ഏറെ പ്രതീക്ഷകളോടെയും അതിലേറെ പ്രത്യാശയോടെയുമാണ് ഡല്‍ഹിയിലെ മൂന്നരലക്ഷം വോട്ടര്‍മാര്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയെ എതിരേറ്റത്. മോദിയുടെയും ബി ജെ പിയുടെയും എല്ലാ വാഗ്ദാനങ്ങളെയും പ്രഖ്യാപനങ്ങളെയും അവഗണിച്ചാണ് എ എ പിക്ക് ജനസമ്മതി നല്‍കിയത്. എതിരാളികള്‍ക്ക് മൂന്ന് സീറ്റ് ദാനം നല്‍കിയാണ് കെജ്‌രിവാളും കൂട്ടരും ഇന്ദ്രപ്രസ്ഥത്തിലെ സിംഹാസനം പിടിച്ചടക്കിയത്. ഇന്നലെ ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ കെജ്‌രിവാളിന് ഭരണപരിഷ്‌കാരങ്ങളും വാഗ്ദാനങ്ങളും നടപ്പാക്കാന്‍ ഇത്തവണ ആരുടെയും സഹായഹസ്തം വേണ്ട . ഒച്ചവെക്കാന്‍ പോലും ആളില്ലാതെ പ്രതിപക്ഷം നായകനില്ലാപ്പടയായി ഒതുങ്ങിയിരിക്കുന്നു. ഒരുവിധത്തില്‍ പറഞ്ഞാല്‍ ചോദിക്കാന്‍ ആളില്ലാത്ത അവസ്ഥ. ആരെയും കൂസാതെ അധികാരനിര്‍വഹണം നടത്താം.
എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ മൂക്കിന് താഴെയുള്ള ഈ പരമാധികാരം ആയാസകരമായി ആം ആദ്മി പാര്‍ട്ടി കരുതുന്നില്ല, കരുതാനുമാകില്ല. അട്ടിമറി വിജയം തന്നെ ഭയപ്പെടുത്തുന്നുവെന്നും ഉത്തരവാദിത്വം വര്‍ധിപ്പിച്ചിരിക്കുന്നുവെന്നുമാണ് മുഖ്യമന്ത്രിയായ അരവിന്ദ് കേജ്‌രിവാള്‍ തന്നെ പറഞ്ഞിട്ടുള്ളത്. നിയമസഭക്കുള്ളില്‍ കാര്യമായ എതിര്‍പ്പ് നേരിടേണ്ടി വരില്ലെങ്കിലും സഭക്കു പുറത്ത് കെജ്‌രിവാളിന് നേരിടേണ്ടത് ശക്തരായ എതിരാളികളെയാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ വികാരപരമായാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രതികരിച്ചത്. അഴിമതിയും വിലക്കയറ്റവും മാത്രമല്ല, ജനങ്ങളില്‍ നിന്നകന്ന സര്‍ക്കാരിനോടുള്ള പ്രതിഷേധം അന്നാ ഹസാരെയും സംഘവും ചൂഷണം ചെയ്തപ്പോള്‍ ഒരു ഗൃഹപാഠവുമില്ലാതെ രാഷ്ട്രീയ പാര്‍ട്ടി തട്ടിക്കൂട്ടി ചൂലുമെടുത്ത് അടുക്കള വൃത്തിയാക്കാനിറങ്ങയ കെജ്‌രിവാളിനെ ബദല്‍ ശക്തിയായി ജനങ്ങള്‍ അംഗീകരിക്കുകയായിരുന്നു. നയപരിപാടികളോ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആശയസംഹിതയോ മുന്നോട്ടുവെക്കാതെ അഴിമതിവിരുദ്ധ വര്‍ത്തമാനം പറഞ്ഞ കെജ്‌രിവാള്‍ പ്രത്യാശയുടെ കേന്ദ്രമായി അവതരിപ്പിക്കപ്പെടുകയായിരുന്നു. ഇടക്കാലത്ത് അധികാരത്തിലെത്തിയ അദ്ദേഹം 49 ദിവസത്തിനകം ഭരണം വിട്ടൊഴിയും മുമ്പ് ചില പൊടിക്കൈകളിലൂടെ, അഥവാ വെള്ളക്കരവും വൈദ്യുതി നിരക്കും കുറച്ച് ശ്രദ്ധനേടുകയും ചെയ്തു. കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചുള്ള അധികാരക്കച്ചവടെ ഏറെ നിലനില്‍ക്കില്ലെന്ന ബോധ്യമുണ്ടായിരുന്നതിനാലാണ് ചുരുങ്ങിയ സമയത്ത് അധികാരത്തിലിരുന്ന് ജനകീയ തീരുമാനങ്ങള്‍ കൈക്കൊണ്ട് ഭരണം വലിച്ചെറിഞ്ഞ് പോയത്. അധികാരത്തിന് വെളിയില്‍ ആദര്‍ശം പ്രസംഗിച്ച എ എ പിക്ക് ഇനി പ്രായോഗിക രാഷ്ട്രീയം അത്ര എളുപ്പമാകില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിയേണ്ടിയിരിക്കുന്നു.
