Connect with us

Articles

കോര്‍പറേറ്റ് വികസന നയങ്ങള്‍ കാലാവസ്ഥക്കേല്‍പ്പിക്കുന്ന ആഘാതങ്ങള്‍

Published

|

Last Updated

മഴയും മഞ്ഞും മാറി ചുട്ടുപൊള്ളുന്ന വെയില്‍ പടരുന്ന കാലമാണ് വരാന്‍ പോകുന്നത്. വെള്ളപ്പൊക്കത്തിലും മഴയിലും പ്രളയത്തിലും കൊടും വേനലിലും ദുരന്തങ്ങള്‍ തുടരെത്തുടരെ വന്നു ഭവിക്കാറുള്ളത് നമുക്ക് പുതുമയുള്ള കാര്യമല്ല. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി, ഇക്കാര്യങ്ങളെ സംബന്ധിച്ച പഠനങ്ങളുടെയും വ്യക്തികളും സംഘടനകളും നടത്തിയ ക്യാമ്പയിനുകളുടെയും ഇടപെടലുകളുടെയും ഫലമായി കോര്‍പറേറ്റ് മീഡിയക്കും ഭരണ സംവിധാനത്തിനും രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഗുരുതരമായ പരിസ്ഥിതി അത്യാഹിതമാണെന്നു സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമായി ഇവക്കുള്ള ബന്ധവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. 2014 സെപ്തംബര്‍ 23നു നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കണ്‍വെന്‍ഷന്‍ ഇക്കാര്യത്തിന്റെ പ്രതിഫലനമായിരുന്നു. എന്നാല്‍ ഫലപ്രദമായ ഒരു തീരുമാനവും പ്രസ്തുത കണ്‍വെന്‍ഷനില്‍ ഉരുത്തിരിഞ്ഞില്ല.
ഇന്ത്യയിലെ ഹിമാലയന്‍ മേഖല ഉള്‍പ്പെടെ നേരിടുന്ന പരിസ്ഥിതി വിനാശത്തെ സംബന്ധിച്ച് ഗവണ്‍മെന്റ്-ഗവണ്‍മെന്റേതര സംഘടനകളും ഗവേഷണ കേന്ദ്രങ്ങളും ആക്ടിവിസ്റ്റുകളുമെല്ലാം നിരവധി പഠനങ്ങള്‍ നടത്താറുണ്ട്. അവ ഒന്നുകില്‍ ഏതെങ്കിലും ഒരു വിഷയത്തെ കേന്ദ്രീകരിച്ചോ അതുമല്ലെങ്കില്‍ നിലവിലുള്ള ഭരണ വ്യവസ്ഥക്കുള്ളില്‍ പരിഹാരം തേടുന്നതിനെക്കുറിച്ചോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചോ ഒക്കെയായിരിക്കും. ഇക്കാര്യത്തില്‍ സമഗ്രമായ ഒരു പഠനം ഇനിയും ആവശ്യമുണ്ട്. പ്രകൃതിയെ ശത്രുതാപരമായി കൈകാര്യം ചെയ്തു സമ്പത്ത് സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും കോര്‍പറേറ്റ് വികസന നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിലൂടെ സംജാതമായിട്ടുള്ള ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും സംബന്ധിച്ച് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പശ്ചിമഘട്ടത്തിലും പൂര്‍വ്വഘട്ടത്തിലുമെന്നപോലെ, ഹിമാലയന്‍ പ്രദേശത്തും ഹിമാലയ മേഖലയിലും ഇതു വലിയ പ്രത്യാഘാതങ്ങള്‍ക്കു കാരണമായിരിക്കുന്നു. അടുത്ത കാലത്തെ ഉത്തരാഖണ്ഡിലെയും ജമ്മുകാശ്മീര്‍ പോലുള്ള പ്രദേശങ്ങളിലെയും അത്യാഹിതങ്ങള്‍ക്ക് വഴിവെച്ചത് ഈ പ്രദേശങ്ങളിലെ വമ്പന്‍ റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളാണെന്ന് വ്യക്തമാണ്. ഹിമാലയന്‍ മഞ്ഞുപാളികളുടെ ഉരുകല്‍ ഉത്തര-ദക്ഷിണ ധ്രുവങ്ങളിലുണ്ടായ സമാന പ്രക്രിയകളുമായി ബന്ധപ്പെടുത്തി പഠനവിഷയമാക്കേണ്ടതുണ്ട്. മഞ്ഞുരുകലും ഹിമാചല്‍പ്രദേശ് പോലുള്ള സ്ഥലങ്ങളില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ചെറുതടാകങ്ങള്‍ രൂപം കൊണ്ടതും താഴ്ന്ന പ്രദേശങ്ങളിലെ ജനജീവിതത്തിന് വലിയ ഭീഷണിയായിട്ടുണ്ട്. ഹിമാലയത്തില്‍ നിന്നുത്ഭവിക്കുന്ന ഏഷ്യയിലെ അഞ്ച് പ്രധാന നദീശൃംഖലകളില്‍ കുറഞ്ഞപക്ഷം 2050 വരെയെങ്കിലും ജലനിരപ്പുകള്‍ ഉയരുമെന്ന പഠനവും പുറത്തുവന്നിട്ടുണ്ട്.
ദീര്‍ഘകാലത്തില്‍ ജൈവപ്രക്രിയകള്‍, സൗരറേഡിയേഷന്‍, ഭൗമപാളികളിലെ മാറ്റം, അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍ തുടങ്ങിയവയാണ് കാലാവസ്ഥാ വ്യതിയാനത്തിലേക്കു നയിക്കുന്നതെന്ന് കരുതപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടായി, വിശേഷിച്ചും 1970കള്‍ക്കു ശേഷം രൂക്ഷമായിട്ടുള്ളതും “ആഗോളതാപനം” എന്നു വിശേഷിപ്പിക്കപ്പെടുന്നതുമായ അടുത്ത കാലത്തെ കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യകാരണങ്ങള്‍ പ്രകൃതിയുടെ മേലുള്ള മനുഷ്യരുടെ ഇടപെടലുകളാണ്. ഇന്ന് കാലാവസ്ഥാ വ്യതിയാനമെന്നതുകൊണ്ട് പ്രധാനമായും അര്‍ഥമാക്കുന്നത്, പ്രകൃതി പ്രതിഭാസങ്ങളിലൂടെയുണ്ടാകുന്ന മാറ്റങ്ങളെ അപേക്ഷിച്ച്, മനുഷ്യരുടെ ഇടപെടലുകളിലൂടെയുണ്ടാകുന്ന പരിവര്‍ത്തനങ്ങളെയാണ്. ആയതിനാല്‍, ഇന്ന് പരിസ്ഥിതി നയവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോള്‍, മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്നതും ആഗോള താപനമെന്നു വിവക്ഷിക്കപ്പെടുന്നതുമായ കാലാവസ്ഥാ വ്യതിയാനമാണ് കേന്ദ്രചര്‍ച്ചാവിഷയം.
കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്നതില്‍ ഏറ്റവും പ്രധാനഘടകം പെട്രോളിയം ഉത്പന്നങ്ങളും കല്‍ക്കരിയും കത്തുമ്പോഴും സിമന്റ് ഉത്പാദനത്തില്‍ നിന്നും മറ്റുമുണ്ടാകുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് (ഇീ2) വാതകമാണ്. ഭൂവിനിയോഗത്തിലുണ്ടാകുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ടും വനനശീകരണത്തിലൂടെയും മറ്റുമുണ്ടാകുന്ന ഓസോണ്‍ ശോഷണവും ഇക്കാര്യത്തില്‍ പങ്കുവഹിക്കുന്നു. ഉപരിതല ഊഷ്മാവിലുണ്ടായിട്ടുള്ള മാറ്റങ്ങളെ സംബന്ധിച്ച് 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മുതലുള്ള കണക്കുകള്‍ ലഭ്യമാണ്. പുരാവസ്തുശാസ്ത്രപ്രകാരമുള്ള തെളിവുകളും ചരിത്രരേഖകളും വായ്‌മൊഴിയായി കിട്ടിയ അറിവുകളും കാലാവസ്ഥാ മാറ്റങ്ങളെ സംബന്ധിച്ച് അറിവ് പകരുന്നുണ്ട്. സംസ്‌കാരങ്ങളുടെ തകര്‍ച്ചയും കാലാവസ്ഥാവ്യതിയാനവും തമ്മിലുള്ള ബന്ധം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.
