വിമാനത്താവള സൗകര്യം; യുഎഇ ലോകത്ത് ഏറ്റവും മുന്നില്‍

Posted on: February 16, 2015 10:00 pm | Last updated: February 16, 2015 at 10:56 pm

ദുബൈ;ലോകത്തെ ഏറ്റവും സൗകര്യപ്രദമായ വിമാനത്താവളങ്ങളുള്ള രാജ്യമായി യു എ ഇ മാറിയെന്ന് വ്യോമഗതാഗത അതോറിറ്റി ചെയര്‍മാനും വാണിജ്യ മന്ത്രിയുമായ സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി.
2014ല്‍ ലോകത്ത് ഏറ്റവും യാത്രക്കാരെത്തിയ വിമാനത്താവളം ദുബൈയിലേതായിരുന്നു. അബുദാബിയിലും ഷാര്‍ജയിലും യാത്രക്കാര്‍ ഏറെ വര്‍ധിച്ചു. പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തമാണ് ഈ മുന്നേറ്റത്തിന് കാരണം. 1986ല്‍ ദിവസം 342 വിമാനങ്ങളാണ് വന്നുപോയിരുന്നത്. 2014ല്‍ ശരാശരി 2,250 വിമാനങ്ങളായി. 2030 ഓടെ ദിവസം 5,100 വിമാനങ്ങളായി മാറും. കഴിഞ്ഞ വര്‍ഷത്തോടെ യു എ ഇയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ 762 ആണ്. 2030 ഓടെ 604 വിമാനങ്ങള്‍ കൂടി എത്തും.
ലോകത്ത് ഏറ്റവും സുരക്ഷിതത്വമുള്ള വിമാനത്താവളങ്ങളും യു എ ഇലേതാണ്. ഈ ഗേറ്റ് സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നു.
ഇക്കാരണത്താല്‍തന്നെ താമസ-കുടിയേറ്റ വകുപ്പുകളുടെ ലോകസമ്മേളനം മാര്‍ച്ച് 11,12 തിയതികളില്‍ നടക്കുമ്പോള്‍ യു എ ഇക്ക് തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയും. അബുദാബിയില്‍ അഡ്വാന്‍സ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ (എ പി ഐ) സംവിധാനം ഏര്‍പെടുത്തിയത് ചൂണ്ടിക്കാട്ടാന്‍ കഴിയും. 20 സെക്കന്റ് കൊണ്ട് ചെക്ക് ഇന്‍ കഴിയും. ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സംവിധാനം അടക്കം പുതിയ സംവിധാനങ്ങള്‍ വേറെയുണ്ട്. 2020 ഓടെ പത്തു കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ദുബൈക്കു കഴിയുമെന്നും സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി പറഞ്ഞു.