Connect with us

Ongoing News

ബി ജെ പി നേതാവിന്റെ കൊല: ഒരു പ്രതി കൂടി അറസ്റ്റില്‍

Published

|

Last Updated

മണ്ണഞ്ചേരി: ബി ജെ പി ആലപ്പുഴ നിയോജകമണ്ഡലം സെക്രട്ടറിയായിരുന്ന വേണുഗോപാലിനെ വധിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ പള്ളിക്കല്‍ തയ്യില്‍ വീട്ടില്‍ പൂവന്‍കുട്ടന്‍ എന്നുവിളിക്കുന്ന സെബാസ്റ്റ്യനെ (44) ഇന്നലെ കോടതിയില്‍ ഹാജരാക്കി പതിനഞ്ചു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വേണുഗോപാലിനെ വധിച്ച സംഘത്തെ ഒളിവില്‍ പാര്‍പ്പിച്ച കുറ്റത്തിനാണ് സെബാസ്റ്റ്യനെ പ്രതി ചേര്‍ത്തതെന്ന് അന്വേഷണ ചുമതലയുള്ള മാരാരിക്കുളം സി ഐ. കെ ജി അനീഷ് പറഞ്ഞു.
ജനുവരി 28 ന് പുലര്‍ച്ചെയാണ് വേണുഗോപാല്‍ കൊല്ലപ്പെട്ടത്. മൂന്ന് മാസത്തെ ഗൂഢാലോചനക്ക് ശേഷമാണ് സംഘം കൃത്യനിര്‍വഹണം നടത്തിയത്. സംഭവത്തില്‍ പത്തനംതിട്ട ഈസ്റ്റ് കോഴഞ്ചേരി മരിയനന്ദനത്തില്‍ ഷാരോണ്‍ (26), മണ്ണഞ്ചേരി കുന്നിനകം കോളനിയില്‍ കണ്ണന്‍ (മാട്ടക്കണ്ണന്‍ 24), മണ്ണഞ്ചേരി തറമൂട് കണിയാംവെയില്‍ അസറുദ്ദീന്‍ (അസര്‍ 19), ബി ജെ പി ആര്യാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മണ്ണഞ്ചേരി നേതാജി വട്ടച്ചിറയില്‍ ജയരാജ് (42), മാരാരിക്കുളം തെക്ക് തണല്‍വീട്ടില്‍ ഗിരീഷ് (39), എമ്മാച്ചന്റെ ഭാര്യ മണ്ണഞ്ചേരി 11-ാം വാര്‍ഡ് പന്നിശ്ശേരിയില്‍ സ്മിത (28), ഇയാളുടെ ബന്ധുക്കളായ മണ്ണഞ്ചേരി ഐ ടി സി കോളനിയില്‍ പുതുവല്‍വെളിയില്‍ ഗിരിജ (42), മകള്‍ ഗ്രേഷ്മ (18), പുതുവല്‍വെളിയില്‍ രജനി (33) മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാംവാര്‍ഡ് പൊള്ളേത്തൈ ചുള്ളിക്കല്‍ വീട്ടില്‍ മൈക്കിള്‍ (ലാലച്ചന്‍ 36) അരുര്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ കളത്തില്‍ വീട്ടില്‍ അഫ്‌സല്‍ (23) എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത മൂന്നു പ്രതികളുള്‍പ്പടെ അഞ്ച് പേരെ കൂടി പിടികൂടാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest