Connect with us

National

സിപിഐ നേതാവിനും ഭാര്യക്കുംനേരെ വധശ്രമം

Published

|

Last Updated

കൊല്‍ഹാപൂര്‍: മുതിര്‍ന്ന സി പി ഐ നേതാവ് ഗോവിന്ദ് പന്‍സാരെയെയും ഭാര്യയെയും അജ്ഞാതരായ അക്രമികള്‍ വെടിവെച്ചു പരിക്കേല്‍പ്പിച്ചു. ഇന്നലെ കാലത്ത് എട്ട് മണിയോടെയാണ് വിഫല വധശ്രമം നടന്നത്. ശിവജി സര്‍വകലാശാലാ ക്യാമ്പസില്‍ പ്രഭാത സവാരി കഴിഞ്ഞ് മടങ്ങുമ്പോള്‍ സാഗരമലയിലെ അവരുടെ താമസ സ്ഥലത്തിനടുത്താണ് അക്രമം നടന്നത്.
ഗുരുതരമായി പരുക്കേറ്റ 82കാരനായ പന്‍സാരെയെയും ഭാര്യ ഉമ പന്‍സാരെയെയും ഉടനെതന്നെ അസ്റ്റര്‍ ആധാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ശസ്ത്രക്രിയക്ക് വിധേയരാക്കുകയുമുണ്ടായി. എല്ലാവരും ആദരപൂര്‍വം “സഖാവ്” എന്ന് അഭിസംബോധന ചെയ്യുന്ന ഗോവിന്ദ് പന്‍സാരെക്ക് കഴുത്തിനും കൈക്കുമാണ് വെടിയേറ്റത്. ഉമയുടെ നെറ്റിയിലാണ് വെടിയേറ്റതെന്ന് കൊല്‍ഹാപൂര്‍ പോലീസ് സുപ്രണ്ട് ഓം പ്രകാശ് ശര്‍മ പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ആഭ്യന്തര സഹമന്ത്രി രാം ഷിന്‍ഡെ എന്നിവരടക്കം നിരവധി നേതാക്കള്‍ പന്‍സാരെ ദമ്പതികള്‍ക്ക് നേരെ നടന്ന വധശ്രമത്തെ ശക്തിയായി അപലപിച്ചു. എത്രയും വേഗം അക്രമികളെ കണ്ടെത്താന്‍ അദ്ദേഹം പോലീസ് സുപ്രണ്ടിനോട് ആവശ്യപ്പെട്ടു. അക്രമികള്‍ രക്ഷപ്പെടാതിരിക്കാന്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്.
ശിവസേനാ നേതാവ് അനന്ത് ഗീഥെയും അക്രമത്തെ അപലപിച്ചു. ബൈക്കിലെത്തിയ അക്രമികള്‍ പന്‍സാരെ ദമ്പതികള്‍ക്ക് നേരെ നിറയൊഴിച്ച ശേഷം അതില്‍ത്തന്നെ രക്ഷപ്പെടുകയായിരുന്നു. ടോള്‍ പിരിവിനെതിരെ ജനമുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന ഗോവിന്ദ് പന്‍സാരെ ഭൂമാഫിയക്കെതിരെയും ശക്തമായ നിലപാട് സ്വീകരിക്കുന്ന ആളാണ്.