സി പി എം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ 20 മുതല്‍

Posted on: February 17, 2015 12:00 am | Last updated: February 19, 2015 at 12:14 am

ആലപ്പുഴ: സി പി എം സംസ്ഥാന സമ്മേളനം 20മുതല്‍ 22 വരെ ആലപ്പുഴയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പി കൃഷ്ണപിള്ള നഗറില്‍ (കളര്‍കോട് എസ് കെ ഓഡിറ്റോറിയം) ആണ് നാല് ദിവസത്തെ സമ്മേളനം നടക്കുക.സമാപന ദിനമായ 23ന് 25,000 ചുവപ്പ് സേനാംഗങ്ങളുടെ പരേഡും ഒരു ലക്ഷം ബഹുജനങ്ങള്‍ പങ്കെടുക്കുന്ന പ്രകടനവും നടക്കും.20ന് രാവിലെ ഒമ്പതിന് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടാണ് സമ്മേളന പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്.പോളിറ്റ് ബ്യൂറോ അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍, സ്വാഗതസംഘം ഭാരവാഹികള്‍ എന്നിവരാണ് പുഷ്പചക്രം സമര്‍പ്പിക്കുന്നത്.
തുടര്‍ന്ന് കളര്‍കോട് ജംഗ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ നേതൃത്വത്തില്‍ സമ്മേളന പ്രതിനിധികള്‍ പുഷ്പാര്‍ച്ചനയും നടത്തും.സമ്മേളന നഗരിയായ പി കൃഷ്ണപിള്ള നഗറില്‍ സി പി എമ്മിന്റെ മുതിര്‍ന്ന നേതാവും സ്ഥാപക നേതാക്കളില്‍ ഒരാളുമായ വി എസ് അച്ച്യുതാനന്ദന്‍ ചെങ്കൊടി ഉയര്‍ത്തുന്നതോടെ ചതുര്‍ദിന സമ്മേളനത്തിന് തുടക്കമാകും.രാവിലെ 10.30-ന് പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.സീതാറാം യെച്ചൂരി, എസ് രാമചന്ദ്രന്‍ പിള്ള, വി എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, വൃന്ദ കാരാട്ട്, എ കെ പത്മനാഭന്‍ പങ്കെടുക്കും. സ്വാഗതസംഘം ജനറല്‍ സെക്രട്ടറി ജി സുധാകരന്‍ സ്വാഗതം പറയും. ഉദ്ഘാടന സമ്മേളനത്തില്‍ 14 ജില്ലകളില്‍ നിന്നായി 600 പ്രതിനിധികള്‍ പങ്കെടുക്കും.ഇവര്‍ക്ക് പുറമേ പ്രത്യേകം ക്ഷണിക്കപ്പെട്ട 200-ല്‍ പരം പ്രമുഖ വ്യക്തികളും പ്രഭാ വര്‍മ്മ, സി പി അബൂബക്കര്‍ അടക്കം 15 നിരീക്ഷകരും പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും.23ന് ഉച്ചക്കു മുമ്പ് പുതിയ സംസ്ഥാന കമ്മിറ്റിയെയും 21ന് പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുക്കും.
തുടര്‍ന്ന് പുതിയ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് സെക്രട്ടറിയെ തിരഞ്ഞെടുക്കും.സമ്മേളനത്തിന്റെ എല്ലാ നടപടി ക്രമങ്ങളും ഭരണഘടനാ പ്രകാരം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്ന് വൈകുന്നേരം എത്തിച്ചേരും.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി ബി അംഗങ്ങളായ സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള എന്നിവര്‍ക്ക് 19ന് ആലപ്പുഴയിലും സ്വീകരണം നല്‍കും. സമ്മേളന പ്രതിനിധികള്‍ 19ന് ഉച്ചകഴിഞ്ഞ് എത്തിത്തുടങ്ങും.ആഡംബരം ഒഴിവാക്കിയും ചെലവു കുറച്ചുമാണ് സമ്മേളനം നടത്തുന്നത്.
പ്ലാസ്റ്റിക് മലിനീകരണവും ഒഴിവാക്കിയിട്ടുണ്ട്. ഒരു ലക്ഷം ചെങ്കൊടികള്‍ ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയിലാകെ മൂന്ന് ലക്ഷത്തോളം മീറ്റര്‍ തോരണം ചാര്‍ത്തിയിട്ടുണ്ട്.ചെലവു കുറഞ്ഞ ബാനര്‍, 10000 ചുവരെഴുത്തുകളും നടത്തിയതായി സംഘാടകര്‍ അറിയിച്ചു.വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍സെക്രട്ടറി ജി സുധാകരന്‍ ഭാരവാഹികളായ സി കെ സദാശിവന്‍ , സജി ചെറിയാന്‍, സി ബി ചന്ദ്രബാബു, മുന്‍ എം പി സി എസ് സുജാത, ഡി ലക്ഷ്മണന്‍, പി പി ചിത്തരഞ്ജന്‍, ആര്‍ നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.