Connect with us

Kerala

ജ്വലിക്കുന്ന സ്മരണകളുമായി ചരിത്രദേശങ്ങളില്‍ നിന്ന് 60 കൊടിമരങ്ങള്‍

Published

|

Last Updated

താജുല്‍ഉലമ നഗര്‍ (കോട്ടക്കല്‍): എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന് പതിനൊന്ന് നാളുകള്‍ മാത്രം ശേഷിക്കെ, നാടും നഗരവും സമ്മേളനാവേശത്തില്‍. നഗരിയില്‍ ഉയര്‍ത്തുന്ന അറുപത് പതാകകള്‍ക്കുള്ള അറുപത് കൊടി മരങ്ങള്‍ മലപ്പുറം ജില്ലയിലെ അറുപത് സര്‍ക്കിളുകളില്‍ നിന്നാണെത്തുന്നത്. മുസ്‌ലിം കേരളത്തെ ആത്മീയതയുടെ പാതയിലേക്ക് നയിച്ച എസ് വൈ എസിന്റെ പിന്നിട്ട അറുപത് വര്‍ഷങ്ങളെ ഓര്‍മിപ്പിക്കുന്ന അറുപത് പാതാകകളാണ് നഗരിയില്‍ സമ്മേളനത്തിന് മുന്നോടിയായി ഉയരുന്നത്. പരിശുദ്ധ റൗളയുടെ പച്ചഖുബ്ബ ആലേഖനം ചെയ്ത എസ് വൈ എസിന്റെ ത്രിവര്‍ണ പതാകക്കുള്ള അറുപത് കൊടിമരങ്ങള്‍ പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ച് മുമ്പേ നടന്നുപോയ പണ്ഡിത മഹത്തുക്കളുടെയും ആത്മീയ നേതാക്കന്മാരുടെയും സന്നിധിയില്‍ നിന്ന് സ്വഫ്‌വ അംഗങ്ങളുടെയും സര്‍ക്കിള്‍ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ താജുല്‍ഉലമ നഗരിയിലേക്ക് പുറപ്പെടും. അലങ്കരിച്ച വാഹനങ്ങളില്‍ വ്യത്യസ്ത ദേശങ്ങളില്‍ നിന്നെത്തുന്ന കൊടിമര ജാഥകള്‍ 25ന് വൈകുന്നേരം അഞ്ച് മണിക്ക് താജുല്‍ഉലമ നഗരിയില്‍ സംഗമിക്കും.
ഈ മാസം ആറിന് തിരുവനന്തപുരത്ത് നിന്നാരംഭിച്ച ഹൈവേ മാര്‍ച്ചിന് മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ലഭിച്ച വന്‍ സ്വീകരണം സമ്മേളനം ജനങ്ങള്‍ ഏറ്റെടുത്തുവെന്നത് വിളിച്ചറിയിക്കുന്നതായിരുന്നു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും മാര്‍ച്ചിനെ വരവേല്‍ക്കാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. ഇന്നലെ കണ്ണൂര്‍ ജില്ലയിലും ആവേശകരമായ സ്വീകരണമാണ് ഹൈവേ മാര്‍ച്ചിന് ലഭിച്ചത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിച്ച കേരളയാത്രക്ക് ലഭിച്ച വരവേല്‍പ്പിനെ അനുസ്മരിക്കും വിധം ബഹുജന പങ്കാളിത്തമാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും കാണുന്നതെന്ന് ഹൈവേ മാര്‍ച്ച് ഡയറക്ടര്‍ മജീദ് കക്കാട് സിറാജിനോട് പറഞ്ഞു.കോട്ടക്കല്‍ താജുല്‍ഉലമ നഗറിലും ഓരോ ദിവസം പിന്നിടുമ്പോഴും സുന്നി പ്രവര്‍ത്തകരെക്കൊണ്ട് നിറയുകയാണ്. സ്വാഗതസംഘം ഓഫീസിലും സമ്മേളനനഗരിയിലും നേതാക്കളുടെ ക്യാമ്പ് ഓഫീസിലും സമ്മേളനകാര്യങ്ങളന്വേഷിച്ചുകൊണ്ട് വിവിധ ദിക്കുകളില്‍ നിന്ന് പ്രവര്‍ത്തകര്‍ വന്നുകൊണ്ടിരിക്കുന്നു.

Latest