Connect with us

Malappuram

അകക്കണ്ണിന്റെ കാഴ്ചയില്‍ ശംസുദ്ദീന്‍ മാസ്റ്റര്‍ അധ്യാപനത്തില്‍ ശ്രദ്ധേയനാകുന്നു

Published

|

Last Updated

എടവണ്ണപ്പാറ: അകക്കണ്ണിന്റെ മഹാ വെളിച്ചത്തില്‍ ഐക്കരപ്പടിയിലെ പുത്തൂര്‍പാടം ശംസുദ്ദീന്‍മാസ്റ്റര്‍ ഐ ടി സാധ്യത ഉപയോഗിച്ച അധ്യാപനത്തില്‍ ശ്രദ്ധേയനാവുകയാണ്. കഴിഞ്ഞ ആറു വര്‍ഷമായി ചാലിയപ്പുറം ഗവ. ഹൈസ്‌കൂളില്‍ ജോലി ചെയ്തു വരികയാണ് ഇദ്ദേഹം.

പാഠ ഭാഗങ്ങള്‍ ഓഡിയോ സോഫറ്റ്‌വേര്‍ ഉപയോഗിച്ച് വ്യത്യസ്ത രീതിയില്‍ പഠിതാക്കള്‍ക്ക് എത്തിച്ച് നല്‍കുകയാണ് കഠിനധ്വാനിയായ ഈ അധ്യാപകന്‍. ഏറെ പ്രചാരം നേടിയ ബിന്യാമിന്റെ ആട് ജീവിതത്തിന്റെ ഓഡിയോ ബുക്ക് കുട്ടികള്‍ക്കായി നിര്‍മിക്കുകയാണ് ഇപ്പോള്‍. ചാലിയപ്പുറം ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് ഇതിന് ശബ്ദം നല്‍കിയിരിക്കുന്നത്.
സോഷ്യല്‍ സയന്‍സും മലയാളവുമാണ് ശംസുദ്ദീന്‍ മാഷ് ക്ലാസെടുക്കന്നത്. സാധാരണ അധ്യാപകരെ പോലെ വളരെ തന്മയത്വത്തോടെ ക്ലാസെടുക്കന്നത കാണുമ്പോള്‍ ആരും അത്ഭുതപെട്ടു പോവും. ക്ലാസെടുക്കാനാശ്യമായ ചാര്‍ട്ടുകള്‍ ഭാര്യയുടെ സഹായത്തോടെയാണ് നിര്‍മിക്കുന്നതെന്ന് ശംസുദ്ദീന്‍ മാഷ് പറയുന്നു. ചെറുപ്പത്തിലെ ദാരിദ്രത്തിന്റെ കയ്പു നീര്‍ കുടിച്ചാണ് ശംസുദ്ദീന്‍ മാഷ് ജീവിതം ആരംഭിക്കുന്നത്. പിതാവ് ജോലിക്കിടെ ഇലക്ടിക്ക് ലൈനില്‍ തട്ടി ഗുരുതരമായ പരുക്ക് പറ്റി. പിന്നീട് ഉമ്മയാണ് ജീവിതത്തിന്റെ ഭാരം ചുമലിലേറ്റിയത്.
ഉമ്മയെ സഹായിക്കാന്‍ ജീവിതം സഹനത്തിന്റെയും പോരാട്ടത്തിന്റെയും വഴികള്‍ സ്വീകരിച്ചിരിക്കുകയാണ് ഇദ്ദേഹം. കൊളത്തറയിലെ ബ്ലൈന്‍ഡ് സ്‌കൂള്‍, ചെറുവണ്ണൂര്‍ ഹൈസ്‌കൂള്‍, ഫറുക്ക് കോളജ് എന്നിവിടങ്ങളിലാണ് പഠിച്ചത്.
ഇപ്പോള്‍ സോഷ്യോളജിയില്‍ വിദൂര വിദ്യാസം മുഖേനം പി ജി പഠിക്കുകയാണ്. ഒഴിവ് സമയങ്ങളില്‍ അടുത്ത ക്ലാസിലേക്ക് വേണ്ട വിവരങ്ങള്‍ ഇന്റര്‍ നെറ്റില്‍ പരതുകയാവും ശംസുദ്ദീന്‍ മാഷ്. ആടിയും പാടിയും ക്ലാസെടുക്കുന്ന ശംസുദ്ദീന്‍ മാഷിന്റെ ക്ലാസ് കുട്ടികള്‍ ഏറെ ഇഷ്ടപെടുന്നു. ആടു പാമ്പേ ആടു പാമ്പേ ആടാട് പാമ്പേ എന്ന ശംസുദ്ദീന്‍ മാഷിന്റെ പാട്ട് കേട്ട് കുട്ടികള്‍ കൂട്ടത്തോടെ പാടുമ്പോള്‍ വിധിയുടെ കറുത്ത മുഖങ്ങള്‍ ശംസുദ്ദീന്‍ മാഷിന്റെ മുമ്പില്‍ തോറ്റു പോവുകയാണ്.
ജീവിതത്തില്‍ എളിമ പുലര്‍ത്തണമെന്നാണ് കുട്ടികളോട് ശംസുദ്ദീന്‍ മാഷിന് നല്‍കാനുള്ള ഉപദേശം. ജീവിതത്തില്‍ മുകളിലുള്ളവരെയല്ല നാം ശ്രദ്ധിക്കേണ്ടത്. നമുക്ക് താഴെയുള്ളവരെയാണ് എന്ന് ഇദ്ദേഹം പറയുന്നു. അധ്യാപനത്തില്‍ ഐ ടി സാധ്യതകള്‍ പരമാവധി ഉപയോഗിക്കണമെന്ന് കൊട്ടും കുരവയിടുന്നവര്‍ക്ക് നല്ല ഉദാഹരണമായി മാറുകയാണ് ഈ കര്‍മോത്സുകനായ അധ്യാപകന്‍. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.