മൊസൂള്‍ നഗരം ഇസിലില്‍ നിന്ന് ഉടന്‍ തിരിച്ചുപിടിക്കും: അബ്ബാദി

Posted on: February 17, 2015 5:05 am | Last updated: February 16, 2015 at 11:05 pm

ബഗ്ദാദ്: ഇസില്‍ തീവ്രവാദികളില്‍ നിന്ന് മൊസൂള്‍ നഗരം തിരിച്ചുപിടിക്കാനൊരുങ്ങുകയാണെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബ്ബാദി. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൊസൂളിനെ മോചിപ്പിക്കാനാകുമെന്നും ഇതിന് വേണ്ടി സായുധ സൈന്യം തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നും ബി ബി സിയോട് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള മൊസൂള്‍ നഗരം ഇസില്‍ പിടിച്ചെടുത്തത്.
ഇസിലിനെതിരെയുള്ള പോരാട്ടത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണം മന്ദഗതിയിലായതിനാല്‍ അധികാരം ഏറ്റെടുത്ത ആദ്യ സമയങ്ങളില്‍ താന്‍ നിരാശനായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി അവസ്ഥകള്‍ മാറിയിട്ടുണ്ട്. മൊസൂള്‍ നഗരം പിടിച്ചെടുക്കുമ്പോള്‍ പൗരന്‍മാരുടെ ജീവന്‍ സംരക്ഷിക്കുമെന്നും അബ്ബാദി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ തന്നെ അമേരിക്കയുടെ വ്യോമാക്രമണ സഹായത്തോടെ കുര്‍ദ് സൈന്യവും ഇറാഖ് സൈന്യവും നിരവധി പ്രദേശങ്ങള്‍ ഇസിലില്‍ നിന്ന് തിരിച്ചുപിടിച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്തംബറിലാണ് നൂരി മാലികിയെ മാറ്റി അബ്ബാദിയെ പ്രധാനമന്ത്രിയായി നിയമിച്ചത്. ഇറാഖിലെ അറബ് സുന്നികളെ തഴഞ്ഞ വിഷയത്തില്‍ നൂരിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.