ഹിമപാളികള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സൂചകമായി കരുതപ്പെടുന്നു. മഞ്ഞുരുകലും അതു പുനഃസ്ഥാപിക്കപ്പെടുന്നതും തമ്മിലുള്ള സന്തുലനമാണ് അവയുടെ അളവ് നിര്‍ണയിക്കുന്നത്. ചൂടുകൂടുമ്പോള്‍ ഉരുകുന്ന മഞ്ഞുപാളികള്‍ക്കു പകരമായി ജലം ഘനീഭവിക്കുന്നില്ലെങ്കില്‍ ഹിമപാളികള്‍ ചുരുങ്ങുകയാവും ചെയ്യുക. ഭൗമപ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളുടെയും ബാഹ്യഘടകങ്ങളുടെയും ഫലമായിട്ടാണ് ഹിമപാളികള്‍ വളരുകയും ചുരുങ്ങുകയും ചെയ്യുന്നത്. അവശേഷിക്കുന്ന ഹിമവ്യാപനം ഏതാണ്ട് 445000 ചതുരശ്ര കിലോമീറ്ററാണെന്ന് കാണക്കാക്കപ്പെട്ടിരിക്കുന്നു. ആഗോള ഹിമനിരീക്ഷണകേന്ദ്രം (ണീൃഹറ ഏഹമരശലൃ ങീിശീേൃശിഴ ടലൃ്ശരല) ഇതു സംബന്ധിച്ച കണക്കുകള്‍ രേഖപ്പെടുത്തിവരുന്നു. 1940കളില്‍ വലിയതോതില്‍ ചുരുങ്ങിയ ഹിമപാളികള്‍ 1920കളിലും 1970കളിലും വളര്‍ന്നതായും 1980കളുടെ മധ്യം മുതല്‍ സ്ഥിരമായി ചുരുങ്ങിവരുന്നതായും കണക്കാക്കപ്പെടുന്നു. പ്രധാനമായും ആര്‍ട്ടിക് ധ്രുവത്തിലെ മഞ്ഞുരുകലാണ് കാലാവസ്ഥാ വ്യതിയാനത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 1978-2000 കാലത്തെ അപേക്ഷിച്ച് ആര്‍ട്ടിക് മഞ്ഞുകട്ടകള്‍ ദശാബ്ദം തോറും 11.5 ശതമാനം കുറയുന്നതായി ഉപഗ്രഹ നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു. ഹിമാലയത്തിലും ഇതേ പ്രക്രിയ നടക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
അന്തരീക്ഷ പദാര്‍ഥത്തിന്റെ മിക്കവാറും ഉള്‍ക്കൊള്ളുന്ന ഭൗമാന്തരീക്ഷത്തിന്റെ ഭൂമിയില്‍നിന്നുള്ള പത്തുകിലോമീറ്റര്‍ വരെയുള്ള ഭാഗത്തെ മാറ്റങ്ങളാണ് കാലാവസ്ഥയെ നിര്‍ണായകമായി സ്വാധീനിക്കുന്നത്. വളരെ കട്ടികുറഞ്ഞ ഈ ഭാഗത്ത് മാറ്റങ്ങള്‍ വരുത്താന്‍ മനുഷ്യര്‍ക്കു കഴിയുന്നതുനിമിത്തം കാലാവസ്ഥാ വ്യതിയാനത്തില്‍ അവരുടെ പങ്ക് വളരെ പ്രധാനമാണ്. അന്തരീക്ഷത്തിലേക്കു വമിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവു തന്നെ ഇതിനു തെളിവാണ്. ഏറ്റവും പ്രധാനപ്പെട്ട ഹരിതഗൃഹ വാതകം നീരാവിയാണ്. ഇതു കാര്യമായ അളവില്‍ മനുഷ്യര്‍ നേരിട്ട് ഉത്പാദിപ്പിക്കുന്നതല്ല. എന്നാല്‍ ഇീ2ന്റെ അളവിലുണ്ടാകുന്ന ഏതൊരു ചെറിയ മാറ്റവും ചൂടു വര്‍ധിപ്പിക്കും. ഇതിനു രണ്ട് കാരണങ്ങളുണ്ട്. ജലവുമായി ചേര്‍ന്ന് വന്‍തോതില്‍ ഇന്‍ഫ്രാ റെഡ് റേഡിയേഷന്‍ ആഗിരണം ചെയ്യാനും ഹരിത ഗൃഹവാതകമെന്ന നിലയില്‍ അത് വീണ്ടും ഭൂമിയിലേക്കു വികിരണം നടത്താനുമുള്ള ഇീ2ന്റെ കഴിവാണ് ഒന്നാമത്തേത്.
രണ്ടാമതായി, നിരവധി ശതവര്‍ഷങ്ങളോളം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കാന്‍ ഇീ2നു കഴിയുമെന്നതാണ്. നീരാവി സാഹചര്യത്തിനനുസൃതമായി സന്തുലനം കൈവരിക്കുമെങ്കിലും, നീരാവിയുടെ അളവിലും താപനിലയിലും ഉണ്ടാകുന്ന വര്‍ധനവനുസരിച്ച് ഉയര്‍ന്ന അളവില്‍ ഹരിതഗൃഹ വാതകപ്രഭാവം സൃഷ്ടിക്കാന്‍ ഇീ2നു കഴിയുമെന്നതാണ് ഗുരുതരമായ പ്രശ്‌നം. മനുഷ്യരുടെ ഇടപെടല്‍ മൂലം ഇീ2ന്റെ അന്തരീക്ഷ അളവില്‍ ഏകദേശം 30 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഹിമയുഗ കാലഗണനപ്രകാരം പോലും ഇത് വളരെ കൂടിയ അളവുതന്നെയാണ്. നിയന്ത്രണമേര്‍പ്പെടുത്തിയില്ലെങ്കില്‍ കഴിഞ്ഞ 50 ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടാകാത്ത തരത്തില്‍ ഭൗമാന്തരീക്ഷത്തില്‍ ഇീ2 കേന്ദ്രീകരിക്കുന്നതിന് മനുഷ്യര്‍ കാരണമാകുമെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ലോക കാലാവസ്ഥാ സംഘടനയും ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗവും സംയുക്തമായി മുന്‍കൈ എടുത്ത് കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച അന്താരാഷ്ട്ര പാനല്‍ (കിലേൃഴീ്‌ലൃിാലിമേഹ ജമിലഹ ീി രഹശാമലേ രവമിഴല) രൂപവത്കരിച്ചത് 1998ലാണ്. മനുഷ്യപ്രേരിത കാലാവസ്ഥാ മാറ്റത്തിന്റെ അപകടസാധ്യതയെപ്പറ്റിയുള്ള ശാസ്ത്രസാങ്കേതികപരവും സാമൂഹ്യ സാമ്പത്തികപരവുമായ വിവരം സമാഹരിക്കുകയും ലഭ്യമാക്കുകയും ചെയ്യുകയെന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. പ്രസിദ്ധീകൃതമാകുകയും പരിശോധനക്കു വിധേയമാകുകയും ചെയ്തിട്ടുള്ള ശാസ്ത്രസാങ്കേതിക പഠനങ്ങളിലൂന്നിയാണ് അത് വിലയിരുത്തലുകള്‍ നടത്തുന്നത്. ദേശീയാടിസ്ഥാനത്തില്‍ ഹരിതഗൃഹവാതക ബഹിര്‍ഗമനത്തെ സംബന്ധിച്ച രണ്ട് വിലയിരുത്തലുകളും നിരവധി