ലോകകപ്പിലെ ആദ്യ അട്ടിമറി; അയര്‍ലന്റ് വിന്‍ഡീസിനെ തോല്‍പ്പിച്ചു

Posted on: February 16, 2015 11:37 am | Last updated: February 22, 2015 at 3:01 pm

West Indies v Ireland - 2015 ICC Cricket World Cupനെല്‍സണ്‍: വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് അയര്‍ലന്റ് ഈ ലോകകപ്പിലെ ആദ്യ അട്ടിമറി വിജയം സ്വന്തമാക്കി. നാല് വിക്കറ്റിനാണ് അയര്‍ലന്റ് ജയിച്ചത്. ടോസ് നേടി വിന്‍ഡീസിനെ ബാറ്റിങ്ങിനയച്ച അയര്‍ലന്റ് ആവനാഴിയിലെ അസ്ത്രങ്ങള്‍ ഓരോന്നോരോന്നായി പുറത്തെടുക്കുകയായിരുന്നു. വിന്‍ഡീസ് ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം 25 പന്ത് ബാക്കി വച്ചാണ് അയര്‍ലന്റ് വിജയം സ്വന്തമാക്കിയത്. സ്റ്റിര്‍ലിങാണ് മാന്‍ ഓഫ് ദ മാച്ച്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 7 വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് നേടി. സിമ്മണ്‍സിന്റെ സെഞ്ച്വറി മികവിലാണ്‌ മികച്ച സ്‌കോര്‍ നേടാനായത്. വെടിക്കെട്ടുവീരന്‍ ക്രിസ് ഗെയില്‍ മെല്ലെപ്പോകുന്നതാണ് മത്സരത്തില്‍ ആദ്യം കണ്ട വിന്‍ഡീസിന്റെ പതനം. 65 പന്ത് നേരിട്ട ഗെയിലിന് 36 റണ്‍സ് മാത്രമാണ് എടുക്കാനായത്. മറ്റൊരു ഓപ്പണര്‍ സ്മിത്ത് 24 പന്തില്‍ 18 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. ആറാമനായി ഇറങ്ങിയ സിമ്മണ്‍സ് 84 പന്തിലാണ് 102 റണ്‍സ് അടിച്ചെടുത്തത്. അഞ്ച് സിക്‌സറുകളും ഒമ്പത് ഫോറുകളും ആ ബാറ്റില്‍ നിന്ന് പിറന്നു. സിമണ്‍സിന് 89 റണ്‍സുമായി ഡാരന്‍ സാമിയും മികച്ച പിന്തുണ നല്‍കി. 67 പന്തില്‍ നാല് സിക്‌സറുകളുടേയും ഒമ്പത് ഫോറുകളുടേയും അകമ്പടിയോടെചയാണ് സാമി 89 റണ്‍സെടുത്തത്. അയര്‍ലന്റിനായി ഡോക്‌റല്‍ 3 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്റിന് വേണ്ടി സ്റ്റിര്‍ലിങ് (92), ജോയ്‌സ് (84), നീല്‍ ഒബ്രിയന്‍ (79*) എന്നിവര്‍ മികച്ച ബാറ്റിങ് പുറത്തെടുത്തു. 45.5 ഓവറില്‍ അയര്‍ലന്റ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. വിന്‍ഡീസിന് വേണ്ടി ജെറോം ടെയ്‌ലര്‍ മൂന്ന് വിക്കറ്റ് നേടി.