Connect with us

Kerala

ലാലിസം അഴിമതി: ഹരജി പരിഗണിക്കുന്നത് ലോകായുക്ത നാളത്തേക്ക് മാറ്റി

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച ലാലിസം പരിപാടിയിലെയും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നിര്‍മാണത്തിലെയും അഴിമതി സംബന്ധിച്ച ഹരജി പരിഗണിക്കുന്നത് ലോകായുക്ത നാളത്തേക്ക് മാറ്റി. ലാലിസം എന്ന പരിപാടിക്ക് മോഹന്‍ലാലിന് രണ്ട് കോടി രൂപ പ്രതിഫലം നല്‍കിയതിലും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നിര്‍മാണ കമ്പനിക്ക് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ പ്ലാന്‍ പരിഷ്‌കരണം എന്ന പേരില്‍ 150 കോടി രൂപ നല്‍കിയതിലും അഴിമതിയുണ്ടെന്ന് കാണിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസാണ് ലോകായുക്തയെ സമീപിച്ചത്. ഇന്നലെ പരിഗണിക്കാനിരുന്ന കേസ് ഗവ. പ്ലീഡര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് നാളത്തേക്ക് മാറ്റുകയായിരുന്നു.
ലാലിസം എന്ന പരിപാടിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോകായുക്ത ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു . അതിനാല്‍ കേസ് പരിഗണിക്കുമ്പോള്‍ ഗവ. പ്ലീഡര്‍ കൂടി ഉണ്ടാകുന്നതാണ് നല്ലതെന്ന് കോടതി അഭിപ്രായപ്പെട്ടു. സ്‌പോര്‍ട്‌സ് മന്ത്രി, ചീഫ് സെക്രട്ടറി, സ്‌പോര്‍ട്‌സ് സെക്രട്ടറി, ജേക്കബ് പുന്നൂസ്, മോഹന്‍ലാല്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.
ദേശീയ ഗെയിംസിലാകമാനം അഴിമതിയാണെന്നും അതില്‍ ചിലതു മാത്രമാണ് പുറത്തു വന്നിട്ടുള്ളതെന്നും ഹരജിയില്‍ ആരോപണമുണ്ട്. ലാലിസത്തിന്റെ പേരില്‍ കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നതായും ഹരജിയില്‍ പറയുന്നു.
കേരളത്തിലെ അവശകലാകാരന്‍മാര്‍ ആനുകൂല്യങ്ങള്‍ക്കായി കയറിയിറങ്ങുമ്പോഴാണ് ഹൈടെക് നടനും കോടീശ്വരനുമായ മോഹന്‍ലാലിന് പൊതുഖജനാവില്‍ നിന്നും രണ്ട് കോടി രൂപ നല്‍കിയത്.
ഇതിനെക്കുറിച്ച് ലോകായുക്തയുടെ അന്വേഷണ വിഭാഗത്തിനെക്കുറിച്ച് ഗൗരവമായി അന്വേഷിപ്പിക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.