റിപ്പോര്‍ട്ടുകളും സാങ്കേതിക പഠനങ്ങളും അവക്കാവശ്യമായ രീതിശാസ്ത്രവും അതു മുന്നോട്ടുവെച്ചിട്ടുണ്ട്. അതിന്റെ 1995ല്‍ പുറത്തിറക്കിയ വിലയിരുത്തല്‍ പ്രകാരം 2100-മാണ്ടില്‍ ആഗോളതാപനം 1 മുതല്‍ 3.5 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കുമെന്നാണ്. 2000ല്‍ പുറത്തുവിട്ട അതിന്റെ റിപ്പോര്‍ട്ട് പ്രകാരം ദിനോസറുകളുടെ യുഗത്തിനു ശേഷം ഒരു കാലത്തുമുണ്ടായിട്ടില്ലാത്തവിധം അടുത്ത 100 വര്‍ഷത്തിനുള്ളില്‍ കാലാവസ്ഥ 10 ഡിഗ്രി ഫാരന്‍ഹീറ്റുവരെ ചൂടുപിടിക്കുമെന്നാണ്. 2001ലെ റിപ്പോര്‍ട്ട് പറയുന്നത് കഴിഞ്ഞ 50 വര്‍ഷത്തിനുള്ളിലെ ആഗോള താപനത്തിന്റെ ഉത്തരവാദിത്വം മനുഷ്യ ഇടപെടലുകള്‍ക്കാണെന്നാണ്.
സമുദ്രനിരപ്പുയരല്‍, ശുദ്ധജല തണ്ണീര്‍ത്തടങ്ങള്‍ മുങ്ങിപ്പോകല്‍, താഴ്ന്ന ദ്വീപസമൂഹങ്ങളും നഗരങ്ങളും കടല്‍ വെള്ളത്താല്‍ ഇല്ലാതാകല്‍ തുടങ്ങിയവയെല്ലാം ആഗോളതാപനത്തിന്റെ പരിണതികളാണ്. ഒരു ഭാഗത്ത് വരള്‍ച്ചയും കാട്ടുതീകളും, മറുഭാഗത്ത് വെള്ളപ്പൊക്കവും ചുഴലിക്കൊടുങ്കാറ്റും മറ്റുമടക്കം മഴയിലെ മാറ്റങ്ങള്‍ക്കും ഇതു കാരണമാകുന്നു. മഞ്ഞുപാളികള്‍ ഉരുകുന്നതും ധ്രുവപ്രദേശങ്ങളിലെ ആവാസവ്യവസ്ഥ നഷ്ടമാകുന്നതും ഇതിന്റെ ഭാഗമാണ്. ഹിമമലകള്‍ ചുരുങ്ങുന്നതും ഭക്ഷ്യലഭ്യത കുറയുന്നതടക്കം ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ധ്രുവക്കരടികളുടെ വംശനാശത്തിലേക്കു നയിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജന്തുവര്‍ഗങ്ങളുടെ വ്യാപകമായ തിരോധാനവും രോഗവ്യാപനവും മലേറിയ പോലുള്ള രോഗങ്ങള്‍ ചൂടേറിയ മേഖലകളിലേക്കു പടരുന്നതും വ്യാപകമാകുന്നു. കടലില്‍ അമ്ലത്തിന്റെ അളവു കൂടുന്നതും പവിഴപ്പുറ്റുകള്‍ അപ്രത്യക്ഷമാകുന്നതും മറ്റും വാര്‍ത്തകളില്‍ ഇടം പിടിച്ചുകഴിഞ്ഞു.
