വീണ്ടും മെസി മാജിക്

Posted on: February 17, 2015 6:00 am | Last updated: February 16, 2015 at 11:11 pm

_81026329_suarezvolleyക്യാമ്പ് ന്യൂ: സൂപ്പര്‍ താരം ലയണല്‍ മെസി ഹാട്രിക് നേടിയ മത്സരത്തില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ലെവന്റയെയാണ് ബാഴ്‌സ തകര്‍ത്തത്. ഇതോടെ ലാലിഗയില്‍ ഒന്നാം സഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള ബാഴ്‌സയുടെ അകലം വെറും ഒരു പോയന്റായി കുറഞ്ഞു. ലാലിഗയില്‍ മെസിയുടെ മുന്നൂറാം മത്സരമായിരുന്നു ഇത്.
38, 59, 65 മിനുറ്റുകളിലാണ് മെസിയുടെ ഗോളുകള്‍ പിറന്നത്. ബാഴ്‌സ മൈതാനമായ ക്യാമ്പ് ന്യൂവില്‍ നടന്ന മത്സരത്തിന്റെ പതിനേഴാം മിനുട്ടില്‍ നെയ്മറാണ് ഗോളടിക്ക് തുടക്കമിട്ടത്. 73ാം മിനുട്ടില്‍ ഗോള്‍ വലക്ക് മുന്നില്‍ നിന്ന് തൊടുത്ത തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്ക് ഗോളാക്കി സുവാരസ് പട്ടിക പൂര്‍ത്തിയാക്കി. ലാലിഗയില്‍ മെസി നേടുന്ന ഗോളുകളുടെ എണ്ണം 269 ഉം ഹാട്രിക്കുകളുടെ എണ്ണം 23 ഉം ആയി. ലാലിഗയില്‍ 23 ഹാട്രിക്ക് ഗോള്‍ എന്ന റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേട്ടത്തിനൊപ്പവും മെസി എത്തി.
കളിയില്‍ 76 ശതമാനം സമയത്തും പന്ത് വരുതിയില്‍ നിര്‍ത്താന്‍ കഴിഞ്ഞ ബാഴ്‌സയുടെ സര്‍വാധിപത്യമായിരുന്നു മത്സത്തില്‍. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് സെല്‍റ്റ ഡി വിഗോയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു. വലന്‍സിയ എതിരില്ലാത്ത ഒരുഗോളിന് ഗെറ്റാഫെയെയും വീഴ്ത്തി. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള റയലിന് 23 മത്സരങ്ങളില്‍ നിന്നായി 57 പോയിന്റാണുള്ളത്. 56 പോയിന്റുമായി ബാഴ്‌സ രണ്ടാമതും 50 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്.