Connect with us

Articles

അടിമത്തവും വികസനമോ?

Published

|

Last Updated

ഇന്ത്യയും അമേരിക്കയും തമ്മില്‍ 2008 ല്‍ ഒപ്പുവെച്ച ആണവ സഹകരണ കരാര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ഇന്ത്യയുടെ വികസനത്തിനാവശ്യമായ ഇന്ധനമായി ആണവ സാധനങ്ങളെ കാണാന്‍ കഴിയുമോ എന്ന ചോദ്യം പ്രസക്തമാണ്. ഇന്ത്യക്ക് ആണവ നിലയങ്ങള്‍ നല്‍കാന്‍ കരാറെടുത്തിരിക്കുന്ന യു എസും ജപ്പാനും ആണവ നിയമങ്ങള്‍ക്കെതിരെ നിലപാടെടുത്തവരാണ് സ്വന്തം നാട്ടില്‍. 1978 നു ശേഷം യു എസ്സില്‍ ഒരൊറ്റ പുതിയ നിലയത്തിനും അനുമതി നല്‍കിയിട്ടില്ല. 2011 ലെ ഫുകുശിമ ദുരന്തത്തെ തുടര്‍ന്ന് ജപ്പാനില്‍ പ്രവര്‍ത്തിച്ചുവരുന്ന അന്‍പതോളം ആണവ നിലയങ്ങള്‍ ഒറ്റയടിക്ക് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിലേറെയായി അതിലൊരൊറ്റ നിലയവും ഇതുവരെ തുറന്നു പ്രവര്‍ത്തിക്കുന്നില്ല. ജപ്പാന്റെ മൊത്തം ഊര്‍ജോത്പാദനത്തിന്റെ മൂന്നിലൊന്ന് ആണവ വൈദ്യുതിയില്‍ നിന്നായിരുന്നു. ഇന്ത്യയിലാണെങ്കില്‍ ഇപ്പോള്‍ നമ്മുടെ മൊത്തം വൈദ്യുതിയുത്പാദനശേഷിയുടെ മൂന്നര ശതമാനം പോലും ആണവ വൈദ്യുതിയല്ല. തന്നെയുമല്ല ആണവ കരാറിന്റെ കാലത്ത് ഇവിടെ പ്രചരിപ്പിക്കപ്പെട്ടിരുന്ന പോലെ 2020ല്‍ മൊത്തം ആണവശേഷി 20,000 മെഗാവാട്ട് ആയി ഉയര്‍ന്നുവെന്നാലും അന്നത്തെ ആവശ്യത്തിന്റെ അഞ്ച് ശതമാനം പോലുമാകില്ല. അതുകൊണ്ടുതന്നെ നമുക്ക് പുതിയ ഇറക്കുമതി നിലയങ്ങള്‍ വേണോ എന്ന സംശയം അന്നേ ഉയര്‍ന്നിരുന്നതാണ്. ആണവ മാലിന്യ സംസ്‌കരണം, അപകട സാധ്യത എന്നീ കാരണങ്ങളാലാണ് മിക്ക രാജ്യങ്ങളും ഇത് ഉപേക്ഷിച്ചത്. പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിര്‍ത്തി. ഒരൊറ്റ ദിവസം മാത്രം പ്രവര്‍ത്തിച്ച് നിര്‍ത്തിവെക്കേണ്ടിവന്ന ആണവ നിലയവും ഉണ്ട്. തദ്ദേശീയ ആണവോര്‍ജ വികസന പദ്ധതി തകര്‍ക്കപ്പെടുന്നു. സമ്പുഷ്ട യുറേനിയം ഉപയോഗിക്കുന്നു. പ്രകൃതിദത്ത യുറേനിയം ഉപയോഗിക്കുന്ന നിലയങ്ങളാണ് ഇന്ത്യ നിര്‍മിച്ചിട്ടുള്ളത്. നിലയം ഇറക്കുമതി ചെയ്യുക വഴി എല്ലാ കാലത്തും അന്യ രാജ്യങ്ങളെ ഇന്ധനത്തിനായി ആശ്രയിക്കേണ്ടി വരും. ഇന്ത്യക്ക് യുറേനിയം സമ്പുഷ്ടീകരണ നിലയമില്ല, ഇനി ഉണ്ടാക്കാനും കഴിയാത്ത വിധമാണ് യു എസുമായുണ്ടാക്കിയ കരാര്‍.
