Connect with us

Ongoing News

ചരിത്ര സംഗമത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

Published

|

Last Updated

താജുല്‍ ഉലമാ നഗര്‍: ചരിത്ര സംഗമത്തിന് എടരിക്കോട് താജുല്‍ ഉലമാ നഗറില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. കേരളം ഇതുവരെ സാക്ഷിയാകാത്ത രീതിയിലുള്ള സമ്മേളനത്തിന് ഇനി എട്ട് രാപ്പകലുകളുടെ ദൂരം മാത്രം. ഈ മാസം 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെ ദേശീയപാതക്കും സംസ്ഥാനപാതക്കും ഇടയിലെ എണ്‍പത്തിനാല് ഏക്കര്‍ സ്ഥലമാണ് എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന് വേദിയാകുന്നത്. ഹറം ശരീഫിന്റെ മാതൃകയിലുളള പ്രവേശന കവാടം നഗരിയുടെ മുഖ്യ ആകര്‍ഷണമായി മാറും. പതിനായിരത്തോളം സ്ഥിരം പ്രതിനിധികള്‍ക്കും അനുബന്ധ സമ്മേളനത്തിനെത്തുന്ന പതിനയ്യായിരം പേര്‍ക്കും സമ്മേളനം വീക്ഷിക്കാനും നിസ്‌കരിക്കാനുമുള്ള പന്തലിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഒന്നേകാല്‍ ലക്ഷം ചതുരശ്രയടിയിലാണ് പന്തലൊരുങ്ങുന്നത്. ജര്‍മന്‍ നിര്‍മിത സാങ്കേതികവിദ്യയില്‍ ആധുനിക രീതിയിലുള്ള മേല്‍ക്കൂരയോടു കൂടിയ വിശാലമായ പന്തലാണ് പ്രതിനിധികള്‍ക്ക് തണല്‍ വിരിക്കുക. ഇരുപതാം തീയതിയോടെ പന്തല്‍ നിര്‍മാണം പൂര്‍ത്തിയാകും.

രജിസ്‌ട്രേഷന്‍ ബ്ലോക്ക്, ആരോഗ്യ വിഭാഗം, ഹെല്‍പ്പ് ഡെസ്‌ക്, പ്രതിനിധി റിപ്പോര്‍ട്ടിംഗ്, മീഡിയ ഡെസ്‌ക് എന്നിവക്കായി വിപുലമായ സൗകര്യമാണ് ഒരുങ്ങുന്നത്. കഴിഞ്ഞ ഞായറാഴ്ച സമസ്ത കേന്ദ്ര മുശാവറ അംഗം കോട്ടൂര്‍ കുഞ്ഞമ്മു മുസ്്‌ലിയാരാണ് പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മം നിര്‍വഹിച്ചത്. ഉദ്ഘാടന, പൊതു സമ്മേളനങ്ങള്‍ കൂടാതെ 13 അനുബന്ധ സമ്മേളനങ്ങളും നഗറില്‍ നടക്കും. ഇവയില്‍ സ്ഥിരം പ്രതിനിധികളെ കൂടാതെ പതിനയ്യായിരം പേര്‍ കൂടി പങ്കെടുക്കും. അംഗശുദ്ധി വരുത്താനുള്ള ഹൗള്, ആധുനിക രീതിയിലുള്ള ഇ- ടോയ്‌ലറ്റ് സൗകര്യങ്ങളും സജ്ജമാക്കുന്നുണ്ട്. വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പതിമൂന്ന് സമ്മേളനങ്ങള്‍ക്കായി അഞ്ച് വേദികളാണ് തയ്യാറാക്കുന്നത്. ചര്‍ച്ചകള്‍, സെമിനാറുകള്‍, ക്ലാസുകള്‍, തുടങ്ങിയവ പ്രതിനിധികള്‍ക്ക് പുതിയ അനുഭവമായി മാറും.
ഇന്ത്യന്‍ മുസ്‌ലിം സമ്മേളനം, ഐ സി എഫ് കമ്മ്യൂണ്‍, വ്യാപാരി സമ്മേളനം, തൊഴിലാളി സമ്മേളനം, ക്യാമ്പസ് സമ്മിറ്റ്, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ സമ്മേളനം തുടങ്ങി ആശയ സമ്പുഷ്ടമായ സെഷനുകള്‍ സമ്മേളനത്തിലെ വേറിട്ട പരിപാടികളാകും. സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യ ബോധവത്കരണത്തിനായി പ്രത്യേക പവലിയനും ഒരുക്കുന്നുണ്ട്. പന്തല്‍ നിര്‍മാണം ആരംഭിച്ചതോടെ നഗരി കാണാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഓരോ ദിവസവും താജുല്‍ ഉലമാ നഗറിലെത്തുന്നത്. കൂടാതെ മലപ്പുറം ജില്ലയിലെ എസ് വൈ എസ്, എസ് ജെ എം, എസ് എസ് എഫ് സംഘടനകളുടെ വിവിധ ഘടകങ്ങളുടെ നഗരികാണലും കലാജാഥയും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വര്‍ധിച്ച ആവേശത്തോടെയാണ് സുന്നികൈരളി സമ്മേളനത്തെ സ്വീകരിച്ചിരിക്കുന്നത് എന്നതിന്റെ നേര്‍സാക്ഷ്യമായി മാറുകയാണ് സമ്മേളന നഗരിയിലെത്തുന്ന ജനക്കൂട്ടം.
മലബാറിന്റെ വാണിജ്യവും സംസ്‌കാരവും പ്രകടമാകുന്ന മലബാര്‍ ഫെസ്റ്റ് 22ന് ആരംഭിക്കും. ബഹുഭാഷാ പുസ്തകങ്ങള്‍, ഔഷധങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, കരകൗശല വസ്തുക്കള്‍, കാലിഗ്രാഫി, പുരാവസ്തുക്കള്‍, സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ്, ആരോഗ്യം, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, പേര്‍ഷ്യന്‍ മാര്‍ക്കറ്റ്, അലങ്കാരച്ചെടികള്‍, അലങ്കാര മത്സ്യങ്ങള്‍ തുടങ്ങിയ വിവിധ സ്റ്റാളുകളും കള്‍ച്ചറല്‍ എക്‌സിബിഷനും ഇതോടൊപ്പമുണ്ടാകും.