Connect with us

Eranakulam

ദേശീയ ഗെയിംസ് അഴിമതി: ഓഡിറ്റിംഗ് സി എ ജി നടത്തണമെന്ന്

Published

|

Last Updated

കൊച്ചി: ദേശീയ ഗെയിംസിന്റെ വരവു ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് പരാതി. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന ഓഡിറ്റിംഗില്‍ വിശ്വാസ്യതയില്ലെന്നും സമഗ്രവും വസ്തുനിഷ്ഠവുമായ ഓഡിറ്റിംഗിന് സി എ ജിക്കേ കഴിയൂവെന്നും ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി ബി ബിനുവാണ് പരാതി നല്‍കിയത്.
ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നടന്ന അഴിമതി പുറത്തുകൊണ്ടുവന്നത് സി എ ജിയാണെന്നും അതു പോലുള്ള വന്‍ അഴിമതിയും ക്രമക്കേടുകളുമാണ് 611.23 കോടി ചെലവില്‍ നടത്തിയ ദേശീയ ഗെയിംസില്‍ നടന്നതായി ആരോപിക്കപ്പെട്ടിരിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭരണപക്ഷത്തെ എം എല്‍ എമാര്‍ തന്നെയാണ് ദേശീയ ഗെയിംസ് നടത്തിപ്പിലെ അഴിമതിയെക്കുറിച്ച് ആരോപണമുന്നയിച്ചിട്ടുള്ളത്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ഗെയിംസിന്റെ എക്കൗണ്ടുകള്‍ സംസ്ഥാന ധനകാര്യവകുപ്പിന് കീഴിലുള്ള ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് അപര്യാപ്തമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ദേവസ്വം ബോര്‍ഡുകളുടെയും മറ്റും ഓഡിറ്റിംഗാണ് ലോക്കല്‍ഫണ്ട് ഓഡിറ്റിംഗ് വിഭാഗം നടത്തുന്നത്. ഭീമമായ തുക ചെലവിട്ട് നടത്തിയ ദേശീയ ഗെയിംസിന്റെ ഓഡിറ്റിംഗ് സി എ ജിക്ക് മാത്രമേ കാര്യക്ഷമമായി നടത്താന്‍ കഴിയൂവെന്ന് പരാതിയില്‍ പറയുന്നു.