Connect with us

National

രാജ്യം പന്നിപ്പനി ഭീതിയില്‍; ജാഗ്രതാ നിര്‍ദേശം നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് പന്നിപ്പനിക്കെതിരെ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം. രാജ്യത്താകമാനം ഈ മാസം 12 വരെ 485 പേര്‍ പന്നിപ്പനി ബാധിച്ച് മരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ അതീവ ജാഗ്രതയോടെയാണ് കാണുന്നതെന്നും സംസ്ഥാനങ്ങളിലെ ആരോഗ്യ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജസ്ഥാനില്‍ 11 പേര്‍ കൂടി മരിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. രാജസ്ഥാനില്‍ മാത്രം ഈ വര്‍ഷം 153 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. ജയ്പൂരിലും ജോധ്പൂരിലും മൂന്ന് പേര്‍ വീതവും അജ്മീരില്‍ രണ്ട് പേരും നാഗ്പൂര്‍, ഭരത്പൂര്‍, കോട്ട എന്നിവിടങ്ങളില്‍ ഓരോ ആളുകള്‍ വീതവുമാണ് രാജസ്ഥാനില്‍ ഒടുവില്‍ മരിച്ചത്. രാജസ്ഥാനും ഗുജറാത്തുമാണ് പന്നിപ്പനി മരണത്തില്‍ മുന്നില്‍. മഹാരാഷ്ട്ര, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും പന്നിപ്പനി കനത്ത ഭീതി തന്നെയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് ഗുജറാത്തില്‍ 136 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തെലങ്കാന സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം ഈ വര്‍ഷം 3,045 പേരില്‍ നിന്ന് സാമ്പിളുകള്‍ പരിശോധനകള്‍ക്ക് എടുത്തതില്‍ 1,006 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. 46 പേരാണ് തെലങ്കാനയില്‍ ഈ രോഗം കാരണം മരിച്ചത്. 2014ല്‍ രാജ്യത്താകമാനം 218 ജീവനുകളാണ് പന്നിപ്പനി കാരണം അവസാനിച്ചത്. ആ വര്‍ഷം മാത്രം 937 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ ആഴ്ച 13 പേര്‍ മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 58 ആയി. മരിച്ചവരില്‍ 11 പേരും 50 വയസ്സില്‍ ചുവടെയുള്ളവരാണ്. ഇവരില്‍ പലരും പ്രമേഹവും രക്തസമ്മര്‍ദവും കാരണം പ്രയാസപ്പെടുന്നവരായിരുന്നു. ഈ മാസം ആദ്യ രണ്ടാഴ്ചകളില്‍ മാത്രം രോഗം സ്ഥിരീകരിച്ച 58 പേരില്‍ 35 പേര്‍ മരിച്ചിരുന്നു. 220 ഓളം പേരില്‍ അതിനു ശേഷം രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.
2014ല്‍ മഹാരാഷ്ട്രയില്‍ 43 മരണമാണ് സംഭവിച്ചത്. ജനുവരി മുതല്‍ സംസ്ഥാനത്ത് 416 പേര്‍ പന്നിപ്പനിക്ക് ചികിത്സ തേടിവരുന്നുണ്ട്. പൂനയിലും നാഗ്പൂരിലുമാണ് പലരും ചികിത്സ നടത്തുന്നത്. ഫെബ്രുവരിക്ക് ശേഷം രോഗബാധയില്‍ 22 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
ഉത്തരാഖണ്ഡില്‍ ഈ വര്‍ഷം മാത്രം രണ്ട് പേര്‍ പന്നിപ്പനി കാരണം മരിച്ചിട്ടുണ്ട്. പത്തിലധികം ആളുകള്‍ ചികിത്സയിലാണ്. അതേസമയം, എഴുപതോളം ആളുകള്‍ രോഗം സംശയിച്ച് നിരീക്ഷണത്തിലാണ്. 29 സാമ്പിളുകള്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന് പരിശോധനകള്‍ക്ക് അയച്ചുകൊടുത്തതില്‍ 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 29 ആളുകള്‍ ഫലം ലഭിക്കുന്നതിന് കാത്തിരിക്കുകയാണ്. ഡെറാഡൂണ്‍, ഹരിദ്വാര്‍, സഹരണ്‍പൂര്‍ മേഖലകളില്‍ നിന്നുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

---- facebook comment plugin here -----

Latest