Connect with us

National

പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 82 പൈസയും ഡീസലിന് 61 പൈസയുമാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ നികുതി കൂടി പരിഗണിച്ചാല്‍ വര്‍ധനവില്‍ നേരിയ വ്യത്യാസമുണ്ടാകും. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ തുടര്‍ച്ചയായി കുറഞ്ഞ ഇന്ധന വില ഇതാദ്യമായാണ് വര്‍ധിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞ സാഹചര്യത്തിലായിരുന്നു വില കുറച്ചത്.
ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ വര്‍ധന വന്നതോടെയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തിടുക്കം കൂട്ടിയത്. അസംസ്‌കൃത എണ്ണയുടെ വില വന്‍തോതില്‍ കുറഞ്ഞപ്പോള്‍ എക്‌സൈസ് നികുതി വര്‍ധിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. കഴിഞ്ഞ നവംബറിന് ശേഷം നാല് തവണയാണ് എക്‌സൈസ് നികുതി സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.
ആഗസ്റ്റിന് ശേഷം പെട്രോള്‍ വില തുടര്‍ച്ചയായി പത്ത് തവണയും ഡീസല്‍ വില ഒക്‌ടോബറിന് ശേഷം ആറ് തവണയും കുറച്ചിരുന്നു. ഏറ്റവും അവസാനമായി ഫെബ്രുവരി ആദ്യം പെട്രോള്‍ ലിറ്ററിന് 2.42 രൂപയും ഡീസല്‍ ലിറ്ററിന് 2.25 രൂപയുമാണ് കുറച്ചത്. വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതുമാണ് വില വര്‍ധനവിന് കാരണമെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനി അധികൃതര്‍ പറയുന്നത്.
അതേസമയം, ക്രൂഡ് ഓയില്‍ വില തുടര്‍ച്ചയായ ഇടിവില്‍ നിന്ന് കരകയറിത്തുടങ്ങി. ബാരലിന് അമ്പത് ഡോളറിന് താഴെ വരെയായിരുന്ന വില അറുപത് ഡോളറിന് മുകളിലേക്ക് കയറി. കഴിഞ്ഞ ജൂണില്‍ ബാരലിന് 115 ഡോളറായിരുന്ന ക്രൂഡ് ഓയില്‍ വില അറുപത് ശതമാനം വരെ താഴ്ന്ന് 45.19 ഡോളര്‍ വരെ എത്തിയിരുന്നു.