Connect with us

National

ആണവ സഹകരണം ഉള്‍പ്പെടെ നാല് കരാറുകള്‍ ഒപ്പ് വെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യ- ശ്രീലങ്ക ബന്ധത്തില്‍ പുതിയ വളര്‍ച്ച ലക്ഷ്യമിട്ട് സൈനികേതര ആണവസഹകരണം ഉള്‍പ്പെടെ നാല് കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന നടത്തിയ കൂടിക്കാഴ്ചയിലാണ് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്ന കരാറുകളില്‍ ഒപ്പ് വെച്ചത്. ശ്രീലങ്കന്‍ പ്രസിഡന്റായ ശേഷം സിരിസേന നടത്തിയ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. സൈനികേതര ആണവ സഹകരണ കരാറിന് പുറമെ, സാംസ്‌കാരിക സഹകരണം, നളന്ദ സര്‍വകലാശാല പദ്ധതിയില്‍ പങ്കാളിത്തം, കാര്‍ഷിക സഹകരണം തുടങ്ങിയ കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പ് വെച്ചത്. സിരിസേനയുടെ ക്ഷണം സ്വീകരിച്ച് മാര്‍ച്ചില്‍ ശ്രീലങ്ക സന്ദര്‍ശിക്കുമെന്ന് മോദി വ്യക്തമാക്കി.
പ്രസിഡന്റായ ശേഷം നടത്തിയ ആദ്യ വിദേശ സന്ദര്‍ശനം ഫലപ്രദമായിരുന്നുവെന്ന് മോദിക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സിരിസേന പറഞ്ഞു. ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികളുടെ വിഷയത്തില്‍ പ്രാധാന്യം നല്‍കുമെന്നും മത്സ്യത്തൊഴിലാളി സംഘടനാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നും മോദി പറഞ്ഞു. മാലദ്വീപുമായി സഹകരിച്ച് സമുദ്ര സുരക്ഷാ മേഖലയില്‍ സഹകരണം ശക്തമാക്കുന്നതിനെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു.
ഊര്‍ജ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനും ധാരണയായി. ഉഭയകക്ഷി വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനായി വാണിജ്യ സെക്രട്ടറിമാര്‍ ഉടന്‍ യോഗം ചേരും. ശ്രീലങ്കയുടെ ഏറ്റവും വലിയ വ്യാവസായിക പങ്കാളിയാകുന്നതില്‍ സന്തോഷമുണ്ടെന്നും ഇരുദിശകളിലുമുള്ള സന്തുലിതമായ വ്യാപാരത്തിന് എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും മോദി അറിയിച്ചു. പരസ്പര വിശ്വാസത്തിന്റെ ഉദാഹരണമാണ് ഊര്‍ജോത്പാദന മേഖലയിലെ ആണവ സഹകരണമെന്ന് മോദി അഭിപ്രായപ്പെട്ടു. ആണവ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അറിവ് കൈമാറുന്നത് ഉള്‍പ്പെടെ സുഗമമാക്കുന്നതാണ് ആണവ സഹകരണ കരാര്‍.
പ്രതിരോധ, സുരക്ഷാ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനും കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്. ഔദ്യോഗിക സന്ദര്‍ശനം വിജയമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്താന്‍ സാധിച്ചുവെന്നും മൈത്രിപാല സിരിസേന പറഞ്ഞു.