Connect with us

Ongoing News

സഊദിയില്‍ പത്ത് മാസമായി 38 മലയാളികള്‍ വീട്ടുതടങ്കലില്‍

Published

|

Last Updated

കൊപ്പം: പത്തു മാസമായി തൊഴിലും ശമ്പളവുമില്ലാതെ കോഴിക്കോട്ടെ സ്വകാര്യ ഏജന്‍സി വഴി ജോലി തേടി സഊദിയിലെത്തിയ മലയാളികള്‍ വീട്ടുതടങ്കലിലെന്ന് പരാതി. സഊദി അറേബ്യയിലെ റിയാദ് കുര്‍ത്തുബയിലാണ് 38 മലയാളി യുവാക്കള്‍ ദുരിതത്തില്‍ കഴിയുന്നത്. കോഴിക്കോട്ടെ സ്വകാര്യ ഏജന്‍സി നല്‍കിയ വിസയില്‍ ജിദ്ദയിലെ പെപ്‌സികോ കമ്പനിയില്‍ പേക്കിംഗ് അസിസ്റ്റന്‍ഡ് ജോലിക്കെന്ന് പറഞ്ഞ് 10 മാസം മുമ്പ് 100 യുവാക്കളാണ് പോയത്. 800 സൗദി റിയാല്‍ (ഏകദേശം 13, 000 രൂപ ) ശമ്പളവും ‘ഭക്ഷണവും നല്‍കാമെന്നായിരുന്നു കരാര്‍. വിസക്കായി 85,000 മുതല്‍ ഒന്നരലക്ഷം രൂപ വരെ വിലയുറപ്പിച്ച് കൊച്ചിയിലും കോഴിക്കോട്ടും കമ്പനി ജീവനക്കാരന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ ഇന്റര്‍വ്യൂ നടത്തി തിരഞ്ഞെടുക്കപ്പെട്ട സംഘത്തില്‍ ചിലര്‍ക്ക് ജോലി കിട്ടി. മറ്റു ചിലര്‍ നാട്ടിലേക്ക് മടങ്ങി. അവശേഷിക്കുന്ന, ജോലിയൊന്നും കിട്ടാത്ത തൃശൂര്‍ ചേലക്കര തൊഴുപ്പാടം കുന്നന്‍ചാത്ത് അരുണ്‍ദാസ്, വളാഞ്ചേരി കളരിപ്പറമ്പില്‍ മുഹമ്മദ് സാലിം, കോഴിക്കോട് സൗത്ത് ബീച്ച് ആലിയാര്‍ വീട്ടില്‍ കെ പി നിസാമുദ്ദീന്‍, കൊയിലാണ്ടി കോരോത്ത് വീട്ടില്‍ അനീഷ്, മലപ്പുറം മങ്കട കടന്നമണ്ണ ഊട്ടുപുറത്ത് സുബിന്‍, നീലേശ്വരം പുത്തരിയാടുകം ഒറ്റപുരയ്ക്കല്‍ റിജില്‍കുമാര്‍, മലപ്പുറം മങ്കട കടന്നമണ്ണ കോരയില്‍ ശമീര്‍, പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോപ്പാടം പുത്തന്‍പീടികയില്‍ മുഹമ്മദ് നിശാദ്, കോഴിക്കോട് ബാലുശ്ശേരി കരുമല ഓട്ടുപുരകണ്ടിയില്‍ അര്‍ജുണ്‍, കോഴിക്കോട് വടകര മുതുവടത്തൂര്‍ രായരോത്ത് ബിനു, പാലക്കാട് പട്ടാമ്പി വിളയൂര്‍ കുപ്പൂത്ത് കിളിക്കോട്ടില്‍ കുഞ്ഞിമുഹമ്മദ്, വടകര ചോറോട് കഞ്ഞിപ്പുരയില്‍ ലിജേഷ്, കണ്ണൂര്‍ മാമ്പ പറമ്പത്ത് ജിതിന്‍, മുക്കം മനിശ്ശേരി ചോലക്കുന്നുമ്മല്‍ ബൈജു, തിരുവനന്തപുരം പുതുവല്‍പ്പുരയിടം റെജിന്‍ എഡ്വിന്‍, കണ്ണൂര്‍ കരിവെള്ളൂര്‍ വടക്കേപുരയില്‍ പ്രദീഷ് എന്നിവരടക്കം 38 മലയാളി യുവാക്കളാണ് തട്ടിപ്പിനിരയായത്. ജിദ്ദ, ദമ്മാം, റിയാദ് എന്നിവിടങ്ങളിലെ വിവിധ ഫഌറ്റുകളിലായിരുന്നു ആദ്യം ഇവരെ താമസിപ്പിച്ചിരുന്നത്. പെപ്‌സിക്കോ കമ്പനിയിലേക്കെന്ന് പറഞ്ഞ് ജിദ്ദയിലെത്തിച്ച സംഘത്തിലെ 38 പേരെ സൗദിയിലെ സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ അല്‍മവാരിദ് കമ്പനിക്ക് കൈമാറുകയായിരുന്നുവെത്രെ. ജോലിയും മതിയായ ശമ്പളവും നല്‍കാമെന്ന് പറഞ്ഞാണ് സഊദിയിലെ തൊഴില്‍ ഏജന്‍സിയായ അല്‍മവാരിദ് കമ്പനി ഇവരെ ഏറ്റെടുത്തത്. റിയാദ് കുര്‍ത്തുബ എക്‌സിറ്റ് എട്ടില്‍ ആള്‍താമസമില്ലാത്ത സ്ഥലത്ത് വീട്ടുതടങ്കലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അടച്ചിട്ട മുറിയിലിരിക്കുന്ന ഇവരുടെ മൊബൈലില്‍ പകര്‍ത്തിയ ചിത്രം സഊദിയിലെ സുഹൃത്തുക്കള്‍ വഴി ബന്ധുക്കള്‍ക്ക് ലഭിച്ചു. ഇവിടെ ജോലിയോ ‘ഭക്ഷണമോ ശമ്പളമോ ഇല്ലാതെ പ്രയാസത്തിലാണിവര്‍. പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയുന്നില്ലെന്നാണ് പരാതി. പാസ്‌പോര്‍ട്ടും രേഖകളും അല്‍ മവാരിദ് ഏജന്‍സി കൈവശപ്പെടുത്തിയതിനാല്‍ സഊദി എംബസിയുമായോ മറ്റോ ബന്ധപ്പെടാനും സാധിച്ചിട്ടില്ല. പുറം ലോകം കാണാന്‍ പറ്റാത്ത വിധം ആളൊഴിഞ്ഞ മേഖലയില്‍ വീട്ടുതടങ്കലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നതിനാല്‍ സുഹൃത്തുക്കള്‍ക്കോ സഊദിയിലുള്ള ബന്ധുക്കള്‍ക്കോ ഇവരുമായി നേരില്‍ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് സഊദിയിലെ വിവിധ സന്നദ്ധ സംഘടനകള്‍ ഇവരുടെ മോചനത്തിനായി ശ്രമിക്കുന്നുണ്ട്.

കേന്ദ്ര മന്ത്രിമാര്‍, മുഖ്യമന്ത്രി എന്നിവരുമായി ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സഊദിയിലെ ഇവരുടെ ഒരു ബന്ധുവിന് തിരിച്ചു വിളിച്ച് കാര്യങ്ങളാരാഞ്ഞു. ഒരു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു.