ഗ്രീസ് വഴി കാണിക്കുന്നു

Posted on: February 16, 2015 3:16 pm | Last updated: February 16, 2015 at 3:16 pm

യൂറോപ്പിന് മാത്രമല്ല ലോകത്തിനാകെ വഴി കാണിക്കുകയും ബദല്‍ പ്രതീക്ഷ പകരുകയും ചെയ്യുന്ന ഭരണമാറ്റമാണ് ഗ്രീസില്‍ സാധ്യമായിരിക്കുന്നത്. ഉദാരവത്കരണത്തിന്റെ കെടുതികളെക്കുറിച്ച് ജനങ്ങള്‍ തികച്ചും ബോധവാന്‍മാരാണെന്നും ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് ഇത്തരം നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുമെന്നും ഗ്രീസിലെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. വെറും രണ്ട് വര്‍ഷത്തെ മാത്രം പ്രവര്‍ത്തന പരിചയമുള്ള ഒരു പാര്‍ട്ടിയെയും വെറും നാല്‍പ്പത് വയസ്സുമാത്രം പ്രായമുള്ള അതിന്റെ നേതാവിനെയും ഭരണം ഏല്‍പ്പിക്കുക വഴി ഗ്രീക്ക് ജനത ബാലറ്റിലൂടെ ബദല്‍ ഒരുക്കുകയായിരുന്നു. ഡല്‍ഹിയില്‍ എ എ പി നേടിയ വിജയത്തോട് ഏറെ സമാനതകളുണ്ട് അതിന്.
നിലവില്‍ ഗ്രീസിന്റെ ഭരണം കൈയാളിയിരുന്ന അന്റോണിസ് സമരാസിന്റെ ന്യൂ ഡോമോക്രാറ്റിക് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തോറ്റമ്പി. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം മാത്രമുള്ള ഇടതുപക്ഷ പാര്‍ട്ടി സിറിസ വിജയക്കൊടി പാറിച്ചു. നാല്‍പത് വയസ്സ് മാത്രമുള്ള ഇടത് നേതാവ് അലക്‌സിസ് സിപ്രാസ് പ്രധാനമന്ത്രിയായിരിക്കുന്നു. പരമ്പരാഗത ഇടതു പാര്‍ട്ടികളെയും വലതുപക്ഷ പാര്‍ട്ടികളെയും ഒരുപോലെ പിന്തള്ളിയാണ് സിപ്രാസിന്റെ സിറിസ ചരിത്രം കുറിച്ചിരിക്കുന്നത്. 36 ശതമാനം വോട്ടാണ് സിറിസ പാര്‍ട്ടി നേടിയത്. ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയേക്കാള്‍ ഒന്‍പത് ശത്മാനം അധികം വോട്ടുകള്‍. 300 അംഗ പാര്‍ലിമെന്റില്‍ കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റിന്റെ കുറവുണ്ടാകും സിറിസക്ക്. 12 അംഗങ്ങളുള്ള വലതുപക്ഷ പാര്‍ട്ടിയായ നാഷനലിസ്റ്റുകളുടെ പിന്തുണയോടെ യാണ് അലക്‌സി സിപ്രാസ് സര്‍ക്കാര്‍ രൂപവത്കരിച്ചിരിക്കുന്നത്.
2002ന്റെ പുതുവത്സരത്തില്‍ ഗ്രീസ് യൂറോപ്യന്‍ യൂനിയന്റെ സംയുക്ത കറന്‍സിയിലേക്ക് ചുവടുമാറുമ്പോള്‍ പ്രതീക്ഷ മാത്രമാണ് ഉണ്ടായിരുന്നത്. ആര്‍ഭാടകരമായ ജീവിതത്തിലേക്ക് ഗ്രീസ് വഴിമാറി. യൂറോയെന്ന ശക്തമായ കറന്‍ സി നല്‍കിയ ആത്മവിശ്വാസം അത്ര വലുതായിരുന്നു. ഗ്രീക്ക് സര്‍ക്കാര്‍ കടമെടുപ്പ് തുടങ്ങി. രാജ്യത്തെ ദീര്‍ഘകാലത്തേക്ക് പരിവര്‍ത്തിപ്പിക്കാന്‍ എല്ലാ മേഖലകളിലും കൂടുതല്‍ മുതല്‍ മുടക്ക് വേണമെന്നായിരുന്നു ന്യായം. കടമെടുക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്കിന്റെ പിന്തുണ വേണ്ടുവോളം ഉണ്ടായിരുന്നു. പക്ഷേ, 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഗ്രീസിനെ മാത്രമല്ല, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി തുടങ്ങിയ ഇ യു രാജ്യങ്ങളെയാകെ പിടിച്ചുലച്ചു. എല്ലാ സൂചകങ്ങളും പിന്‍മടങ്ങാന്‍ തുടങ്ങി. കടം തിരിച്ചടക്കാനാകാതെ നട്ടം തിരിഞ്ഞു. നവ ലിബറല്‍ സാമ്പത്തിക നയത്തിന്റെ പോംവഴി കടം തന്നെയാണല്ലോ. 2010ല്‍ യൂറോപ്യന്‍ യൂനിയനും അന്താരാഷ്ട്ര നാണയ നിധിയും 11,000 കോടി യൂറോ ഗ്രീസിന് ഗഡുക്കളായി നല്‍കി. അതുകൊണ്ട് പോരാഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ 13,000 കോടി കൂടി അനുവദിക്കപ്പെട്ടു. രക്ഷാപാക്കേജ് എന്നാണ് ഈ സാമ്പത്തിക സഹായത്തിന്റെ പേരെങ്കിലും നാട്ടിലെ വട്ടിപ്പലിശക്കാരില്‍ നിന്ന് കടം വാങ്ങിയ പോലെ കടുത്ത ശിക്ഷയായി മാറി ഇത്. സര്‍ ക്കാര്‍ അതിന്റെ ചെലവ് കുത്തനെ വെട്ടിക്കുറക്കണമെന്ന നിബന്ധനയോടെയായിരുന്നു വായ്പാ പ്രവാഹം. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷാ പദ്ധതികള്‍ എന്നിവയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. ഇതിന്റെ ഫലം അത്യന്തം ഭീതിദമായിരുന്നു. ഗ്രീക്ക് ജനതയില്‍ മൂന്നിലൊന്നും ദരിദ്രരായി. തൊഴിലില്ലായ്മ 25 ശതമാനമായി ഉയര്‍ന്നു. തെരുവുകള്‍ പ്രക്ഷോഭ ഭരിതമായി. തൊഴിലാളികള്‍ നിരന്തരം സമരത്തിലേക്ക് നീങ്ങി. ചെലവ് ചുരുക്കല്‍ നയത്തിനെതിരെ കൂറ്റന്‍ പ്രതിഷേധമുയര്‍ന്നിട്ടും സമരാസ് സര്‍ക്കാറിനോ പപ്പന്‍ ഡ്രൂ സര്‍ക്കാറിനോ വീണ്ടു വിചാരമുണ്ടായില്ല.