ഇതൊക്കെ അറിയാമായിരുന്നിട്ടും യു എസ് കമ്പനികളായ ജനറല്‍ ഇലക്ട്രിക്, വെസ്റ്റിങ്ങ് ഹൗസ്, ജപ്പാന്‍ കമ്പനികളായ മിത്‌സുബിഷി, ഹിറ്റാച്ചി, ഫ്രഞ്ച് കമ്പനിയായ അറീവ, പിന്നെ കൂടംകുളം നിലയം നല്‍കിയ റഷ്യന്‍ കമ്പനി ഇവരില്‍ നിന്നും കുട്ടിനിലയങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടു. പക്ഷേ ഏഴ് വര്‍ഷമായിട്ടും ഇക്കാര്യത്തില്‍ ഒരിഞ്ചുപോലും മുന്നോട്ട് പോകാന്‍ ഇവര്‍ക്കായില്ല. കരാറൊക്കെ ഒപ്പിട്ടു, അതില്‍ ഇന്ത്യക്കാരെ രാഷ്ട്രീയമായി പോലും നിയന്ത്രിക്കുന്ന, ഇറാനെതിരെ നിലപാടെടുക്കണമെന്നുള്ള വ്യവസ്ഥ വരെ അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറായി. വിദേശ കമ്പനികള്‍ പറയുന്ന വില നല്‍കി നിലയങ്ങള്‍ വാങ്ങാമെന്ന കരാറില്‍ ഒപ്പിട്ടു. ലക്ഷക്കണക്കിന് കോടി രൂപയുടെ ഇടപാടാണെങ്കിലും ആണവ നിലയം എന്ന മറവില്‍ ഇതിന്റെ തട്ടിപ്പും അഴിമതിയും പുറത്തുവരാനും സാധ്യതയില്ല. ഇതൊക്കെ യായിട്ടും കാര്യങ്ങള്‍ സുഗമമായി മുന്നോട്ട് പോകുന്നതിന് ഒരു പ്രധാന തടസ്സമുണ്ടായിരുന്നു. 2008 കരാറിനെ തുടര്‍ന്ന് ഗൗരവതരമായ ഒരു പ്രശ്‌നം ഉയര്‍ന്നുവന്നു. ഏറെ സങ്കീര്‍ണമായ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് ആണവ നിലയങ്ങള്‍. ഈ നിലയങ്ങളുടെ രൂപകല്‍പനയിലോ നിര്‍മാണത്തിലോ തകരാറുണ്ടായാല്‍ അത് വലിയ അപകടത്തിലേക്ക് നയിക്കും. വിദേശ കമ്പനികള്‍ രൂപകല്‍പന ചെയ്ത് നിര്‍മിക്കുന്ന നിലയങ്ങള്‍ ഈ നാട്ടില്‍ സ്ഥാപിക്കുമ്പോള്‍ അവക്കു തകരാറുണ്ടെങ്കില്‍, ആ തകരാറു കൊണ്ട് അപകടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം ആ കമ്പനികള്‍ക്കാണെന്ന പ്രാഥമിക തത്വം ആര്‍ക്കും ബോധ്യമാകും. ജൈനാപൂര്‍, കൊപ്പാന എന്നിവിടങ്ങളില്‍ സ്ഥാപിക്കാന്‍ യു എസ് കമ്പനികള്‍ നല്‍കുന്ന നിലയങ്ങള്‍ ഇതുവരെ ലോകത്തിലെവിടെയും പ്രവര്‍ത്തിച്ചു പരിചയമില്ലാത്ത ഒന്നാണ്. 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒന്നാന്തരം നിലയങ്ങള്‍ ഇന്ത്യയിലും പ്രവര്‍ത്തിച്ചിട്ടില്ല. ഇത്തരം പുത്തന്‍ നിലയങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനത്തില്‍ തന്നെ ഏറെ കാലതാമസമുണ്ടാകും, നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ ചെലവെടുക്കും. അപകടസാധ്യതയും കൂടും. അത്തരം സാഹചര്യത്തില്‍ ഈ നിലയങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ നഷ്ടപരിഹാരം നല്‍കുമെന്ന ഉറപ്പ് പാലിക്കേണ്ടതില്ലല്ലോ.
