Connect with us

Ongoing News

കോഹ്‌ലിച്ചിറകില്‍ ശുഭാരംഭം

Published

|

Last Updated



അഡ്‌ലെയ്ഡ്: വിരാട് കോഹ്‌ലിയുടെയും ധവാന്റെയും റെയ്‌നയുടെയും തകര്‍പ്പന്‍ ബാറ്റിംഗ്, കൃത്യതയോടെ പന്തെറിഞ്ഞ ബൗളര്‍മാര്‍, ക്യാപ്റ്റന്‍ ധോണിയുടെ വിജയ തന്ത്രങ്ങള്‍… കാര്‍മേഘങ്ങള്‍ മാറി നീലപ്പട തെളിഞ്ഞ ആകാശമായപ്പോള്‍ പാക്കിസ്ഥാനെതിരെ 76 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് സ്വപ്‌നതുല്ല്യമായ തുടക്കം കൂടിയായി അത്. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ തുടര്‍ച്ചയായ ആറാം ജയമാണിത്.
സ്‌കോര്‍ ഇന്ത്യ: അന്‍പത് ഓവറില്‍ ഏഴിന് 300. പാക്കിസ്ഥാന്‍ 47 ഓവറില്‍ 224ന് ഓള്‍ഔട്ട്. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ (126 പന്തില്‍ 107 ) ഉപനായകന്‍ വിരാട് കോഹ്‌ലിയാണ് മാന്‍ ഓഫ് ദ മാച്ച്. ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് കോഹ്‌ലി ഇന്നലെ കുറിച്ചത്. ലോകകപ്പില്‍ റണ്‍നിരക്കില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വിജയമാണിത്.
ഇന്ത്യ ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് തുടക്കത്തിലെ പിഴച്ചു. സ്‌കോര്‍ 11ല്‍ നില്‍ക്കെ ഓപ്പണര്‍ യൂനിസ് ഖാനെ (ആറ്) നഷ്ടമായി. മുഹമ്മദ് ഷമിയുടെ പന്തില്‍ ക്യാപ്റ്റന്‍ ധോണിക്ക് ക്യാച്ച്. പിന്നീട് മുഹമ്മദ് ഇര്‍ഫാനും ഹാരിസ് സൊഹൈലും മികച്ച രീതിയില്‍ ബാറ്റേന്തിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ അത് തുടരാന്‍ അനുവദിച്ചില്ല. മികച്ച ലൈനും ലെംഗ്തും ലഭിച്ച മുഹമ്മദ് ഷമിയും ഉമേഷ് യാദവും പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കി.
സ്‌കോര്‍ 79ല്‍ നില്‍ക്കെ ഹാരിസ് സൊഹൈലിനെ (36) അവര്‍ക്ക് നഷ്ടമായി. പിന്നീട് 23ാം ഓവറില്‍ ഓപ്പണര്‍ മുഹമ്മദ് ഇര്‍ഫാനെ പുറത്താക്കിയ ഉമേഷ് യാദവാണ് പാക്കിസ്ഥാന്റെ കൂട്ടത്തകര്‍ച്ചക്ക് തുടക്കമിട്ടത്. ജഡേജക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 102 റണ്‍സായിരുന്നു പാക്കിസ്ഥാന്. തൊട്ടുപിന്നാലെ ഷോയ്ബ് മക്‌സൂദിനെയും (പൂജ്യം) ഉമേഷ് മടക്കി. ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഉമര്‍ അക്മലിനെ (0) പുറത്താക്കിയ രവീന്ദ്ര ജഡേജ പാക്കിസ്ഥാന്റെ നടുവൊടിച്ചു. പാക് സ്‌കോര്‍ 103ന് അഞ്ച്. ഇതോടെ പാക്കിസ്ഥാന് മത്സരത്തില്‍ തിരിച്ചുവരാന്‍ പറ്റാത്തവിധം തകര്‍ന്നു. പിന്നീടെത്തിയ ഷാഹിദ് അഫ്രീദി നായകന്‍ മിസ്ബ ഉള്‍ഹഖുമായി ചേര്‍ന്ന് പൊരുതാന്‍ ശ്രമിച്ചെങ്കിലും ഷമിയുടെ പന്തില്‍ കോഹ്‌ലിക്ക് ക്യാച്ച് നല്‍കി മടങ്ങി. 22 പന്തുകളില്‍ നിന്ന് 22 റണ്‍സായിരുന്നു അഫ്രീദിയുടെ സമ്പാദ്യം. പിന്നാലെയെത്തിയ വഹാബ് റിയാസി (നാല്) നെയും ഷമി മടക്കി. ധോണിക്കായിരുന്നു ക്യാച്ച്. വാലറ്റക്കാരുമായി ചേര്‍ന്ന് നായകന്‍ മിസ്ബ ഉള്‍ ഹഖ് ഒറ്റയാള്‍പോരാട്ടം നടത്തിയെങ്കിലും ഏറെ വൈകിയിരുന്നു. 46ാം ഓവറില്‍ 84 പന്തില്‍ 76 റണ്‍സുമായി മിസ്ബയും മടങ്ങി. പിന്നാലെ സൊഹൈല്‍ ഖാനും പുറത്തായതോടെ പാക് പതനം പൂര്‍ത്തിയായി. ഇന്ത്യക്കായി മുഹമ്മദ് ഷമി നാലും ഉമേഷ് യാദവ്, മോഹിത് ശര്‍മ എന്നിവര്‍ രണ്ടും ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

