കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവം: മൃതദേഹവുമായി 10 മണിക്കൂര്‍ റോഡ് ഉപരോധിച്ചു

Posted on: February 15, 2015 12:06 pm | Last updated: February 15, 2015 at 12:06 pm

ഗൂഡല്ലൂര്‍: പാട്ടവയല്‍ ചോലക്കടവില്‍ നരഭോജിയായ കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഗൂഡല്ലൂര്‍- സുല്‍ത്താന്‍ ബത്തേരി അന്തര്‍സംസ്ഥാന പാത ഉപരോധിച്ചു. ബിദര്‍ക്കാട് കൈവെട്ട സ്വദേശി ശിവകുമാറിന്റെ ഭാര്യ മഹാലക്ഷ്മി (33)യെയാണ് കടുവ ഇന്നലെ കടിച്ചു കൊന്നത്.
കടുവയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു. ബിദര്‍ക്കാട് ചെറുകുന്ന് സ്വദേശി രാജന്റെ മകന്‍ രതീഷ് (28) ആണ് പരുക്കേറ്റത്. ഇയാളെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടുവ സംഭവസ്ഥലത്ത്തന്നെ നിലയുറപ്പിച്ചത് ജനങ്ങളെ പരിഭ്രാന്തരാക്കി. കടുവയെ പിന്നീട് ജനങ്ങള്‍ ഒച്ചവെച്ച് തുരത്തുകയായിരുന്നു.
ഇന്നലെ രാവിലെ 11.30ആണ് സംഭവം. ചോലക്കടവിലെ സ്വകാര്യ വ്യക്തിയുടെ തേയില തോട്ടത്തില്‍ ചപ്പ് പറിക്കുന്നതിനിടെയാണ് യുവതിയെ കടുവ ആക്രമിച്ചത്. ഭാഗ്യം കൊണ്ടാണ് കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ രക്ഷപ്പെട്ടത്. തൊഴിലാളികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താതെ തേയില കാട്ടിനുള്ളില്‍ കിടന്ന മൃതദേഹം പുറത്തെടുക്കാന്‍ ക്ഷുഭിതരായ ജനങ്ങള്‍ അനുവദിച്ചില്ല.
ഇന്നലെ രാവിലെ പന്ത്രണ്ട് മുതല്‍ റോഡ് ഉപരോധിച്ചു. കൊല്ലപ്പെട്ട യുവതിയുടെ ആശ്രിതര്‍ക്ക് പതിനായിരം രൂപ നഷ്ട പരിഹാരം നല്‍കുക, ജോലി നല്‍കുക, കടുവയെ വെടിവെച്ച് കൊല്ലുകയോ, മയക്ക് വെടിവെച്ച് പിടിക്കുകയോ ചെയ്യുക, വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്.
വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണിത്. ഇതേ കടുവയാണ് കഴിഞ്ഞ ദിവസം വയനാട് ജില്ലയിലെ നൂല്‍പ്പുഴയില്‍ മൂക്കുത്തിക്കുന്നിലെ സുന്ദരത്ത് വീട്ടില്‍ ഭാസ്‌കരനെയാണ് കടിച്ചു കൊന്നിരുന്നത്. സംഭവത്തെത്തുടര്‍ന്ന് പാട്ടവയല്‍, ബിദര്‍ക്കാട് ടൗണുകളില്‍ ഹര്‍ത്താല്‍ ആചരിച്ചു. അതേസമയം പാട്ടവയല്‍ സ്വദേശികളായ സന്തോഷ്, തോമസ് എന്നിവരെ പോലീസ് മര്‍ദിച്ചതായും പരാതിയുണ്ട്.
പാട്ടവയലില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കടുവ സമീപത്തെ കാട്ടിനുള്ളില്‍ തന്നെ തമ്പടിച്ചിരിക്കുകയാണ്. വനംവകുപ്പിന്റെ അനാസ്ഥ കാരണമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നാണ് ജനങ്ങളുടെ പരാതി. ഇതുവഴി സഞ്ചരിക്കാന്‍ ജനങ്ങള്‍ ഭയക്കുകയാണിപ്പോള്‍. തേയില കാട്ടിനുള്ളില്‍ കടുവ ഒളിച്ചിരിപ്പുണ്ടോയെന്ന് പോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ്.
തുടര്‍ന്ന് വൈകുന്നേരം നാല് മണിയോടെ നാട്ടുകാര്‍ മൃതദേഹവുമായി ബിദര്‍ക്കാട് ടൗണില്‍ റോഡ് ഉപരോധിച്ചു. നൂറുക്കണക്കിന് വാഹനങ്ങള്‍ കുടുങ്ങി കിടന്നു. യാത്രക്കാര്‍ വലഞ്ഞു. അതേസമയം ഡി എഫ് ഒ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും കലക്ടര്‍ എത്താതെ മൃതദേഹം നീക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ ശഠിച്ചതിനെത്തുടര്‍ന്നാണ് കലക്ടര്‍ എത്തിയത്. കലക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
ജില്ലാ കലക്ടര്‍ പി ശങ്കര്‍, ഡി ആര്‍ ഒ ഭാസ്‌കര പാണ്ഡ്യന്‍, എ ഡി എസ് പി കാര്‍ത്തികേയന്‍, ആര്‍ ഡി ഒ ഇന്‍ചാര്‍ജ് രാജ്കുമാര്‍, ദേവാല ഡി വൈ എസ് പി എസ് എം സുബ്രഹ്മണ്യന്‍, ഗൂഡല്ലൂര്‍ ഡി എഫ് ഒ തേജസ് വി, പന്തല്ലൂര്‍ തഹസില്‍ദാര്‍ ഹാരി, ബിദര്‍ക്കാട് റെയ്ഞ്ചര്‍ സോമസുന്ദരന്‍, നെല്ലാക്കോട്ട പഞ്ചായത്ത് പ്രസിഡന്റ് പ്രേമലത തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി ചര്‍ച്ച നടത്തി.
പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് മൃതദേഹം എടുത്ത് മാറ്റാന്‍ ജനങ്ങള്‍ സമ്മതിച്ചത്. രോഷാകുലരായ ജനം ബിദര്‍ക്കാടില്‍ വനം വകുപ്പ് ഓഫീസിന് നേരെ കല്ലെറിഞ്ഞു. വാഹനവും അക്രമത്തിനിരയാക്കി. രാത്രി ഏറെ വൈകിയാണ് പന്തല്ലൂര്‍ താലൂക്ക് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.