മാണിക്കെതിരായ സമരരീതി എല്‍ഡിഎഫ് മാര്‍ച്ച് ആറിന് തീരുമാനിക്കും

Posted on: February 17, 2015 1:00 pm | Last updated: February 18, 2015 at 12:03 am

ldf 002

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ കെ എം മാണിക്കെതിരായ തുടര്‍സമരങ്ങള്‍ സംബന്ധിച്ച് എല്‍ഡിഎഫില്‍ തീരുമാനമായില്ല. അന്തിമ തീരുമാനമെടുക്കാന്‍ മാര്‍ച്ച് ആറിന് വീണ്ടും എല്‍ ഡി എഫ് യോഗം ചേരും. രാജി ആവശ്യം മാണിയും യു ഡി എഫും തള്ളിയ സാഹചര്യത്തില്‍ ഇനി എന്ത് എന്ന ചോദ്യത്തിനാകും എല്‍ ഡി എഫ് ഉത്തരം നല്‍കുക. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് എല്‍ ഡി എഫ് നേതാക്കള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും സമരം ഏത് രീതിയില്‍ വേണമെന്ന കാര്യത്തില്‍ ധാരണയായിരുന്നില്ല. നിയമസഭ വളയല്‍ സമരം സംഘടിപ്പിക്കണമെന്ന നിര്‍ദേശം ചില നേതാക്കള്‍ക്കുണ്ട്.
നിയമസഭാസമ്മേളനം തുടങ്ങുന്നതോടെ തന്നെ സമരപരമ്പരകള്‍ ആരംഭിക്കണമെന്നാണ് മറ്റൊരുനിര്‍ദേശം. ബജറ്റ് താന്‍ തന്നെ അവതരിപ്പിക്കുമെന്ന ഉറച്ച നിലപാടില്‍ കെ എം മാണി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ നിയമസഭക്കുള്ളില്‍ സ്വീകരിക്കേണ്ട പ്രതിഷേധ രീതിയെ കുറിച്ചും അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിക്കും. മാര്‍ച്ച് ആറിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ 13നാണ് ബജറ്റ് അവതരിപ്പിക്കുന്നത്.
മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാന്‍ കഴിഞ്ഞ മുന്നണി യോഗം തീരുമാനിച്ചിരുന്നെങ്കിലും കാര്യമായ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. സെക്രട്ടേറിയറ്റ് പടിക്കലും ജില്ലാ കേന്ദ്രങ്ങളിലും നടന്ന ധര്‍ണ ഒഴിവാക്കിയാല്‍, യുവജന പ്രസ്ഥാനങ്ങള്‍ മാത്രമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
മുന്നണിയിലെ പ്രമുഖ കക്ഷികളായ സി പി എമ്മും സി പി ഐയും അവരുടെ സമ്മേളനങ്ങളുടെ തിരക്കിലായിരുന്നതിനാല്‍, തുടര്‍ സമരപരിപാടികള്‍ ഉണ്ടായില്ല. ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ഇരുപാര്‍ട്ടികളും സംസ്ഥാന സമ്മേളനം ആരംഭിക്കാനിരിക്കേയാണ് പ്രക്ഷോഭ പരിപാടികള്‍ വീണ്ടും സജീവമാക്കാന്‍ യോഗം ചേരുന്നത്. മാണിയെ ബജറ്റവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലയില്‍ പ്രതിപക്ഷ നിരയില്‍ നിന്നുള്ള പ്രതികരണത്തിനെതിരേ ഭരണപക്ഷത്ത് നിന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
മാണി ബജറ്റ് അവതരിപ്പിച്ചാല്‍ സഭയില്‍ ചോരപ്പുഴ ഒഴുകുമെന്ന നിലയിലുള്ള പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ അത് കാണണമെന്ന നിലയിലാണ് മുഖ്യമന്ത്രി നേരിട്ടത്.
നിയമസഭ ജനം വളയുമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പ്രസ്താവന്‌ക്കെതിരെയും യു ഡി എഫ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു.