Connect with us

Ongoing News

ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന നാല് പേരെ കേരളം ദത്തെടുക്കും-മന്ത്രി തിരുവഞ്ചൂര്‍

Published

|

Last Updated

കോട്ടയം: ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന നാല് കായിക താരങ്ങളെ കേരളം ദത്തെടുക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ദേശീയ ഗെയിംസില്‍ അഭിമാന താരങ്ങളായ സജന്‍ പ്രകാശ്, എലിസമ്പത്ത് സൂസന്‍ കോശി, അനില്‍ഡ തോമസ്, ആര്‍ അനു എന്നീ കായിക താരങ്ങളെയാണ് കേരളം ദത്തെടുത്ത് പരിശീലനം നല്‍കുക. 2016ല്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ മെഡല്‍ സാധ്യതയുള്ള ഇവര്‍ക്ക് ഒരു വര്‍ഷത്തെ പരിശീലനമാണ് നല്‍കുക. ഇക്കാര്യത്തില്‍ പരിശീലകര്‍ ആവശ്യപ്പെടുന്നതെന്തും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കായിക വകുപ്പ് ജോയന്റ് സെക്രട്ടറി ജി എസ് ജി അയ്യങ്കാവ് ചെയര്‍മാനായും പി ടി ഉഷ, കുരുക്ഷേത്ര യൂനിവേഴ്‌സിറ്റി ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ പ്രഫ. ഡോ. ദലീല്‍ സിംഗ് ചൗഹാന്‍, ഷൂട്ടിംഗ് കോച്ച് സണ്ണി തോമസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഡോ. ബിനു ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ അഞ്ചംഗ സമിതിയുടെ നേതൃത്വത്തില്‍ കായിക നയം രൂപവത്കരിക്കും. ദേശീയ ഗെയിംസിന്റെ ഭാഗമായി ഒരുക്കിയ 31 വേദികളില്‍ മൂന്ന് വിഭാഗങ്ങളിലായി തരംതിരിച്ച് ആവശ്യമായ സംരക്ഷണം നല്‍കും. നിലവില്‍ ഉടമസ്ഥവകാശമുള്ള സ്റ്റേഡിയത്തിന്റെ സംരക്ഷണ ചുമതല അവര്‍ക്ക് തന്നെ വിട്ടുകൊടുക്കും. മൂന്ന് സ്റ്റേഡിയങ്ങള്‍ പോലീസിനും നാലെണ്ണം അതത് കലക്ടര്‍മാര്‍ക്കും ചുമതല നല്‍കി സംരക്ഷിക്കും. അത്യാധുനിക ഉപകരണങ്ങള്‍ സംരക്ഷിക്കുന്നതിന് സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ ചുമതലപ്പെടുത്തി. 1987ലെ സര്‍ക്കാര്‍ മുന്നോട്ടുവെച്ച രണ്ട് വ്യവസ്ഥയനുസരിച്ച് ഓഡിറ്റ് നടത്തും.
ലോക്കല്‍ ഫണ്ട് ഓഡിറ്റിംഗ് സ്‌പോര്‍സ് കൗണ്‍സിനെകൊണ്ട് നടത്തും. പൊതുപണത്തിന്റെ ഓഡിറ്റിംഗ് നിയമപരമായി തന്നെപോകണമെന്നാണ് സര്‍ക്കാറിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. ഗെയിംസ് നടക്കില്ലെന്നാണ് ആദ്യംപറഞ്ഞത്. അതൊന്നും ശരിയായിരുന്നില്ലെന്ന് സംഘാടന മികവിലൂടെ തെളിയിച്ചു. പ്രധാനമന്ത്രി, രാഷ്ട്രപതി, ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ എന്നിവരുടെയെല്ലാം പ്രശംസയേറ്റുവാങ്ങിയ ഗെയിംസ് അത്യുജ്ജ്വലമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.