Connect with us

National

ഭൂരിപക്ഷം തെളിയിക്കും വരെ നയപരമായ തീരുമാനം എടുക്കരുത്

Published

|

Last Updated

പാറ്റ്‌ന: ഭരണകക്ഷിയായ ജനതാദള്‍ യുനൈറ്റഡ് നേതൃത്വത്തെ അവഗണിച്ച് മുന്നോട്ടു പോകുന്ന ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിക്ക് കനത്ത തിരിച്ചടിയായി പാറ്റ്‌ന ഹൈക്കോടതി വിധി. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നത് വരെ നയപരമായ കാര്യങ്ങളില്‍ നിലപാടെടുക്കുന്നതില്‍ നിന്ന് മഞ്ജി സര്‍ക്കാറിനെ ഹൈക്കോടതി വിലക്കി. അവസാന മൂന്ന് ക്യാബിനറ്റ് യോഗങ്ങളില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ സ്റ്റേ ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നത് വരെ ദൈനംദിന കാര്യങ്ങളില്‍ മാത്രമേ തീരുമാനങ്ങള്‍ സ്വീകരിക്കാവൂ എന്നാണ് കോടതി നിര്‍ദേശം. ജെ ഡി യു നേതാവും എം എല്‍ എയുമായ നീരജ്കുമാര്‍ നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ ഇഖ്ബാല്‍ അഹ്മദ് അന്‍സാരി, സമരേന്ദ്ര പ്രതാപ് സിംഗ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെതാണ് ഉത്തരവ്. ഈ മാസം ഇരുപതിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ബീഹാറിന്റെ ചുമതലയുള്ള പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി മഞ്ജിയോട് ആവശ്യപ്പെട്ടത്.
ബീഹാറിലെ പാസ്വാന്‍ വിഭാഗത്തെ മഹാദളിത് വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം കോടതി വിധിയോടെ അപ്രസക്തമാകും. പട്ടികജാതി കുടുംബങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിനായി കൊണ്ടുവന്ന വികാസ് മിത്ര പോലുള്ള പദ്ധതികളും താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വരും. സംസ്ഥാനത്തെ പ്രബല വിഭാഗങ്ങളിലൊന്നായ പാസ്വാന്‍ വിഭാഗത്തെ മഹാദളിത് പട്ടികയിലേക്കുയര്‍ത്തിക്കൊണ്ടുള്ള വിജ്ഞാപനം ഞായറാഴ്ചയാണ് മഞ്ജി പുറപ്പെടുവിച്ചത്. നിതീഷ്‌കുമാര്‍ മുഖ്യമന്ത്രിയായിരിക്കെ പാസ്വാന്‍ വിഭാഗത്തെ മഹാ ദളിത് വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ വിഭാഗത്തില്‍പ്പെട്ട ജെ ഡി യുവിലെയും മറ്റു പാര്‍ട്ടികളിലെയും എം എല്‍ എമാരെയും അണികളെയും ഒപ്പം നിര്‍ത്തുക ലക്ഷ്യമിട്ടാണ് തീരുമാനം സ്വീകരിച്ചതെന്നാണ് ആരോപണം.
മഞ്ജിയോട് രാജിവെക്കാന്‍ ജെ ഡി യു നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് തള്ളിയതോടെയാണ് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. ഇതേത്തുടര്‍ന്ന് മഞ്ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും നിതീഷിനെ നിയമസഭാകക്ഷി നേതാവായി എം എല്‍ എമാരുടെ യോഗം തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. മഞ്ജിയെ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ ബി ജെ പി പിന്തുണക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി നേതൃത്വവും നടത്തുന്ന തിരക്കഥക്ക് അനുസരിച്ചാണ് മഞ്ജി നീങ്ങുന്നതെന്നാണ് ജെ ഡി യുവിന്റെ വിമര്‍ശം.

Latest