കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരുക്ക്

Posted on: February 15, 2015 1:19 pm | Last updated: February 15, 2015 at 1:19 pm

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷക തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റു. മൂവാറ്റുപുഴ സ്വദേശി പുതുശേരിക്കുടി അമീര്‍ജാനാണ്(57) പരുക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ പാല്‍വെളിച്ചത്തുനിന്ന് കാട്ടിക്കുളത്തേക്ക് വനപാതയിലൂടെ നടുവരുന്നതിനിടെ രണ്ടാം ഗെയ്റ്റിനു സമീപത്തായിരുന്നു കാട്ടാനയുടെ ആക്രമണം.
വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ച് പരിധിയിലാണ് രണ്ടാം ഗെയ്റ്റ്. ഏതാനും ആഴ്ചകളായി പാല്‍വെളിച്ചം മൊടാമറ്റത്തില്‍ ജോസിന്റെ കൃഷിയിടത്തിലായിരുന്നു അമീര്‍ജാനു ജോലി. രാവിലെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കൈകള്‍ക്കും പുറത്തും സാരമായി പരുക്കേറ്റ് അവശനിലയിലായ അമീര്‍ജാനെ ജില്ലാ ആശുപത്രിയിലെത്തിച്ചത്.
ഇവിടെനിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ആംബുലന്‍സ് സൗകര്യം ഒരുക്കിയ വനം-വന്യജീവി വകുപ്പ് രോഗിയുടെ സഹായത്തിനു ഫോറസ്റ്ററെ നിയോഗിച്ചിട്ടുണ്ട്.