കൂടുതല്‍ വാഹനാപകടങ്ങള്‍ വൈകുന്നേരങ്ങളിലെന്ന്

Posted on: February 16, 2015 10:44 pm | Last updated: February 16, 2015 at 10:44 pm

അബുദാബി: വാഹനാപകടങ്ങളില്‍ കൂടുതലും സംഭവിക്കുന്നത് വൈകുന്നേരങ്ങളിലെന്ന് അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹ്മദ് അല്‍ ഹാരിസി വ്യക്തമാക്കി. ഞായറാഴ്ചയും വ്യാഴാഴ്ചയുമാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത്.
ആഴ്ചയില്‍ മൊത്തം സംഭവിക്കുന്ന അപകടങ്ങളില്‍ 17 ശതമാനവും നടന്ന വ്യാഴാഴ്ചകളിലായിരുന്നു. ഞായറാഴ്ചകളില്‍ 16 ശതമാനമായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ നടക്കുന്നത് ബുധനാഴ്ചകളിലാണ്. മൊത്തം സംഭവിക്കുന്ന നിയമലംഘനങ്ങളില്‍ 16 ശതമാനവും നടന്നത് ഈ ദിവസമാണ്. രാവിലെ എട്ടിനും ഉച്ചക്ക് 12നും ഇടയിലാണ് കൂടുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ ഉണ്ടാവുന്നത്.
2013നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഗതാഗത സുരക്ഷയുടെ കാര്യത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. 2013നെ അപേക്ഷിച്ച് 2014ല്‍ റോഡപകട മരണങ്ങളില്‍ എട്ടു ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 2013ല്‍ 289 പേര്‍ക്ക് ജീവഹാനി സംഭവിച്ചെങ്കില്‍ 2014ല്‍ ഇത് 267 മാത്രമായിരുന്നു. മാരകമായി പരുക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ 34 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചത്. 2013ല്‍ 366 ആയിരുന്നെങ്കില്‍ 2014ല്‍ ഇത് 240 ആയി കുറഞ്ഞു. മൊത്തം നോക്കിയാല്‍ വാഹനാപകടങ്ങളില്‍ 10 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. പോലീസിന്റെ ദീര്‍ഘകാലത്തേക്കുള്ള സുരക്ഷാ പദ്ധതികളും തീവ്രമായ ബോധവത്കരണവുമാണ് നില മെച്ചപ്പെടാന്‍ ഇടായാക്കിയിരിക്കുന്നത്. 2013നെ അപേക്ഷിച്ച് 2014ല്‍ ഒമ്പത് ശതമാനം വാഹനങ്ങള്‍ വര്‍ധിച്ചെന്നതും പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.
പെട്ടെന്ന് വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന മരണങ്ങളില്‍ 47 ശതമാനത്തിന്റെ കുറവുണ്ടായി. 73 പേര്‍ മരിച്ചിടത്ത് 2013മായി താരതമ്യപ്പെടുത്തുമ്പോള്‍ 2014ല്‍ 39 പേര്‍ മാത്രമാണ് മരിച്ചത്. വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാത്തതുമായി ബന്ധപ്പെട്ട് സംഭവിച്ച അപകടങ്ങളില്‍ 2013ല്‍ 43 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 2014ല്‍ 22 പേരായി ചുരുങ്ങിയെന്നതും ശ്രദ്ധേയമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.