Connect with us

Ongoing News

ധോണിക്കെതിരെ യുവരാജിന്റെ പിതാവ്; ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ ധോണി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശവുമായി യുവരാജ് സിംഗിന്റെ പിതാവും മുന്‍ ക്രിക്കറ്ററുമായ യോഗ്‌രാജ് സിംഗ് രംഗത്തെത്തി. യുവരാജിന് ഇത്തവണത്തെ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയതിന് പിന്നില്‍ ധോണിയാണെന്നാണ് യോഗ്‌രാജിന്റെ ആരോപണം.
ധോണിയും യുവരാജുമായി നല്ല ബന്ധത്തിലായിരുന്നില്ല. ധോണിയുടെ താത്പര്യപ്രകാരമാണ് യുവരാജിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. 30 അംഗ സാധ്യതാ പട്ടികയില്‍ പോലും യുവരാജിന് ഇടം ലഭിച്ചില്ല. രഞ്ജിയില്‍ പഞ്ചാബിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച യുവരാജ് ടീമിലുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, സെലക്ടര്‍മാര്‍ യുവരാജിനെ പരിഗണിച്ചില്ല. ക്യാന്‍സറുമായി മല്ലിടുമ്പോഴാണ് യുവരാജ് ഇന്ത്യക്ക് വേണ്ടി കളിച്ചതെന്നും യോഗ്‌രാജ് പറഞ്ഞു. തന്റെ മകനുമായി ധോണിക്ക് വ്യക്തിപരമായി പ്രശ്‌നങ്ങളുണ്ടെങ്കില്‍, താനൊന്നും ചെയ്യുന്നില്ലെന്നും ദൈവം നീതി പ്രവര്‍ത്തിക്കുമെന്നും യോഗ്‌രാജ് പറഞ്ഞു. ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകകപ്പ് നേടട്ടെയന്നും അദ്ദേഹം ആശംസിച്ചു.
എന്നാല്‍, പിതാവിന്റെ പ്രതികരണം ധാര്‍മിക രോഷമായി മാത്രം കണ്ടാല്‍ മതിയെന്നാണ് യുവരാജിന്റെ നിലപാട്. ഏതൊരു പിതാവിനെയും പോലെയാണ് അദ്ദേഹം. ഞാന്‍ തഴയപ്പെട്ടപ്പോള്‍ വികാരാധീനനായത് സ്വാഭാവികമാണ്. ധോണിയുടെ കീഴില്‍ ആസ്വദിച്ചു തന്നെയാണ് ഞാന്‍ കളിച്ചത്. തുടര്‍ന്നും അങ്ങനെയായിരിക്കുമെന്നും യുവ്‌രാജ് ട്വീറ്റ് ചെയ്തു. അതേസമയം ഇന്നലെ നടന്ന ഐ പി എല്‍ താരലേലത്തില്‍ 16 കോടി രൂപയുടെ റെക്കോര്‍ഡ് തുകക്ക് യുവരാജിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയിരുന്നു.