ജര്‍മനിയടക്കമുള്ള ഇ യു മേലാളന്‍മാരുടെ തീട്ടൂരത്തിന് വഴിപ്പെട്ട മുന്‍ സര്‍ക്കാറുകളുടെ കൊള്ളരുതായ്മയില്‍ നിന്നാണ് സിറിസ സഖ്യം ഊര്‍ജം സംഭരിച്ചത്. ദി കൊയലീഷ്യന്‍ ഓഫ് ലെഫ്റ്റ് അഥവാ സിനാസ്പിമോസ് ആണ് സിരിസയിലെ ഏറ്റവും വലിയ കക്ഷി. ഡെമോക്രാറ്റിക് സോഷ്യലിസം, ഇക്കോ സോഷ്യലിസം, യൂറോ കമ്യൂണിസം തുടങ്ങിയ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കക്ഷി. വിധേയത്വത്തിന്റെ കാണാച്ചരടുകള്‍ ഒളിപ്പിച്ചുവെച്ച നിലവിലുള്ള വായ്പാ കരാര്‍ വ്യവസ്ഥ റദ്ദാക്കുകയും പുതിയ വ്യവസ്ഥകള്‍ ഐ എം എഫിനും യൂറോപ്യന്‍ കമ്മീഷനും യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്കിനും മുന്നില്‍ വെക്കുകയും ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സിപ്രാസ് ഉറപ്പ് നല്‍കിയിരുന്നു. പിരിച്ചുവിട്ട സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ തിരിച്ചെടുക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ തിരിച്ചുപിടിക്കും. ക്ഷേമ പദ്ധതികളില്‍ സര്‍ക്കാറിന്റെ മുതല്‍മുടക്ക് തിരിച്ചുകൊണ്ടുവരും. മിനിമം കൂലി വര്‍ധിപ്പിക്കും. ആത്യന്തികമായി ഗ്രീസിന്റെ അന്തസ്സ് തിരിച്ചുപിടിക്കും. യൂറോപ്പിനോട് കൂടുതല്‍ ആത്മവിശ്വാസത്തോടെ സംസാരിക്കാനുള്ള സാഹചര്യമൊരുക്കും. ഈ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള ശ്രമം അദ്ദേഹത്തിന്റെ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. പണ്ട് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജര്‍മനിയുടെ കടം എഴുതിത്തള്ളിയിരുന്നു. അതേ മാതൃകയില്‍ തങ്ങളെയും കടബാധ്യതയില്‍ നിന്ന് ഒഴിവാക്കണമെന്ന് പുതിയ സര്‍ക്കാര്‍ വാദിക്കുന്നു. ഈ നയം മാറ്റം ഗ്രീക്ക് സമ്പദ്‌വ്യവസ്ഥയില്‍ താത്കാലിക കൂട്ടക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയേക്കാം. കൂടുതല്‍ വായ്പ ലഭിക്കാതെ രാജ്യം ഞെരുങ്ങിയേക്കാം. ഇ യുവില്‍ നിന്ന് തന്നെ പുറത്തുകടന്നേക്കാം. എന്നാല്‍ ഇതൊക്കെയാണെങ്കിലും സ്വയം നിര്‍ണായവകാശത്തിന്റെ ഉദാത്ത മാതൃകകള്‍ പുതിയ ഗ്രീസ് മുന്നോട്ട് വെക്കുന്നുണ്ട്. അമേരിക്കയുടെ ഔദാര്യം കാത്തുകഴിയുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് വലിയ പാഠം നല്‍കുന്നു ഈ ഗ്രീക്ക് പരിവര്‍ത്തനം. ഒപ്പം യൂറോപ്പിലെ ഇടതുപക്ഷ രാഷ്ട്രീയം അഥവാ ബദല്‍ രാഷ്ട്രീയം ശക്തിപ്പെടുമെന്ന പ്രതീക്ഷയും.