റബര്‍ വിലയിടിവ്: വിലസ്ഥിരതാ ഫണ്ട് വേണമെന്ന് മുഖ്യമന്ത്രി

Posted on: February 17, 2015 12:03 am | Last updated: February 17, 2015 at 12:03 am

തിരുവനന്തപുരം: റബര്‍ വിലയിടിവു മൂലം പ്രതിസന്ധിയിലായ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് കേന്ദ്ര വില സ്ഥിരതാഫണ്ടിന് പ്രത്യേക സഹായം അനുവദിക്കാന്‍ ശിപാര്‍ശ ചെയ്യണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
കേന്ദ്ര വാണിജ്യകാര്യ പാര്‍ലമെന്ററി സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. എം പിമാരായ വയലാര്‍ രവി, ജോയ് എബ്രഹാം, ജിതേന്ദ്രചൗധരി, സുധീര്‍ ഗുപ്ത, ചരന്‍ജീത് സിംഗ് റോറി, അഡ്വ. നരേന്ദ്ര കേശവ് സവായ്ക്കര്‍, ബി എസ് റാത്തോര്‍, രാം ചരിത്ര നിഷാദ് എന്നിവരുള്‍പ്പെട്ട പാര്‍ലമെന്റംഗസംഘമാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.
റബര്‍ വ്യവസായവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ സംഘാംഗങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തി. റബര്‍ ഇറക്കുമതി നിയന്ത്രിച്ചും ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിച്ചും കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രനയത്തില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ധനമന്ത്രി കെ എം മാണിയും ചര്‍ച്ചയില്‍ പങ്കെടുത്തു.