Connect with us

Kozhikode

കലക്ടര്‍ക്ക് നിക്ഷിപ്ത താത്പര്യങ്ങള്‍ ഉള്ളതായി സംശയിക്കുന്നു: എം ജി എസ്

Published

|

Last Updated

കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനത്തിന്റെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് കലക്ടര്‍ക്ക് നിക്ഷിപ്ത താത്പര്യങ്ങള്‍ ഉള്ളതായി സംശയിക്കുന്നുവെന്ന് ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സാധാരണ നിലയില്‍ മന്ത്രിമാര്‍ തീരുമാനങ്ങളെടുത്താല്‍ ബ്യൂറോക്രസി അതനുസരിച്ച് പ്രവര്‍ത്തിക്കാറാണ് പതിവ്. പക്ഷെ മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് വികസനത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ല സംഭവിച്ചത്. ഇവിടെ മുഖ്യമന്ത്രിയും മന്ത്രിമാരും നിര്‍ദേശിച്ചിട്ടും കലക്ടര്‍ കാര്യങ്ങള്‍ ചെയ്യുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഈ കലക്ടറെ ഭയക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചക്കായി കലക്ടറെ വിളിച്ചെങ്കിലും അവര്‍ പങ്കെടുത്തില്ല. പങ്കെടുക്കാത്തതിന് അവര്‍ പറഞ്ഞ ന്യായങ്ങള്‍ ശരിയല്ലെന്ന് അന്വേഷിച്ചപ്പോള്‍ ബോധ്യമായെന്നും എം ജി എസ് പറഞ്ഞു. താന്‍ കാണാന്‍ ശ്രമിച്ചപ്പോള്‍ അതിനു കലക്ടര്‍ തയ്യാറായില്ല. 69 ദിവസം മാത്രമാണ് പ്രസ്തുതറോഡിന്റെ വികസനം നടപ്പാക്കാന്‍ അവശേഷിക്കുന്നത്. റോഡിന്റെ സ്ഥലമേറ്റെടുക്കല്‍ മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വിധിയുണ്ട്. 2012ല്‍ നോട്ടിഫിക്കേഷന്‍ 4(1) പുറപ്പെടുവിച്ചിരുന്നു. ശേഷം ഒരു വര്‍ഷത്തിനകം ഡ്രാഫ്റ്റ് ഡിക്ലേറേഷനും രണ്ട് വര്‍ഷത്തിനകം സ്ഥലം ഏറ്റെടുക്കലും നടക്കമെന്നാണ് ചട്ടം. ഇതുപ്രകാരം 2015 ഏപ്രില്‍ 24നകം സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാകണം. ഇല്ലെങ്കില്‍ വീണ്ടും ഡി പി ആര്‍ തയ്യാറാക്കി നടപടിക്രമങ്ങള്‍ ഒന്നില്‍നിന്നു തന്നെ വീണ്ടും തുടങ്ങണം.
ഇതിനിടയില്‍ സ്ഥലം നല്‍കിയവര്‍ മാറ്റിപ്പറയല്‍, നിലവില്‍ നിശ്ചയിച്ച തുക പോരെന്ന് ആവശ്യപ്പെടല്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. 587 ബിറ്റ് ലാന്‍ഡുകളാണ് എട്ടരകിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ മാനാഞ്ചിറ- വെള്ളിമാടുകുന്നു റോഡ് വികസനത്തിനായി ഏറ്റെടുക്കേണ്ടത്. ഇതില്‍ 375പേര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.
400 കോടിയാണ് മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനത്തിനു വേണ്ടിവരുന്ന ചെലവ്. ഇതിലേക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് 25 കോടിരൂപ മാത്രമാണ്. എത്രയും പെട്ടന്ന് വേണ്ടതുക അനുവദിച്ച് യുദ്ധകാലടിസ്ഥാനത്തില്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഏപ്രില്‍ 24നകം പൂര്‍ത്തിയാക്കണമെന്ന് എം ജി എസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എം ശ്രീജിത്ത്, ഡോ. പി പി വേണുഗോപാല്‍, സി സനീഷ് കുമാര്‍, സി സന്തോഷ് കുമാര്‍, ആര്‍ ജി രമേശ്, രഘൂത്തമന്‍ പങ്കെടുത്തു.

Latest