്കാശുപത്രികളിലും അത്യാഹിത വിഭാഗം ആരംഭിക്കുമെന്നും മാര്‍ച്ച് മാസത്തോടെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഡോ. കെ പി അബ്ദുല്‍ റഷീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം കെ രാഘവന്‍ എം പി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി മുഹമ്മദ് ജില്ലാ പഞ്ചായത്തംഗം ജമീല ഉസ്മാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി രവീന്ദ്രന്‍, താലൂക്കാശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരിദാസന്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് റസാഖ് സ്വാഗതവും കെ സി മാമു മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പത്ത് ഡയാലിസിസ് മെഷീന്‍ ഉള്‍പ്പെടെ 92 ലക്ഷം രൂപയുടെ മെഷിനറികളാണ് കാരുണ്യയില്‍ നിന്നും ലഭിച്ചത്. കെട്ടിട നിര്‍മാണത്തിനായി ജനകീയ പങ്കാളിത്തത്തോടെ എഴുപത് ലക്ഷം രൂപയും സമാഹരിച്ചു.