ജമ്മു കാശ്മീരില്‍ പി ഡി പി- ബി ജെ പി സര്‍ക്കാര്‍ രൂപവത്കരണ നീക്കം പാളുന്നു

Posted on: February 17, 2015 5:18 am | Last updated: February 16, 2015 at 11:18 pm

ശ്രീനഗര്‍: തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ രൂപവത്കരണം പൂര്‍ത്തിയാക്കാതെ രാഷ്ട്രപതി ഭരണം തുടരുകയാണ് ജമ്മു കാശ്മീരില്‍. സര്‍ക്കാര്‍ രൂപവത്കരണത്തിന് പുതിയ പ്രതീക്ഷ നല്‍കി പി ഡി പി യും ബി ജെ പിയും ചര്‍ച്ചക്കൊരുങ്ങിയെങ്കിലും ഫലം കണ്ടില്ല. സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പയെ (ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട്) ചൊല്ലിയാണ് വീണ്ടും ചര്‍ച്ച ഉടക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നിരവധി തവണ തര്‍ക്കവിഷയങ്ങളില്‍ ബി ജെ പിയുമായി പി ഡി പി ചര്‍ച്ച നടത്തിയെങ്കിലും അഭിപ്രായ ഐക്യത്തിലെത്താന്‍ ഇരു പാര്‍ട്ടികള്‍ക്കും കഴിഞ്ഞിരുന്നില്ല.
സമാധാനപരമായ പ്രദേശങ്ങളില്‍ സൈനികര്‍ക്ക് വാറന്‍ഡ് നല്‍കാതെ അറസ്റ്റ് ചെയ്യാനുള്ള അനുമതി നല്‍കി ഭാഗികമായി പ്രത്യേകാധികാരം റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഇരു പാര്‍ട്ടികളും യോജിച്ചിരുന്നു. എന്നാല്‍, തര്‍ക്ക വിഷയത്തെ സംബന്ധിച്ചുള്ള അടിസ്ഥന വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളാവശ്യമാണ്. സംസ്ഥാനത്ത് ഭാഗികമായി പ്രത്യേകാധികാരം റദ്ദാക്കാനുള്ള തീരുമാനം പോലും ബി ജെ പി അംഗീകരിക്കാന്‍ തയ്യാറല്ലെന്നിരിക്കെ പൂര്‍ണമായും എടുത്തുകളയണമെന്ന പി ഡി പിയുടെ ആവശ്യം പരിഗണിക്കാന്‍ സാധ്യതയില്ല.
അഫ്‌സ്പ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളില്‍ ബി ജെ പിക്കും പി ഡി പിക്കും വ്യത്യസ്ത അഭിപ്രായങ്ങളാണെന്നത് പെട്ടെന്നുള്ള സര്‍ക്കാര്‍ രൂപവത്കരണത്തിന്റ വിദൂര സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ മാസം 22ന് മുമ്പ് സര്‍ക്കാര്‍ രൂപവത്കരിച്ച് കാശ്മീരില്‍ ഭരണം തുടങ്ങുമെന്ന സൂചന രാജ്ഭവന് ലഭിച്ചിരുന്നു. എന്നാല്‍, സഖ്യകക്ഷിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ അംഗീകരിക്കുന്നതുവരെ സര്‍ക്കാര്‍ രൂപവത്കരണം ഉണ്ടാകില്ലെന്ന തീരുമാനത്തില്‍ പി ഡി പി നേതാവ് മുഫ്തി മുഹമ്മദ് സഈദ് ഉറച്ചുനില്‍ക്കുകയാണ്.
ഇതിന് പുറമെ ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, പാക്കിസ്ഥാനുമായും വിഘടനവാദികളുമായും ചര്‍ച്ച ആരംഭിക്കല്‍ തുടങ്ങിയ വിഷയങ്ങളും ഇരു പാര്‍ട്ടികള്‍ക്കിടയില്‍ അവ്യക്തമായി തുടരുകയാണ്. ആര്‍ട്ടിക്കിള്‍ 370നെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളില്‍ സമവായം കണ്ടെത്തുക എന്നതാണ് രണ്ട് പാര്‍ട്ടികളുടെയും പ്രധാന വെല്ലുവിളി.
പി ഡി പി പ്രസിഡന്റ് മെഹ്ബൂബ മുഫ്തി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലാണിപ്പോള്‍. വിഘടനവാദത്തെ പ്രചോദിപ്പിക്കുന്നു എന്നാരോപിച്ച് ആര്‍ട്ടിക്കിള്‍ 370 ചര്‍ച്ചക്ക് കൊണ്ടുവരണമെന്നാണ് ബി ജെ പി നിലപാട്. അതേസമയം, സ്വയം ഭരണാവകാശം നല്‍കുന്ന ഈ നിയമം എടുത്തുകളയുന്ന ഒരു ചര്‍ച്ചക്കും പി ഡി പി തയ്യാറല്ല. ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ഇരു പാര്‍ട്ടികളും തമ്മില്‍ പിന്‍വാതില്‍ ചര്‍ച്ചകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
87 അംഗ നിയമസഭയിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടിയ പി ഡി പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭരിക്കാനാവശ്യമായ സീറ്റുകള്‍ ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ രൂപവത്കരണം നടന്നില്ല. തുടര്‍ന്ന് 25 സീറ്റുകള്‍ നേടി രണ്ടാമതെത്തിയ ബി ജെ പിയുമായി നടത്തിയ ചര്‍ച്ചകള്‍ പരിഹാരം കാണാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.