kohli...

 

നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ രോഹിത് ശര്‍മ (15) സൊഹൈല്‍ ഖാന്റെ പന്തില്‍ തുടക്കത്തില്‍ തന്നെ പുറത്തായെങ്കിലും മൂന്നാമനായെത്തിയ കോഹ്‌ലിയും ധവാനും ചേര്‍ന്ന് കളി ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു. സിംഗിളുകളും ഡബിളുകളും ഇടക്കിടെ ബൗണ്ടറിയും നേടി ഇരുവരും കരുതലോടെയാണ് കളിച്ചത്. ഫോമിലേക്ക് മടങ്ങിയെത്തിയ ശിഖര്‍ ധവാന്‍ ആത്മവിശ്വാസത്തോടെ ബാറ്റേന്തിയത് ടീമിന് മൊത്തത്തില്‍ ഉണര്‍വേകി. കോഹ്‌ലിയും ധവാനും ചേര്‍ന്ന് ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടുണ്ടാക്കിയതിന് ശേഷമാണ് വഴിപിരിഞ്ഞത് (129 റണ്‍സ്). പിന്നാലെ കോഹ്‌ലി- റെയ്‌ന സഖ്യവും സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതിനിടെ കോഹ്‌ലി തന്റെ കരിയറിലെ 22ാം സെഞ്ച്വറി തികച്ചു. 119 പന്തുകളില്‍ നിന്ന് ഏഴ് ബൗണ്ടറികള്‍ സഹിതമായിരുന്നു കോഹ്‌ലിയുടെ ശതകം. 56 പന്തില്‍ അഞ്ച് ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമായി റെയ്‌ന (74) തകര്‍പ്പന്‍ ഫോമിലായിരുന്നു. സ്‌കോര്‍ 273ല്‍ നില്‍ക്കെ കോഹ്‌ലിയും തൊട്ടുപിന്നാലെ റെയ്‌നയും പുറത്തായതോടെ കൂട്ടത്തകര്‍ച്ചയുടെ കാഴ്ചയായിരുന്നു പിന്നീട്.
അവസാന ഓവറുകളില്‍ വമ്പനടികള്‍ക്ക് ശ്രമിച്ച ധോണി (18), ജഡേജ (മൂന്ന്), രഹാനെ (0) എന്നിവര്‍ പെട്ടെന്നു തന്നെ മടങ്ങിയതോടെ കൂറ്റന്‍ സ്‌കോര്‍ നേടാമെന്ന ഇന്ത്യയുടെ സ്വപ്‌നവും പൊലിഞ്ഞു. 330 റണ്‍സെങ്കിലും നേടാമായിരുന്നെ അടിത്തറയുണ്ടായിട്ടും അവസാന അഞ്ച് ഓവറുകളില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് 27 റണ്‍സ് മാത്രമാണ് നേടാനായത്. പാക്കിസ്ഥാന് വേണ്ടി സൊഹൈല്‍ ഖാന്‍ അഞ്ച് വിക്കറ്റും വഹാബ് റിയാസ് ഒരു വിക്കറ്റും വീഴ്ത്തി. പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ കരുതിവെച്ചിരുന്ന ഉയരക്കാരന്‍ ബൗളര്‍ മുഹമ്മദ് ഇര്‍ഫാന് വിക്കറ്റൊന്നും ലഭിച്ചില്ല. ധോണിയുടെ തന്ത്രപരമായ നീക്കങ്ങളും വിജയത്തില്‍ നിര്‍ണായകമായി.

India v Pakistan - 2015 ICC Cricket World Cup

Latest