Connect with us

Gulf

യാത്രക്കാരനില്‍ നിന്നു പെരുമ്പാമ്പിനെ പിടികൂടി

Published

|

Last Updated

ദുബൈ: യാത്രക്കാരനില്‍ നിന്നു പെരുമ്പാമ്പിനെ പിടികൂടിയതായി ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ആഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാരനില്‍ നിന്നാണ് മൂന്നു മീറ്ററിലധികം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയതെന്ന് മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥനായ ഹസ്സന്‍ ഇബ്രാഹീം വ്യക്തമാക്കി. പതിവ് പരിശോധനക്കിടയില്‍ സംശയം തോന്നി യാത്രക്കാരന്റെ ട്രോളി ബാഗ് പരിശോധിച്ചപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. പെട്ടെന്ന് ബേഗിലുള്ളത് എന്താണെന്ന് മനസിലായില്ല. എക്‌സറേയില്‍ പാമ്പിനെപ്പോലെ തോന്നിയെങ്കിലും മറ്റെന്തോ ആയിരിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്. ബേഗ് തുറന്നതോടെ ഞങ്ങള്‍ ഞെട്ടി. ചത്തനിലയിലായിരുന്നു പെരുമ്പാമ്പ്. ചത്ത പാമ്പിനെ എന്തിനാണ് കൊണ്ടു വന്നതെന്ന് ചോദിച്ചപ്പോള്‍ ഭക്ഷണത്തിനായാണെന്നും സ്വന്തം നാട്ടില്‍ എല്ലാവരും കഴിക്കുന്നതാണ് പെരുമ്പാമ്പിന്റെ മാംസമെന്നും ഇയാള്‍ മറുപടി നല്‍കുകയായിരുന്നു.
വംശനാശം നേരിടുന്ന വന്യജീവികള്‍ ചെടികള്‍ മരങ്ങള്‍ എന്നിവയെ കടത്തുന്നതിനെതിരായുള്ള രാജ്യാന്തര കരാറായ സൈറ്റ്‌സി(കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ ട്രേഡ് ഓണ്‍ എന്‍ഡയിഞ്ചേര്‍ഡ് സ്പീഷീസ് ഓഫ് വൈല്‍ഡ് ഫ്‌ളോറ ആന്‍ഡ് ഫോണ)ല്‍ ഒപ്പു വെച്ച രാജ്യമായതിനാല്‍ ഇത്തരം വസ്തുക്കളുടെ കടത്ത് ഒരു തരത്തിലും അനുവദിക്കുന്നില്ല. സൈറ്റില്‍ ഉള്‍പെടുത്താത്ത ജീവികളെ കൊണ്ടുവന്നാലും ജല-പരിസ്ഥിതി വകുപ്പ് തീര്‍പ്പാക്കിയാലെ രാജ്യത്തേക്ക് പ്രവേശനം ലഭിക്കൂ. ലോക വ്യാപകമായി വംശനാശം നേരിടുന്ന ജീവികളേയോ, സസ്യങ്ങളേയോ അവയുടെ ഏതെങ്കിലും ഭാഗമോ, അവ ഉപയോഗിച്ച് നിര്‍മിച്ച വസ്തുക്കളോ കയറ്റുമതി ചെയ്യാനോ, ഇറക്കുമതി ചെയ്യാനോ സൈറ്റ് അനുവദിക്കുന്നില്ല. ദുബൈ കസ്റ്റംസ് കണ്ടുകെട്ടുന്ന ഇത്തരം വസ്തുക്കള്‍ ദുബൈ പോലീസിലേക്കാണ് മാറ്റാറ്. രാജ്യത്തേക്ക് എത്തുന്ന യാത്രക്കാരില്‍ അനധികൃതമായതൊന്നും ഇല്ലെന്ന് ഉറപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വത്തില്‍ പെട്ടതാണെന്നും ഹസന്‍ ഓര്‍മിപ്പിച്ചു.
ഇത്തരം വസ്തുക്കളിലൂടെ രാജ്യത്തേക്ക് രോഗങ്ങള്‍ എത്താനും ഇടയുള്ളതിനാല്‍ അത്തരം സാധ്യത ഇല്ലെന്ന് ഉറപ്പാക്കേണ്ടത് വകുപ്പിന്റെ ഉത്തരവാദിത്വമാണെന്ന് ദുബൈ എയര്‍പോര്‍ട്ട് പാസഞ്ചേഴ്‌സ് ഓപറേഷന്‍ ഡയറക്ടര്‍ അഹ്മദ് ബിന്‍ ലാഹജ് വ്യക്തമാക്കി.