കോണ്‍ഗ്രസ് ജനങ്ങളില്‍നിന്ന് അകന്നപ്പോള്‍ രോഷാകുലരായ ജനങ്ങള്‍ മോദിയെ തിരഞ്ഞെടുത്തു. പക്ഷേ, മോദിക്കു ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്തുയരാനായില്ല, പ്രധാനമന്ത്രിയായിട്ടും അദ്ദേഹം മോദിയായി തന്നെ തുടര്‍ന്നു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അടിത്തറയിളക്കുന്ന നിരുത്തരവാദപരമായ പ്രസ്താവനകള്‍ അദ്ദേഹത്തോട് അടുത്തുനില്‍ക്കുന്നവര്‍ വിളിച്ചുപറഞ്ഞപ്പോഴും ന്യൂനപക്ഷങ്ങള്‍ പരാതി പറഞ്ഞപ്പോഴും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. വാതുറക്കാന്‍ ജനപ്രതിനിധികള്‍ പാര്‍ലിമെന്റില്‍ നിരന്തരം അദ്ദേഹത്തോട് ആവശ്യപ്പെട്ടു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ അലറിവിളിക്കുന്ന പൗരന്മാരുടെ ശബ്ദവും അദ്ദേഹം കേട്ടില്ല. പ്രതിപക്ഷത്തിരുന്നപ്പോള്‍ കോണ്‍ഗ്രസിനെതിരെ എടുത്തുപയോഗിച്ച കള്ളപ്പണം എന്ന ആയുധം ബി ജെ പിക്കും മോദിക്കും തിരിഞ്ഞു കുത്താന്‍ അധികം സമയം വേണ്ടിവന്നില്ല.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ആണയിട്ടതുപോലെ സ്വിസ് ബേങ്ക് അക്കൗണ്ടിലെ കള്ളപ്പണം കൊണ്ടുവന്ന് അതിന്റെ വിഹിതം ഓരോ ഇന്ത്യക്കാരന്റെയും ബേങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചില്ല. വിദേശ ബേങ്കുകളില്‍ വന്‍തുകകള്‍ നിക്ഷേപിച്ചവരുടെ പേരുകള്‍ പുറത്തുവന്നപ്പോള്‍ തെളിവില്ലെന്നു പറഞ്ഞു തലയൂരി. അവശ്യസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പൊടിക്കൈകളൊന്നുമില്ലെന്ന് വൈകാതെ ജനത്തിന് തിരിഞ്ഞു. പക്ഷേ, ജീവിതച്ചെലവുകൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളുടെയും സുരക്ഷിതബോധം നഷ്ടപ്പെട്ട ന്യൂനപക്ഷങ്ങളുടെയും വേവലാതികള്‍ക്കു പരിഹാരമായില്ല. പ്രകടനപരതയില്‍ ശ്രദ്ധയൂന്നി മികച്ച പെര്‍ഫോമറാവാന്‍ ശ്രമിച്ച അദ്ദേഹം ചപ്പുചവറുകള്‍ തൂത്തുമാറ്റാനും കക്കൂസുകള്‍ പണിയാനും പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടു വാതോരാതെ പ്രസംഗിച്ചതല്ലാതെ ക്രിയാതമകമായി ഒന്നും ചെയ്തില്ല. നിര്‍ണായക വിഷയങ്ങളില്‍ മൗനം വിദ്യയായി പരീക്ഷിക്കുകയും ചെയ്തു.
എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ഭാഷയില്‍ ഡല്‍ഹിയില്‍ രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കി അധികാരത്തിലെത്തിയ ആം ആദ്മിക്കാര്‍ യജമാനനെ കാണുമ്പോള്‍ കവാത്ത് മറക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
കഴിഞ്ഞവര്‍ഷവും ആം ആദ്മിയുടെ ഡല്‍ഹിയിലെ അരങ്ങേറ്റം കേമമായിരുന്നു. പക്ഷേ, ദിവസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. അധികാരത്തിലേറ്റിയ ഡല്‍ഹി നിവാസികള്‍തന്നെ കേജ്‌രിവാളിനെതിരെ തിരിഞ്ഞിരുന്നു. പാര്‍ട്ടി മറ്റുള്ളവരെ കുറ്റം പറഞ്ഞ് തെരുവിലൂടെ അലയുകയാണെന്ന് അന്നവര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ കുറിച്ചിട്ടു. പഴയ സമരക്കാരനല്ല, മുഖ്യമന്ത്രിയാണ് താനെന്ന കാര്യം കെജ്‌രിവാള്‍ മറക്കുന്നുവെന്നു പറഞ്ഞു നിരവധി പേര്‍ അദ്ദേഹത്തെ പരിഹസിച്ചു.
2014 ഫെബ്രുവരിയില്‍ അധികാരവേളയില്‍ ഡല്‍ഹിയില്‍ പ്രധാനമായും സമരം നടത്തിയത് ഡല്‍ഹി പോലീസിന്റെ മേലുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു. അതിനു കാരണമായത് പാര്‍ട്ടിയുടെ ആവശ്യമനുസരിച്ച് ആഫ്രിക്കന്‍ പൗരന്മാരുടെ വീട്ടില്‍ റെയ്ഡ് നടത്താന്‍ ഡല്‍ഹി പോലീസ് തയ്യാറാകാത്തതും. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ പോലും നല്ലൊരു വിഭാഗമാളുകള്‍ ഈ ആവശ്യത്തെ അനുകൂലിച്ചില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നിടത്തൊക്കെ പോലീസിനെ കൊണ്ടു റെയ്ഡ് നടത്തിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യത്തിന് കാര്യമായ ഊര്‍ജം ലഭിച്ചില്ല. പ്രായോഗിക തലത്തിലെത്തുമ്പോള്‍ കാര്യമായ ഭരണപരിചയമൊന്നുമില്ലാത്ത നാല്‍പ്പത്തിയാറുകാരനായ കെജ്‌രിവാള്‍ വീണ്ടും കേന്ദ്ര സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് തടിയൂരുമോ? ജനാഭിലാഷത്തിനൊത്ത് മാതൃകാപരമായ ഭരണം കാഴ്ചവെക്കുമോ? ഇതാണ് ഇനി രാഷ്ട്രീയ വിദഗ്ധര്‍ക്കറിയേണ്ടത്.
ജനങ്ങളുടെ താത്പര്യങ്ങളെ പരിഹസിച്ച രാഷ്ട്രീയക്കാര്‍ക്കുള്ള മറുപടിയാണ് ഈ മുഖ്യമന്ത്രിപദം. എല്ലാ സംസ്ഥാനങ്ങളിലും ഈ പാര്‍ട്ടി മാറ്റത്തിന്റെയും പ്രതിരോധത്തിന്റെയും ആവേശമുണര്‍ത്തിയിരിക്കുന്നു. ഈ മാറ്റത്തിന് വേണ്ടിയുള്ള ജനത്തിന്റെ മുറവിളി ആം ആദ്മിയുടെ അധികാര രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുമെന്നു കരുതേണ്ടിവരുമ്പോഴും പ്രായോഗിക രാഷ്ട്രീയം പ്രതിരോധ രാഷ്ട്രീയത്തിന് വഴിമാറുമോയെന്ന ശങ്കയില്ലാതില്ല.