Connect with us

Ongoing News

എന്‍ സി സി കേഡറ്റുകള്‍ക്ക് മെഡിക്കല്‍ റിസര്‍വേഷന്‍ വര്‍ധിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: എന്‍ സി സി കേഡറ്റുകള്‍ക്ക് എം ബി ബി എസ് കോഴ്‌സിനുള്ള റിസര്‍വേഷന്‍ ക്വാട്ട രണ്ടില്‍ നിന്ന് മൂന്നാക്കി വര്‍ധിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. ഡല്‍ഹിയില്‍ നടന്ന റിപ്ലബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്തശേഷം മടങ്ങിയെത്തിയ സംസ്ഥാനത്തെ 112 എന്‍ സി സി കേഡറ്റുകള്‍ക്കുള്ള ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ഡി എസിന് റിസര്‍വേഷന്‍ ക്വാട്ട ഒന്നില്‍ നിന്ന് രണ്ടായും വര്‍ധിപ്പിച്ചു. പോളിടെക്‌നിക്ക് കോളജുകളിലെ റിസര്‍വേഷന്‍ ക്വാട്ട 30 ല്‍ നിന്ന് 50 ഉം ബി.എസ്‌സി നഴ്‌സിംഗിനുള്ള ക്വാട്ട ഒന്നില്‍ നിന്ന് അഞ്ചായും വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
2014-2015 ലെ ഏറ്റവും മികച്ച എന്‍ സി സി ഗ്രൂപ്പിനുള്ള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പേരിലുള്ള ബാനര്‍ എറണാകുളം എന്‍ സി സി ഗ്രൂപ്പിന്റെ കമാണ്ടര്‍ ക്യാപ്റ്റന്‍ സൈമണ്‍ സേവ്യര്‍ ഏറ്റുവാങ്ങി. രണ്ടാമത്തെ ഗ്രൂപ്പിനുള്ള ബാനര്‍ കോഴിക്കോട് ഗ്രൂപ്പ് കമാണ്ടര്‍ ഏറ്റുവാങ്ങി.സംസ്ഥാനത്തെ എന്‍ സി സി കേഡറ്റുകള്‍ റിപ്പബ്ലിക് ദിനത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്.
ഒന്നാം കേരള റിമൗണ്ട് ആന്റ വെറ്ററിനറി സ്‌ക്വഡ്രന്‍ മണ്ണൂത്തിയിലെ കേഡറ്റ് മേഘ്‌ന റോസ് ജോസഫ് അശ്വാഭ്യാസ മത്സരങ്ങളായ നൊവിസെസ് ഗേഴ്‌സ് ഡ്രസ്സാജിനില്‍ വെങ്കല മെഡലും, ഹാക്‌സില്‍ വെള്ളി മെഡലും കേഡറ്റ് ജിതിന്‍ ദാസിന് നൊവിസെസ് ബോയിസ് ടെന്റ് പെക്ഷിങ്ങില്‍ വെങ്കല മെഡലും ലഭിച്ചു.
22-ാം കേരള ബറ്റാലിയന്‍ ആലുവയിലെ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ മുഹമ്മദ് ഇര്‍ഫാന്‍ (യു സി കോളജ്, ആലുവ) ഇന്ത്യയിലെ ഏറ്റവും മികച്ച കേഡറ്റുകളുടെ മത്സരത്തില്‍ റണ്ണറപ്പായി വെള്ളി മെഡലിന് അര്‍ഹനായി. റിപ്പബ്ലിക് ദിന ക്യാമ്പിലെ എയറോ മോഡലിങ്ങ് മത്സരങ്ങളില്‍ രണ്ട് സ്വര്‍ണ്ണ മെഡലുകളും ദേശീയ ബോധവത്ക്കരണ പരിപാടിക്ക് രണ്ടാം സ്ഥാനവും കേരളത്തിന്റെ കുട്ടികള്‍ കരസ്ഥമാക്കി.
പാങ്ങോട് കരിയപ്പ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ മുരളീധരന്‍ എം എല്‍ എ, ഒഫിഷ്യേറ്റിംഗ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ബോണി മാത്യു, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ എന്‍.സനല്‍കുമാര്‍, തിരുവനന്തപുരം എന്‍ സി സി. ഗ്രൂപ്പ് കമാണ്ടര്‍ ബ്രിഗേഡിയര്‍ എന്‍ മനോഹര്‍ തോമസ്, ഡയറക്ടര്‍ കേണല്‍ പി ജി കൃഷ്ണ, കണ്ടിജന്റ് കമാണ്ടര്‍ ലെഫ്. കേണല്‍ ടി മുരളി എന്നിവര്‍ സംബന്ധിച്ചു.

Latest