വിനാശകരമായ ഈ പരിസ്ഥിതിയിലും കാര്‍ബണ്‍ വാതക ബഹിര്‍ഗമനം കച്ചവടാടിസ്ഥാനത്തിലാക്കുന്നതിനുള്ള രീതികള്‍ കണ്ടെത്തുന്നതിലേക്കു ചര്‍ച്ചകള്‍ ചുരുങ്ങുന്നതാണ് കാണാന്‍ കഴിയുന്നത്. ക്വോട്ടോ ഉടമ്പടി പ്രകാരം, 1990നെ അപേക്ഷിച്ച് 2008നും 2012നുമിടയില്‍ വികസിത രാജ്യങ്ങള്‍ അവരുടെ വാതക ബഹിര്‍ഗമനങ്ങള്‍ 5.2 ശതമാനം കണ്ടു വെട്ടിക്കുറക്കാന്‍ ബാധ്യസ്ഥരാണ്. ഇതുപ്രകാരം അമേരിക്കയുടെ ഇീ2 ബഹിര്‍ഗമനം 2010ല്‍ 400 ദശലക്ഷം ടണ്‍ കണ്ടു കുറക്കേണ്ടതായിരുന്നു. ഇതു ചെയ്യുന്നതിനു പകരം കൂടുതല്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തിനു കാരണമാകുന്ന വികസന പദ്ധതികളുമായി നീങ്ങുകയാണ് വികസിത രാജ്യങ്ങള്‍. ഇതേ വികസന മാതൃക പിന്തുടര്‍ന്ന് വികസ്വര രാജ്യങ്ങളും കാര്‍ബണ്‍ വാതക ബഹിര്‍ഗമനം കൂടിയ അളവില്‍ നടപ്പാക്കുകയാണ്. സൂര്യന്‍, കാറ്റ്, തിരമാല തുടങ്ങിയ ബദല്‍ ഊര്‍ജസ്രോതസ്സുകള്‍ സാധ്യമായിരിക്കെ, അക്കാര്യത്തിലൊന്നും ആവശ്യമായ താത്പര്യം ഭരണകേന്ദ്രങ്ങള്‍ കാണിക്കുന്നില്ല. സമ്പന്ന രാജ്യങ്ങള്‍ അവരുടെ ഉയര്‍ന്ന ഊര്‍ജോപഭോഗവും ആഡംബര ഉപഭോഗവുമായി നീങ്ങുകയും വികസ്വര രാജ്യങ്ങളിലെ വരേണ്യവര്‍ഗങ്ങള്‍ അവരെ അനുകരിക്കുകയും ചെയ്യുമ്പോള്‍ ആഗോളതാപനം കുത്തനെ ഉയരുകയാണ്. പരിസ്ഥിതിയുടെ മേലുള്ള അപകടകരമായ പരീക്ഷണമാണിത്.
ഊര്‍ജോപഭോഗം വെട്ടിക്കുറച്ചും പരിസ്ഥിതി സൗഹൃദമായ ബദല്‍ ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്തിയും പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടതിനുപകരം “കാര്‍ബണ്‍ കണ്ടുകെട്ടല്‍” പോലുള്ള വിചിത്രമായ നിര്‍ദേശങ്ങളാണ് മുന്നോട്ടുവെക്കപ്പെടുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമന ധാരയില്‍നിന്നും വലിയ അളവില്‍ അത് ഊറ്റിയെടുത്തു സമുദ്രത്തിന്റെ അടിത്തട്ടില്‍ നിക്ഷേപിക്കുകയെന്നത് ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന ഒരു അന്വേഷണമാണ്. അപ്രകാരം ഇീ2 നിക്ഷേപിക്കാന്‍ കഴിഞ്ഞാല്‍ തന്നെ അത് അവിടെ സ്ഥിരമായിരിക്കുമോ, മുകള്‍ത്തട്ടിലേക്കു ഒഴുകിയെത്തില്ലേ, സമുദ്രവുമായി ലയിച്ചുചേരില്ലെ തുടങ്ങിയ കാര്യങ്ങളൊന്നും ഇതിന്റെ വക്താക്കളെ അലട്ടുന്നതേയില്ല. ആണവാവശിഷ്ടങ്ങള്‍ കടലിന്റെ അടിത്തട്ടില്‍ നിക്ഷേപിച്ചതിന്റെ ദുരന്താനുഭവങ്ങളില്‍ നിന്നു പാഠം പഠിക്കുന്നതേയില്ല. വാസ്തവത്തില്‍ കാര്‍ബണ്‍ കണ്ടുകെട്ടല്‍ പോലുള്ള പദ്ധതികള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള കണ്‍കെട്ടുവിദ്യകള്‍ മാത്രമാണ്. നവഉദാരീകരണ വികസന അജന്‍ഡയും അതിന്റെ ഉപഭോഗപരതയും ഊര്‍ജ ഉപഭോഗവും കൈയൊഴിഞ്ഞ് ഒരു ബദല്‍ ജനപക്ഷ വികസന പരിപ്രേക്ഷ്യം ആവിഷ്‌കരിക്കുകയെന്ന കേന്ദ്രവിഷയം കോര്‍പറേറ്റ് ശക്തികളും അവരെ സേവിക്കുന്ന രാഷ്ട്രീയവര്‍ഗവും മൂടിവെക്കുകയാണ്. അതുപോലെ തന്നെ, ഹിമാലയന്‍ നിരകള്‍ സംരക്ഷിച്ച് പ്രകൃതിദുരന്തങ്ങള്‍ ഒഴിവാക്കുകയെന്നതും ആവശ്യപ്പെടുന്നത് രാഷ്ട്രീയ പരിഹാരമാണ്.
മൃഗങ്ങള്‍ കേവലം പ്രകൃതിയുടെ ഭാഗമാകുമ്പോള്‍, മനുഷ്യര്‍ ശ്രമിക്കുന്നത് അതിനെ വരുതിയിലാക്കാനും അതിന്റെ മേല്‍ ആധിപത്യമേര്‍പ്പെടുത്താനുമാണ്. അതേസമയം, മുതലാളിത്തവ്യവസ്ഥയുടെ ആവിര്‍ഭാവം വരെ പ്രകൃതിയും മനുഷ്യരും തമ്മില്‍ ഒരു വൈരുദ്ധ്യാത്മക ബന്ധം നിലനിന്നിരുന്നതായി കാണാം. എന്നാല്‍ മുതലാളിമാരെ സംബന്ധിച്ചിടത്തോളം പ്രകൃതിയെന്നത് വെറും ഒരു ഉത്പാദനോപാധിയും പ്രകൃതി വിഭവങ്ങള്‍ കൊള്ളയയടിച്ച് മൂലധനാര്‍ത്തി പൂരണത്തിനുള്ള ഒരു മാര്‍ഗവുമാണ്. അതായത്, പ്രകൃതിയും മനുഷ്യരും തമ്മിലുള്ള വൈരുധ്യാത്മക ഐക്യം മുതലാളിത്തവ്യവസ്ഥയില്‍ ശത്രുതാപരമായ ഒരു വൈരുധ്യമായി രൂപാന്തരം പ്രാപിക്കുകയാണുണ്ടായത്. ഒരു വൈദേശികാക്രമണകാരി ജനങ്ങളെ ആക്രമിക്കുന്നതുപോലെ, പ്രകൃതിക്കു ബാഹ്യമായി നിന്നുകൊണ്ട് അതിന്റെ മേല്‍ ആധിപത്യമേര്‍പ്പെടുത്തുകയാണ് മുതലാളിത്തം ചെയ്യുന്നത്. സമ്പത്തിന്റെ ഉറവിടമെന്ന നിലയില്‍ മുതലാളിവര്‍ഗം പ്രകൃതിയെ അപഹരിക്കുകയും പ്രകൃതിവിഭവങ്ങളെ വര്‍ധമാനമായ തോതില്‍ ചരക്കുവത്കരിക്കുകയുമാണ്. മുതലാളിത്ത-സാമ്രാജ്യത്വവ്യവസ്ഥ സൃഷ്ടിക്കുന്ന ഈ പ്രാകൃതാവസ്ഥയെ ഉത്പാദനോപാധികളുടെ മേലുള്ള സ്വകാര്യ ഉടമസ്ഥതയെ എടുത്തെറിഞ്ഞുകൊണ്ട് സാമൂഹ്യ ഉടമസ്ഥത സ്ഥാപിച്ചുകൊണ്ടുമാത്രമേ മറികടക്കാനാകൂ. ഉത്പാദനോപാധികളുടെ മേലുള്ള സാമൂഹ്യ ഉടമസ്ഥതയിലൂടെ മാത്രമേ പ്രകൃതിയും മനുഷ്യരും തമ്മിലുള്ള വൈരുധ്യാത്മക ഐക്യം പുനഃസ്ഥാപിക്കപ്പെടൂ.
