കൊക്കൈന്‍ കേസില്‍ അട്ടിമറി

Posted on: February 15, 2015 4:39 am | Last updated: February 14, 2015 at 11:18 pm

കോളിളക്കം സൃഷ്ടിച്ച കൊച്ചി കൊക്കൈ ന്‍ കേസ് അന്വേഷിക്കുന്ന ഡി സി പി നിശാന്തിനിയെ അപ്രതീക്ഷിതമായി സ്ഥലം മാറ്റിയിരിക്കയാണ്. ഇതോടെ ഈ കേസിന് മണിച്ചെയിന്‍ തട്ടിപ്പ് കേസിന്റെയും കോഴിക്കോട്ടെ ഗുണ്ടാ ആക്രമണ കേസിന്റെയും മറ്റും ഗതി വരുമെന്നുറപ്പായി. പ്രസ്തുത കേസുകളില്‍ ചില ഉന്നതര്‍ പ്രതിപ്പട്ടികയില്‍ വരുമെന്ന ഘട്ടമെത്തിയതോടെ, രാഷ്ട്രീയക്കാര്‍ ഇടപെട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി അന്വഷണം ദുര്‍ബലമാക്കുകയാണുണ്ടായത്. മണിച്ചെയിന്‍ ഇടപാടുകളില്‍ ജനങ്ങള്‍ വഞ്ചിക്കപ്പെടുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ആംവേ, ആര്‍ എം പി പോലുള്ള കമ്പനികള്‍ക്കെതിരെ അന്വേഷണം സജീവമാകുകയും സ്ഥാപന മേധാവികളില്‍ ചിലര്‍ വലയിലാവുകയും ചെയ്തിരുന്നു. ഇതോടെ കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടാകുകയും തട്ടിപ്പു കമ്പനികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചിരുന്ന വയനാട് ജില്ലാ പോലീസ് ചീഫ് ജെ ജയനാഥിനെയും തൃശൂര്‍ റൂറല്‍ എസ്പി ദേബേഷ്‌കുമാര്‍ ബെഹ്‌റയെയും ക്രമസമാധാന പാലനത്തിന്റെ ചുമതലയില്‍ നിന്നുതന്നെ ഒഴിവാക്കി അന്വേഷണം വഴിമുട്ടിക്കുകയുമുണ്ടായി. കാമുകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനായി കഴിഞ്ഞ നവംബറില്‍ കോഴിക്കോട് നഗരമധ്യത്തില്‍ ആക്രമണം അഴിച്ചു വിട്ട ക്വട്ടേഷന്‍ സംഘത്തെ സമര്‍ഥമായി പിടികൂടിയ സി ഐ. ബാബു പെരിങ്ങത്തിന് തൊട്ടടുത്ത ദിവസം സ്ഥലം മാറ്റം കിട്ടി. പിടിയിലായവരില്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ഉള്‍പ്പെട്ടതായിരുന്നുവത്രെ ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിലൂടെ അന്വേഷണം അട്ടിമറിക്കാന്‍ കാരണം. സോളാര്‍ തട്ടിപ്പ് കേസിലുമുണ്ടായി ഇത്തരം ഇടപെടല്‍. സംസ്ഥാനത്താകെ രജിസ്റ്റര്‍ ചെയ്ത 34 കേസുകളില്‍ അന്വേഷണം അഞ്ചില്‍ മാത്രമായി ചുരുങ്ങിയത് രാഷ്ട്രീയ സമ്മര്‍ദം മൂലമായിരുന്നു. അവശേഷിക്കുന്ന കേസുകളില്‍ കൂടി അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫംഗം ജോപ്പനും ശാലു മേനോനുമപ്പുറം പ്രതിപ്പട്ടികയിലെ പ്രമുഖരുടെ എണ്ണം പിന്നെയും കൂടുമെന്നറിയാവുന്നത് കൊണ്ടായിരുന്നു ഇത്.
