വട്ടിപന മല ക്വാറിക്കെതിരെ ബഹുജന പ്രക്ഷോഭം നടത്തുന്നു

Posted on: February 17, 2015 9:45 am | Last updated: February 17, 2015 at 9:45 am

കുറ്റിയാടി: കാവിലുംപാറ പഞ്ചായത്തിലെ കിഴക്കന്‍ മലയോര മേഖലയായ വയനാടുമായി അതിര്‍ത്തി പങ്കിടുന്ന വട്ടിപന കുന്ന് ഇടിച്ചുനിരത്തി കരിങ്കള്‍ ക്വാറിയും ക്രഷര്‍ യൂനിറ്റും പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കം മലയോരത്തെയും അടിഭാഗത്തുള്ള പ്രദേശത്തെയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിക്കഴിഞ്ഞതായി കാവിലുംപാറ ഈസ്റ്റ് മേഖല ഡി വൈ എഫ് ഐ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ക്വാറിയില്‍ നടക്കുന്ന സ്‌ഫോടനത്തിന്റെ ഫലമായി എട്ട് വീടുകള്‍ക്ക് വിള്ളലുണ്ടായി. തേക്കുംകുന്ന്, നീലക്കണ്ടി, കുണ്ടുതോട് ടൗണ്‍, പുതുക്കാട് പ്രദേശത്തുകാര്‍ക്കും യു പി, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അങ്കണ്‍വാടികള്‍, ആരാധനാലയങ്ങള്‍ എന്നിവക്കും ഭീഷണിയായി മാറിയതായും ഭാരവാഹികള്‍ പറഞ്ഞു.
ക്വാറി അടച്ചുപൂട്ടുന്നതുവരെ പ്രക്ഷോഭം നടത്താനും ഇതിന്റെ ഒന്നാം ഘട്ടമായി ഈ മാസം 18ന് കുണ്ടുതോട് ടൗണില്‍ നിന്ന് ക്വാറിയിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പി സി ഷൈജു, പി കെ രാജീവന്‍, വി കെ രാജീഷ്, കെ വി വിജേഷ്, വി പി സിബിന്‍, കെ വി ഷാജി പങ്കെടുത്തു.