ഇതിന് വേണ്ടിയാണ് 2010ല്‍ ഇന്ത്യയിലെ പാര്‍ലിമെന്റ് സിവില്‍ ആണവ ബാധ്യതാ നിയമം ഉണ്ടാക്കിയത്. ഇതുതന്നെ നമ്മുടെ സര്‍ക്കാറുകളുടെ സ്വഭാവം വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ഒരപകടം നിര്‍മാണ കമ്പനികളുടെ ഭാഗത്തു നിന്നുണ്ടായാല്‍ ആ അപകടത്തിന് കമ്പനി നല്‍കേണ്ട പരമാവധി നഷ്ടപരിഹാരം 1500 കോടി രൂപ മാത്രം. ഒരു രാജ്യവും നഷ്ടപരിഹാരത്തിന് പരമാവധി തുക വെക്കാറില്ല. ഭോപാലടക്കമുള്ള ദുരന്തങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ഭോപാല്‍ കേസില്‍ സുപ്രീം കോടതി തന്നെ രൂപപ്പെടുത്തിയ തത്വമാണ് കേവല ബാധ്യത എന്നത്. ഒരു വ്യാവസായികാപകടമുണ്ടായാല്‍ അതിന്റെ പ്രാഥമികവും കേവലവും നിര്‍ബന്ധിതവുമായ ബാധ്യത കമ്പനിക്കാണ് എന്നാണ് ആ വിധിക്കര്‍ഥം. ഈ തത്വം കാറ്റില്‍ പറത്തിക്കൊണ്ട്, നമുക്കെത്ര നഷ്ടങ്ങളുണ്ടായാലും വിദേശ കമ്പനികള്‍ നല്‍കുന്ന തുക പരമാവധി 1500 കോടി രൂപയായിരിക്കും.

ഇവിടെ പ്രിയപ്പെട്ട വായനക്കാര്‍ക്കൊരു സംശയം തോന്നാം. 1500 കോടി രൂപ ഒരു നല്ല തുകയല്ലേ? ഒരപകടം പറ്റിയാല്‍ ഇതിലേറെയൊക്കെ നഷ്ടപരിഹാരം നാം ചോദിക്കുന്നത് ശരിയാണോ എന്നതാവും സംശയം. ഇതിനായി മറ്റൊരു കണക്കു പറയാം. ഒരു ആണവനിലയത്തിന് ഏതാണ്ട് 60000 കോടി രൂപ നല്‍കിയാണ് നാം വാങ്ങുന്നത്. ഇത്തരത്തില്‍ അഞ്ച് നിലയങ്ങള്‍ വാങ്ങുമ്പോള്‍ വിദേശ കമ്പനികള്‍ക്ക് കിട്ടുന്നത് മൂന്ന് ലക്ഷം കോടി രൂപ. ഒരു നിലയത്തിന് അപകടമുണ്ടായാല്‍ നല്‍കേണ്ടിവരുന്നത് അതിന്റെ വിലയുടെ 2.5 ശതമാനം മാത്രം. അതായത് 1500 കോടി രൂപ ഒരു ചെറിയ തുകയല്ലേ. (ഇന്നാട്ടിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമുഖര്‍ക്ക് ഇത് ചെറിയ തുകയല്ലേ, അവരുടെ അഴിമതി കണക്കില്‍ തന്നെ). ഇതിനേക്കാള്‍ വിചിത്രമായ മറ്റൊരു കണക്കുണ്ട്. ഏറ്റവുമൊടുവില്‍ നടന്ന ആണവദുരന്തം ജപ്പാനിലെ ഫുക്കുഷിമയിലേതാണ്. അന്നാട്ടിലെ കുറഞ്ഞ ജനസാന്ദ്രത മൂലം കുടിയൊഴുപ്പിക്കേണ്ടി വന്നത് കേവലം 1,00,000 പേരെ മാത്രം. അപകടം മൂലം മലിനമായ പ്രദേശങ്ങള്‍ വൃത്തിയാക്കാന്‍ ഇതുവരെ കണക്കാക്കിയിരിക്കുന്ന ചെലവ് വെറും 2000 കോടി ഡോളര്‍ (അതായത് 1,20,000 കോടി രൂപ). ഇതിനു പുറമെ പുനരധിവാസം തുടങ്ങിയ നിരവധി കടമ്പകള്‍ കൂടിയാകുമ്പോള്‍ ഈ ചെലവ് പിന്നേയും കൂടും. അന്നാട്ടില്‍ ആണവ ബാധ്യതാ നിയമം ഇല്ലാത്തതിനാല്‍ അമേരിക്കന്‍ കമ്പനി നിര്‍മിച്ച (ജി ഇ) ആ നിലയത്തിന്റെ തകരാറുമൂലമുണ്ടാകുന്ന നഷ്ടം മുഴുവന്‍ ജപ്പാനിലെ സര്‍ക്കാര്‍ വഹിക്കണം. (ഇന്ത്യയിലേതു പോലൊരു ആണവബാധ്യതാ നിയമം ഉണ്ടായാല്‍ കിട്ടുക കേവലം 1500 കോടി-യഥാര്‍ഥ ആവശ്യത്തിന്റെ ഒന്നേകാല്‍ ശതമാനം!) ഇന്ത്യയില്‍ പുതിയ ആണവ നിലയങ്ങള്‍ ഇനി സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് കൂടംകുളത്തും ജൈകാപൂരും (മഹാരാഷ്ട്ര), കൊവ്വാധയിലും (ആന്ധ്ര) സമരം നടത്തുന്നവര്‍ക്കെതിരെ ഇന്നാട്ടിലെ കോര്‍പറേറ്റ് ലോബിക്കാര്‍ പറയുന്നത്, നിങ്ങള്‍ പുതിയ സാങ്കേതികവിദ്യ അറിയാത്തതിനാല്‍ ഇങ്ങനെ പറയുന്നതാണെന്നാണ്. സാങ്കേതികവിദ്യ സംബന്ധിച്ച അറിവും അതിലെ വിശ്വാസവും ജപ്പാന്‍കാര്‍ക്കുള്ളിടത്തോളം മറ്റാര്‍ക്കെങ്കിലുമുണ്ടെന്ന് പറയാനാകില്ല. അവര്‍ ആണവ നിലയങ്ങളെല്ലാം അടച്ചിട്ടുവെങ്കില്‍, നാല് വര്‍ഷത്തിലേറെയായി അവയൊന്നും തുറക്കുന്നില്ലെങ്കില്‍ എന്താണതിന് കാരണം. വളരെ ലളിതമായ കാരണം. ഇത്തരമൊരപകടമുണ്ടായാല്‍ അതിനു നല്‍കേണ്ടിവരുന്ന നഷ്ടം, മൊത്തം ആണവ നിലയങ്ങള്‍ക്ക് മുടക്കിയതിനേക്കാള്‍ അധികമാകും! ഇത്തരം ഒരു റിസ്‌ക്കെടുക്കുന്നത് ബുദ്ധിയല്ലെന്ന് ജപ്പാനീസ് ജനത മനസ്സിലാക്കുന്നു.
എന്നാല്‍ മേല്‍പ്പറഞ്ഞ 1500 കോടി രൂപയുടെ ബാധ്യത പോലും പേറാന്‍ തങ്ങള്‍ തയ്യാറല്ലെന്നാണ് നിലയ നിര്‍മാണ കമ്പനികള്‍ പറയുന്നത്. “ഞങ്ങള്‍ പണം വാങ്ങി നിലയം നല്‍കിയാല്‍ ഞങ്ങളുടെ ബാധ്യത തീര്‍ന്നു. അതു പ്രവര്‍ത്തിപ്പിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനാണ് എല്ലാ ബാധ്യതയും”. ഇക്കാര്യത്തില്‍ തീരുമാനമാകാതിരുന്നതിനാല്‍ “കാര്യങ്ങള്‍” മുന്നോട്ട് പോയില്ല. ഇന്ത്യയിലെ അമേരിക്കന്‍ പക്ഷപാതികളും നിലയം വഴി കമ്മീഷന്‍ കിട്ടുന്ന നേതാക്കളും ഉദ്യോഗസ്ഥരും അക്ഷമരായി. വേറെവിടെയും വില്‍ക്കാന്‍ കഴിയാത്ത നിലയങ്ങള്‍ വില്‍ക്കാന്‍ ഒരുക്കിയ അവസരം ഉപയോഗിക്കാന്‍ കഴിയാത്തതില്‍ ആ കോര്‍പറേറ്റുകളും ആശങ്കയിലായി. നിലയം നിര്‍മിക്കുന്നവര്‍ക്ക് ഉറപ്പില്ലെങ്കിലും “ഒരപകടവും ഉണ്ടാകില്ലെ”ന്ന് അമേരിക്കക്കു വേണ്ടി സാക്ഷ്യം പറയാന്‍ നമ്മുടെ നാട്ടിലെ വിദഗ്ധരുണ്ടായി. ഒടുവിലിതാ ആ പ്രതിസന്ധി മറികടന്നിരിക്കുന്നു എന്ന പ്രഖ്യാപനം ഒബാമ സന്ദര്‍ശനത്തോടെയുണ്ടായി.
