Connect with us

Kerala

പത്മനാഭസ്വാമി ക്ഷേത്രം: ബി നിലവറ തുറക്കണം: വിദഗ്ധ സമിതി

Published

|

Last Updated

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്ന് പരിശോധിക്കണമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. എ, സി, ഡി, ഇ എന്നീ നിലവറകളിലെ പരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ ബി നിലവറ കൂടി തുറക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പതിനൊന്നാമത് റിപ്പോര്‍ട്ടില്‍ സമിതി ആവശ്യപ്പെട്ടു. ബി നിലവറ ഇപ്പോള്‍ തുറന്നില്ലെങ്കില്‍ സ്വത്തുക്കളുടെ വേര്‍തിരിവിന്റെ തുടര്‍ച്ച നഷ്ടമാകും. മുമ്പ് ഏഴ് തവണ ബി നിലവറ തുറന്നതായി മുന്‍ സി എ ജി വിനോദ് റായ് കണ്ടെത്തിയിരുന്നു. അതിനാല്‍, ഇപ്പോള്‍ നിലവറ തുറക്കുന്നതിനെ മുന്‍ രാജകുടുംബമായ മാര്‍ത്താണ്ഡവര്‍മ കുടുംബം എതിര്‍ക്കുന്നതിന്റെ യുക്തിയും വിദഗ്ധ സമിതി ചോദ്യം ചെയ്യുന്നു. ബി നിലവറ തുറക്കുന്നത് അനര്‍ഥങ്ങള്‍ക്ക് ഇടവരുത്തുമെന്നാണ് മുന്‍ രാജകുടുംബത്തിന്റെ വാദം.

ബി നിലവറ ഏഴ് തവണ തുറന്നിട്ടുണ്ടെന്നാണ് വിനോദ് റായിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 1990 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തിലാണിത്. ഇതില്‍ നിന്ന് സ്വര്‍ണവും വെള്ളിയും പുറത്തെടുത്ത് ഉരുക്കാന്‍ നല്‍കിയിട്ടുണ്ട്. കാണിക്കയിലെ നാണയങ്ങള്‍ എണ്ണുന്നത് സുതാര്യമായിട്ടല്ലെന്നും ഓഡിറ്റ് കുറ്റപ്പെടുത്തിയിരുന്നു. ബി നിലവറയില്‍ നിന്ന് 1990 ജൂലൈ. ആഗസ്റ്റ് മാസങ്ങളില്‍ 16 വെള്ളിക്കട്ടികള്‍ പുറത്തെടുത്തിട്ടുണ്ട്. തിരുവമ്പാടി കൊടിമരം നിര്‍മിക്കുന്നതിന് വേണ്ടിയാണെന്ന് പറഞ്ഞാണ് ഇവ പുറത്തെടുത്തത്. 2002 മാര്‍ച്ചില്‍ ആദിശേഷന്റെ 25 വെള്ളി അങ്കിക്കൂട്ടവും ഒരു പീഠവും പുറത്തെടുത്തിരുന്നു. ഏപ്രിലില്‍ ക്ഷേത്ര ട്രസ്റ്റിയുടെ സാന്നിധ്യത്തില്‍ ഗരുഡന്റെ വെള്ളി അങ്കി പരിശോധിക്കുന്നതിനും എ നിലവറയിലെ 432 സ്വര്‍ണപ്പാത്രങ്ങള്‍ നിക്ഷേപിക്കുന്നതിനും തുറന്നിരുന്നു. 22 ചാക്കുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. അതേ വര്‍ഷം തന്നെ ഡിസംബറില്‍ ഒറ്റക്കല്‍ മണ്ഡപത്തിന്റെ സ്വര്‍ണംപൂശലിന് പന്ത്രണ്ട് വെള്ളിക്കട്ടികളും സ്വര്‍ണപ്പാത്രങ്ങളും ഉരുക്കുന്നതിന് പുറത്തെടുത്തു.
തിരുവമ്പാടി നടയുടെ പടികളും കതകുകളും സ്വര്‍ണം പൂശുന്നതിന് പത്ത് വെള്ളിക്കട്ടികളും സ്വര്‍ണ പാത്രങ്ങളും പുറത്തെടുത്തിരുന്നു. ക്ഷേത്രത്തിലെ കണക്കുകള്‍ അക്രൂവല്‍ രീതിയിലല്ല അക്കൗണ്ട് ചെയ്യുന്നതെന്നും വിനോദ് റായ് കുറ്റപ്പെടുത്തുന്നു. ക്ഷേത്രത്തിലെ ഓഡിറ്റിംഗുമായി ബന്ധപ്പെട്ട് ട്രസ്റ്റി അധികൃതരും വിനോദ് റായിയുടെ ഓഡിറ്റിംഗ് അതോറിറ്റിയും തമ്മില്‍ രൂക്ഷ തര്‍ക്കം നടന്നതായാണ് വിവരം. ട്രസ്റ്റിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ട്രസ്റ്റ് അധികൃതര്‍ സ്വീകരിച്ചത്. ക്ഷേത്ര സ്വത്തുക്കള്‍ ഓഡിറ്റ് ചെയ്യണമെന്നുള്ള വിധി ട്രസ്റ്റിന് ബാധകമാണെന്ന് വിനോദ് റായി അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ ട്രസ്റ്റി അധികൃതര്‍ തയ്യാറായില്ല.
ട്രസ്റ്റിന് ക്ഷേത്രവുമായി നേരിട്ട് ബന്ധമില്ലെന്നാണ് ട്രസ്റ്റ് അധികൃതരുടെ വാദം. ഓഡിറ്റുമായി സഹകരിക്കണമെന്നും എല്ലാ വിവരങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിനോദ് റായ് ആദ്യം അയച്ച കത്തിന് മറുപടി നല്‍കാന്‍ പോലും തയ്യാറായില്ല. രണ്ടാമതും ഇതേ ആവശ്യമുന്നയിച്ച് വിനോദ് റായി അയച്ച കത്തിനോട് നിഷേധാത്മകമായി പ്രതികരിച്ചു. ക്ഷേത്രത്തിന് ട്രസ്റ്റിയുമായി നേരിട്ട് ബന്ധമില്ലെന്നും ക്ഷേത്രത്തില്‍ നിന്ന് വാടക ഇനത്തില്‍ 66 ലക്ഷം രൂപ ട്രസ്റ്റിക്ക് നല്‍കുന്നുണ്ടെന്നും ട്രസ്റ്റിയുടെ കണക്കുകള്‍ പരിശോധിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു ട്രസ്റ്റി അധികൃതരുടെ നിലപാട്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വിനോദ് റായ് വ്യക്തമാക്കിയിരിക്കുന്നത്. 65 ലക്ഷം വാടകയിനത്തില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന കണക്കുകള്‍ തെറ്റാണെന്നും ഓഡിറ്റില്‍ സംഘം കണ്ടെത്തി. ക്ഷേത്രത്തിലെ അമൂല്യ സ്വത്തുക്കളുടെ ഫോട്ടോഗ്രാഫുകള്‍ ഉള്ള ആല്‍ബവും ഫോട്ടോകളുടെ നെഗറ്റീവും കാണാതായതായി ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്.

Latest