ഭൂപരിഷ്‌കരണ നിയമം മാറ്റുന്നു

Posted on: February 16, 2015 11:10 am | Last updated: February 17, 2015 at 12:14 am

landതിരുവനന്തപുരം: ഭൂപരിധി വ്യവസ്ഥയില്‍ ഇളവ് നല്‍കി ഭൂപരിഷ്‌കരണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്‍ തയ്യാറാക്കി. വ്യവസായങ്ങള്‍ ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് നിയമ ഭേദഗതിയെന്നാണ് സര്‍ക്കാര്‍ വാദം. നിബന്ധനകള്‍ക്ക് വിധേയമായി സ്വകാര്യ വ്യവസായങ്ങള്‍ക്ക് ഭൂപരിധി വ്യവസ്ഥയില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഭൂപരിഷ്‌കരണ നിയമം മാറ്റണമെന്ന നിര്‍ദേശം വ്യവസായ വകുപ്പാണ് മുന്നോട്ടുവെച്ചത്. സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്റെ എതിര്‍പ്പ് മറികടന്നാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്. നിയമത്തില്‍ ഇളവ് നല്‍കുന്നത് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്കയാണ് ലാന്‍ഡ് ബോര്‍ഡ് ഉയര്‍ത്തുന്നത്.

ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ടൂറിസം മേഖലകളിലാണ് ഭൂപരിധി ഇളവ് ലഭിക്കുക. റവന്യൂ വകുപ്പ് തയ്യാറാക്കിയ ഭേദഗതി ബില്‍ അഭിപ്രായം തേടി വിവിധ വകുപ്പുകള്‍ക്ക് അയച്ചുകൊടുത്തു. ഭൂപരിഷ്‌കരണ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന നിര്‍ദേശം എമര്‍ജിംഗ് കേരള നിക്ഷേപ സംഗമത്തില്‍ തന്നെ ഉയര്‍ന്നുവന്നിരുന്നു. എമര്‍ജിംഗ് കേരളയിലെ തീരുമാനങ്ങള്‍ പലതും നടപ്പായെങ്കിലും ചില പദ്ധതികള്‍ക്ക് ഭൂപരിധി നിയമമടക്കമുള്ളവ തടസ്സം നില്‍ക്കുന്നതായി വ്യവസായ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. നിക്ഷേപിക്കുന്ന തുകയും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളും കണക്കിലെടുത്താകും കൈവശം വെക്കാവുന്ന ഭൂപരിധിയില്‍ ഇളവ് നല്‍കുക. നിലവിലുള്ള നിയമം അനുസരിച്ച് ഒരാള്‍ക്ക് കൈവശം വെക്കാവുന്നത് പതിനഞ്ച് ഏക്കര്‍ ഭൂമിയാണ്. ഇതില്‍ പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മാത്രമാണ് ഇളവ് ഉള്ളത്. ഈ ഇളവ് ഐ ടി പാര്‍ക്കുകള്‍ പോലുള്ള സംരംഭങ്ങള്‍ക്ക് കൂടി ബാധകമാക്കും.
സംസ്ഥാനത്ത് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് തടസ്സം ഭൂമിയുടെ ലഭ്യതയും ഭൂവിനിയോഗ നിയമങ്ങളിലെ വ്യവസ്ഥകളുമാണെന്നാണ് വ്യവസായ വകുപ്പിന്റെ വാദം. പല സംരംഭകരും ഭൂനിയമത്തില്‍ മാറ്റം വേണമെന്ന് നിരന്തരം ആവശ്യപ്പെട്ട് വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് കാതലായ പരിഷ്‌കാരങ്ങളുമായി ഭൂപരിഷ്‌കരണ നിയമം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അഞ്ച് കോടിയുടെ നിക്ഷേപത്തിന് ഒരേക്കര്‍ എന്ന കണക്കില്‍ ഇളവ് നല്‍കാനാണ് നീക്കം. നിക്ഷേപത്തുക കൂടുന്നതനുസരിച്ച് ഇളവ് നല്‍കുന്ന ഭൂമിയുടെ അളവും കൂടും. കൂടാതെ ഇരുപത് തൊഴിലവസരങ്ങള്‍ക്ക് ഒരേക്കര്‍ എന്ന നിലക്കും ഇളവ് ലഭിക്കും. കൂടുതല്‍ നിക്ഷേപവും തൊഴിലവസരങ്ങളും നല്‍കുന്ന പദ്ധതികളെ പൊതു ആവശ്യമായി പരിഗണിച്ച് നയ രൂപവത്കരണം നടത്തണമെന്നാണ് വ്യവസായ വകുപ്പിന്റെ നിലപാട്.
യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇത് രണ്ടാം തവണയാണ് ഭൂപരിഷ്‌കരണ നിയമത്തില്‍ ഭേദഗതി വരുത്തുന്നത്. തോട്ട ഭൂമിയുടെ അഞ്ച് ശതമാനം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു ആദ്യ ഭേദഗതി.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് തന്നെ വ്യവസായ വകുപ്പില്‍ നിന്ന് ഭൂപരിഷ്‌കരണ നിയമം മാറ്റണമെന്ന നിര്‍ദേശമുയര്‍ന്നിരുന്നു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി ബാലകൃഷ്ണന്‍ മുന്നോട്ടുവെച്ച നിര്‍ദേശത്തിനെതിരെ അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ തന്നെ രംഗത്തുവന്നിരുന്നു. തൊഴില്‍ അവസരം സൃഷ്ടിക്കുന്ന സംരംഭങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന നിര്‍ദേശം സംസ്ഥാന ആസൂത്രണ ബോര്‍ഡും മുന്നോട്ടുവെച്ചിരുന്നു.