ഇപ്രകാരം ഹിമാലയമേഖലയടക്കം ലോകത്തെ വിവിധ മേഖലകളിലും വര്‍ധമാനമായ തോതില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി വിനാശവും കാലാവസ്ഥാ വ്യതിയാനവും അവയുമായി ബന്ധപ്പെട്ട ഉപഭോഗതൃഷ്ണയും വിഭവങ്ങളുടെ ദുര്‍വ്യയവും വിശാല ജനവിഭാഗങ്ങളുടെ പാപ്പരീകരണവുമെല്ലാം കോര്‍പറേറ്റ് മൂലധനശക്തികള്‍ പ്രോത്സാഹിപ്പിക്കുന്ന നവഉദാരീകരണനയങ്ങളുടെ സൃഷ്ടിയാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ വര്‍ത്തമാന ഭരണവ്യവസ്ഥക്കെതിരെ ഒരു ബദല്‍ വികസന പരിപ്രേക്ഷ്യം വളര്‍ത്തിക്കൊണ്ടുവരികയെന്നതു മാത്രമാണ് പരിഹാരം. ബഹുമുഖമാനങ്ങളുള്ള സ്ഥായിയായ ഒരു സമരമാണ് ഇതിനാവശ്യം. ഒന്നാമതായി ആവശ്യമായിട്ടുള്ളത് എല്ലാ സമാന മനസ്‌ക്കരുമായി ചേര്‍ന്ന് ആസന്നമായ പരിസ്ഥിതി ദുരന്തത്തിനെതിരായ ക്യാമ്പയിനിന്റെ ഭാഗമായി ഇക്കാര്യത്തെ സംബന്ധിച്ച സമഗ്രപഠനവും പ്രചാരണവുമാണ്. വര്‍ത്തമാന നവഉദാരീകരണ വികസന മാതൃകയുടെ ഭാഗമായ പദ്ധതികള്‍ക്കെതിരെ എല്ലാവരുമായി ചേര്‍ന്ന് ചെറുത്തുനില്‍പ്പുകള്‍ വളര്‍ത്തിയെടുക്കുകയെന്നതാണ് രണ്ടാമത്തേത്. പ്രകൃതിയുടെയും വിശാല ജനവിഭാഗങ്ങളുടെയും മേല്‍ വിനാശം അടിച്ചേല്‍പ്പിക്കുന്ന ഇന്നത്തെ ഭരണവ്യവസ്ഥക്കെതിരെ പ്രക്ഷോഭം വളര്‍ത്തുകയും ഒരു ജനപക്ഷ, പരിസ്ഥിതസൗഹൃദ ജനാധിപത്യബദല്‍ വികസന പാത വളര്‍ത്തിക്കൊണ്ടുവരികയുമാണ് മൂന്നാമത്തേത്. ചുരുക്കത്തില്‍, ഹിമാലയത്തിന്റെയും പശ്ചിമഘട്ടത്തിന്റെയും പൂര്‍വ്വഘട്ടത്തിന്റെയുമെല്ലാം സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ജനകീയ പ്രസ്ഥാനങ്ങളുമായി ഐക്യപ്പെട്ട് പ്രവര്‍ത്തിക്കുന്നതോടൊപ്പം ഈ ധാരകളെയെല്ലാം കോര്‍പറേറ്റുവത്കരണത്തിനെതിരെ ജനകീയ വികസനവുമായി കണ്ണിചേര്‍ക്കുന്ന രാഷ്ട്രീയ ബദലാണ് വളര്‍ന്നുവരേണ്ടത്.

Latest