ഏറെ വിവാദങ്ങള്‍ ഉണ്ടായപ്പോഴാണ് ഇതുസംബന്ധിച്ച ചില വിവരങ്ങള്‍ വിദേശകാര്യ വകുപ്പ് പുറത്തുവിട്ടത്. ചോദ്യോത്തര രൂപത്തിലാണ് വിശദീകരണം. എങ്ങനെയൊക്കെ വിശദീകരിച്ചാലും ഒത്തുതീര്‍പ്പ് ഒന്നു തന്നെ. നിര്‍മാണ കമ്പനികളുടെ തകരാറുകൊണ്ട് അപകടമുണ്ടായാലും അവര്‍ക്ക് ബാധ്യത വേണമെന്ന നിയമത്തിലെ 17(ബി) വകുപ്പിനെ മറികടക്കുന്നു. പകരം ആ വ്യവസ്ഥ “നിര്‍ബന്ധമില്ലാത്ത” ഒന്നാക്കി മാറ്റുന്നു. ഈ അപകടത്തിന്റെ ബാധ്യത ഇന്ത്യയിലെ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കും ഇന്ത്യയിലെ സര്‍ക്കാറിനുമാക്കുന്നു. ചുരുക്കത്തില്‍ അതിന്റെ ബാധ്യത ഇന്ത്യന്‍ ജനതയുടെ ചുമലിലാകുന്നു. പാര്‍ലിമെന്റ് പാസാക്കിയ നിയമം ദുര്‍ബലപ്പെട്ടിരിക്കുന്നു.
ഇത്തരമൊരു ഒത്തുതീര്‍പ്പ് നിര്‍ദേശം 2013ല്‍ യു പി എ ഭരണകാലത്തുയര്‍ന്ന് വന്നിരുന്നു. അതിനെതിരെ പ്രതിപക്ഷ നേതാവായിരുന്ന (ഇന്നത്തെ മന്ത്രി) അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞ വാക്കുകള്‍- എഴുതിയ ലേഖനത്തിലെ വരികള്‍- നമുക്ക് വായിക്കാം: “നിലയ നിര്‍മാണ കമ്പനികളുടെ ബാധ്യതയില്‍ വെള്ളം ചേര്‍ക്കുന്നതിനെതിരെ”…. “ഒരു പൊതുമേഖലാ സ്ഥാപനം ഒരു വിദേശ നിര്‍മാണ കമ്പനിയില്‍ നിന്നും ഉപകരണങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിടുകയും 17 (ബി) വകുപ്പ് അനുസരിച്ച് അവര്‍ക്കെതിരെ കേസ് നടത്താനുള്ള അവകാശം ഉപേക്ഷിക്കുകയും ചെയ്താല്‍ അത് ആണവ ബാധ്യതാ നിയമത്തിന്റെ ലംഘനമാകുമെന്ന് മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങളുടെ വരുമാനം നഷ്ടപ്പെടുത്തുന്നതിനെതിരായ അഴിമതി നിരോധന നിയമത്തിന്റെ 13(1) (ഡി) വകുപ്പിന്റെ കൂടി ലംഘനമാകുന്നു….
അതെ മിസ്റ്റര്‍ ജെയ്റ്റ്‌ലി, താങ്കള്‍ ധനമന്ത്രിയായ സര്‍ക്കാര്‍ ഈ രണ്ട് നിയമങ്ങളും ലംഘിച്ചിരിക്കുന്നു. ഇന്ത്യന്‍ ജനതയുടെ ജീവനും മണ്ണും അപകടപ്പെടുത്തിക്കൊണ്ട് തങ്ങളുടെ കമ്മീഷന്‍ ഉറപ്പിക്കുന്ന നയതന്ത്രം ഗംഭീരം. എന്തായാലും ഒബാമക്ക് സന്തോഷമായല്ലോ… അതുമതി. പക്ഷേ, ഇതിനെയും “വികസന”മെന്നാണല്ലോ വിളിക്കുക!

Latest