Connect with us

International

കോപ്പന്‍ഹേഗന്‍ ആക്രമണം: അക്രമിയെ സഹായിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കോപ്പന്‍ഹേഗന്‍: കോപ്പന്‍ഹേഗനില്‍ രണ്ട്‌പേരെ വെടിവെച്ച് കൊലപ്പെടുത്തിയ അക്രമിയെ സഹായിച്ച കുറ്റത്തിന് ഡാനിഷ് പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച സംവാദ വേദിക്ക് സമീപം വെച്ചാണ് രണ്ട് പേരെ അക്രമി വെടിവെച്ച് കൊലപ്പെടുത്തിയത്. അക്രമിക്ക് കൃത്യം നടത്താന്‍ ആവശ്യമായ ഉപദേശം നല്‍കി എന്നതിന്റെ പേരിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. രണ്ട് സ്ഥലങ്ങളിലായി രണ്ട് പേരെ കൊലപ്പെടുത്തിയ അക്രമിയെ മണിക്കൂറുകള്‍ക്ക് ശേഷം പോലീസ് വെടിവെച്ച് കൊന്നിരുന്നു. 22 വയസ്സുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ള ഡാനിഷുകാരനാണ് അക്രമിയെന്ന് പോലീസ് പറഞ്ഞിരുന്നു. ജൂതപ്പള്ളിയില്‍ ഇയാള്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തലസ്ഥാനത്ത് വടക്ക് ഒരു കഫേയില്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ക്രുഡ്‌ടോയിന്‍ഡനിലെ കഫേയില്‍ വിവാദ സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ് ലാര്‍സ് വില്‍ക്‌സ് പങ്കെടുത്ത അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച സംവാദ പരിപാടിക്കിടെ യന്ത്രത്തോക്കുപയോഗിച്ച് അക്രമി ജനലിലൂടെ വെടിയുതിര്‍ക്കുകയായിരുന്നു. 2007ല്‍ മുഹമ്മദ് നബിയെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ വില്‍ക്‌സിന് വധഭീഷണി ഉണ്ടായിരുന്നു.