കൊക്കൈന്‍ കേസില്‍ അന്വേഷണം സിനിമാ രംഗത്തെ ചില പ്രമുഖരിലേക്ക് നീണ്ടതോടെയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ നിശാന്തിനിക്ക് പെട്ടെന്ന് സ്ഥലം മാറ്റ ഉത്തരവ് വന്നത.് കൊച്ചിയിലെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച പോലീസ് ഓഫീസറായിരുന്നു നിശാന്തിനി. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഡ്രീമിലെയും, ആഡംബര നൗകയിലെയും മയക്കുമരുന്നുവേട്ട നിശാന്തിനിയുടെ നേതൃത്വത്തിലായിരുന്നു. കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയുടെയും അവരുമായി ബന്ധമുള്ള രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും കണ്ണിലെ കരടായിരുന്നു അവര്‍. ഒരു ന്യൂജനറേഷന്‍ സിനിമാ നിര്‍മാതാവിന് മയക്കു മരുന്ന് കടത്തില്‍ പങ്കുള്ളതായും, നഗരത്തിലെ പല പ്രമുഖരുടെ മക്കള്‍ മയക്കുമരുന്നു മാഫിയയുടെ പിടിയിലകപ്പെട്ടതായും കൊക്കൈന്‍ കേസില്‍ പിടിയിലാവരില്‍ നിന്ന് വിവരം ലഭിച്ചിരുന്നുവത്രെ. അന്വേഷണം ഊര്‍ജിതമായാല്‍ ഇവരെല്ലാം നിയമ നടപടി നേരിടേണ്ടി വരുമെന്നതിനാല്‍ കടവത്ര റിസോര്‍ട്ടില്‍ നിന്ന് പിടിയിലായ നടന്‍ ഷൈന്‍ ടോം ചാക്കോയിലും യുവതികളിലും അന്വേഷണം ഒതുക്കാനുള്ള ശക്തമായ കരുനീക്കങ്ങളാണ് ചില രാഷ്ട്രീയ നേതാക്കള്‍ നടത്തിവരുന്നത്. നിശാന്തിനി ഈ നീക്കത്തോട് അതൃപ്തി പ്രകടിപ്പിച്ചതാണ് സ്ഥലം മാറ്റത്തിന് കാരണമെന്നാണ് വിവരം. ഉദ്യോഗസ്ഥ മേഖലയില്‍ ആത്മാര്‍ഥതയും അര്‍പ്പണബോധവുള്ളവരുടെ എണ്ണം ഇന്ന് തുലോം കുറവാണ്. ആരെങ്കിലും കൃത്യനിര്‍വഹണത്തില്‍ സത്യസന്ധതയും നിഷ്ഠയും പ്രകടിപ്പിക്കാന്‍ സന്നദ്ധരാകുമ്പോള്‍ രാഷ്ടീയ സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി അതിന് വിഘ്‌നം സൃഷ്ടിക്കുന്നത് അവരുടെ മനോവീര്യം കൂടി നനഷ്ടമാക്കുകയും ക്രമസമാധാന രംഗം കൂടുതല്‍ വഷളാകാന്‍ ഇടയാക്കുകയും ചെയ്യും.
സംസ്ഥാനത്ത് ഈയിടെയായി മയക്കു മരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിച്ചു വരികയാണ്. പ്രത്യേകിച്ചും കൊച്ചി പോലെയുള്ള പ്രമുഖ നഗരങ്ങളിലും പരിസര പ്രദേശങ്ങളിലും. മയക്കു മരുന്ന് കേസുകളില്‍ പോലീസ് അന്വേഷണം സാധാരണ ഗതിയില്‍ അധോലോക സംഘങ്ങളിലും, ക്രിമിനലുകളിലും കേന്ദ്രീകരിക്കാറാണ് പതിവ്. ഇതിനപ്പുറം സമൂഹത്തില്‍ മാന്യന്മാരായി വിലസുന്ന പല ഉന്നതരും മയക്കുമരുന്ന് കടത്തിന്റെയും വിതരണത്തിന്റെയും ആളുകളാണെന്ന ഞെട്ടിക്കുന്ന വിവരമാണ് കൊക്കൈന്‍ കേസോടെ പുറത്തുവന്നത്. ഇത്തരക്കാരെ കൂടി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നെങ്കില്‍ മാത്രമേ ഈ മാരകവിപത്തിന്റെ പിടിയില്‍ നിന്ന് യുവതലമുറയെ രക്ഷപ്പെടുത്താനുള്ള ശ്രമം ഫലവത്താകുകയുള്ളൂ. അന്വേഷണവും നിയമനടപടിയും ചില പരല്‍മീനുകളില്‍ ഒതുക്കുകയും ഉന്നതരെ വളഞ്ഞ മാര്‍ഗേണ രക്ഷപ്പെടുത്തുകയും ചെയ്യുന്നത് സമൂഹത്തോട്, വിശിഷ്യാ യുവതലമുറയോട് ചെയ്യുന്ന കടുത്ത അപരാധമാണ്.