Connect with us

National

പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് സൂചന നല്‍കി മോദിയും പവാറും വേദി പങ്കിട്ടു

Published

|

Last Updated

ബാരാമതി: മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ സമവാക്യം രൂപപ്പെടുകയാണെന്നതിന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും എന്‍ സി പി നേതാവ് ശരത് പവാറും വേദി പങ്കിട്ടു. ഇരുവരും ഒരുമിച്ച് ഉച്ചഭക്ഷണവും കഴിച്ചു. ഡല്‍ഹി തോല്‍വിയില്‍ സഖ്യകക്ഷിയായ ബി ജെ പിയെയും മോദിയെയും പരസ്യമായി വിമര്‍ശിച്ച ശിവസേനാ നടപടിയുടെ പശ്ചാത്തലത്തിലാണിത്.
അതേസമയം, ഇതിന് രാഷ്ട്രീയ അര്‍ഥം ചമക്കേണ്ടതില്ലെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ശിവസേനയെ പ്രകോപിപ്പിക്കാനാണെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ നല്‍കുന്ന സൂചന. പവാര്‍ കുടുംബം നടത്തുന്ന വിദ്യ പ്രതിഷ്ഠാന്‍ മോദി സന്ദര്‍ശിച്ചു. പവാറിന്റെ സഹോദരന്റെ പേരിലുള്ള അപ്പാസാഹെബ് പവാര്‍ ഓഡിറ്റോറിയം മോദിയാണ് ഉദ്ഘാടനം ചെയ്തത്. പഞ്ചസാര സഹകരണ സംഘത്തിന്റെ അനിഷേധ്യ നേതാവാണ് പവാറിന്റെ സഹോദരന്‍. കരിമ്പ് കൃഷി മേഖലയിലെ സ്വാധീനത്തിലൂടെയാണ് പവാറിന്റെ രാഷ്ട്രീയ ഉയര്‍ച്ചയുണ്ടായത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്നുവരെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സഹായത്തിന് ശരത് പവാറിനെ വിളിക്കുമ്പോഴൊക്കെ രാഷ്ട്രീയത്തിനപ്പുറം അദ്ദേഹം സഹായിച്ചിട്ടുണ്ട്. മൂന്ന് പ്രാവശ്യമെങ്കിലും സംസാരിക്കാതെ ഒരു മാസവും കടന്നുപോയിരുന്നില്ല. നന്ദി പ്രകാശനമായിട്ടാണ് ബാരാമതിയില്‍ ഇപ്പോഴെത്തിയത്. മോദി പറഞ്ഞു. ഈ ദിവസം മാധ്യമങ്ങള്‍ക്ക് പ്രത്യേക ദിവസമാണ്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞതും ഇപ്പോള്‍ പറയുന്നതും അവര്‍ നിരീക്ഷിക്കും. ഇത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. രണ്ട് വഴികളിലൂടെയാണ് ജനാധിപത്യം ഉണ്ടാകുന്നത്. ചര്‍ച്ചയിലൂടെയും സംവാദത്തിലൂടെയുമാണത്. വ്യത്യസ്ത അജന്‍ഡകളുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരാണ് തങ്ങള്‍. എന്നാല്‍ രാഷ്ട്രം, പാര്‍ട്ടിയേക്കാളും രാജ്യതന്ത്രജ്ഞത, രാഷ്ട്രീയത്തേക്കാളും മേലെയാണ് തങ്ങള്‍ക്ക്. പക്ഷെ നമ്മുടെ രാജ്യത്ത് രണ്ട് നേതാക്കളുടെ സംഗമം വലിയ വാര്‍ത്തയാകുന്നു. നേതാക്കള്‍ക്കിടയിലുള്ള ആശയവിനിമയം ഒരിക്കലും അവസാനിച്ചുകൂട. അധികാരത്തിലിരിക്കുന്നവര്‍ക്ക് ഭാരിച്ച ഉത്തരവാദിത്വമുണ്ട്. മോദി പറഞ്ഞു.
വികസന വിഷയത്തിലെ ഒരുമയാണെന്നും രാഷ്ട്രീയ ഭാഷ്യം ചമക്കേണ്ടെന്നും പവാര്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ രണ്ട് ദിവസം പോരടിച്ചാലും 363 ദിവസവും വികസന വിഷയത്തില്‍ പ്രതിജ്ഞാബദ്ധരാണ് തങ്ങള്‍. എല്ലാ വികസന സംരംഭങ്ങളെയും പിന്തുണക്കുമെന്നും പവാര്‍ വ്യക്തമാക്കി.

Latest